ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ മൊഹ്സിന് നഖ്‌വിക്ക് ഇ-മെയില്‍ അയച്ച് ബിസിസിഐ; മറുപടി ലഭിച്ചില്ലെങ്കില്‍ ഐസിസിയെ സമീപിക്കും

Update: 2025-10-21 10:27 GMT

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ട്രോഫി കൈമാറണം എന്നാവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വിക്ക് ബി.സി.സി.ഐ ഇ-മെയിൽ അയച്ചു. നഖ്‌വിയുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) ഔദ്യോഗികമായി സമീപിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രോഫി കൈമാറാത്ത സംഭവത്തിൽ പടിപടിയായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

നേരത്തെ, പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് കിരീടം നേടിയതിനുശേഷവും ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഇന്ത്യയ്ക്കെതിരെ നടത്തിയ പരാമർശങ്ങളായിരുന്നു ഇതിന് കാരണം. മറ്റൊരു വ്യക്തിയിൽ നിന്ന് ട്രോഫി സ്വീകരിക്കാമെന്ന് ഇന്ത്യൻ ടീം അറിയിച്ചെങ്കിലും, നഖ്‌വി ട്രോഫി കൈമാറാതെ സ്റ്റേഡിയം വിടുകയായിരുന്നു.

ഏഷ്യാ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടും നഖ്‌വി ഇതിന് തയ്യാറായില്ല. ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാൽ താൻ തന്നെയായിരിക്കും ട്രോഫി നൽകുകയെന്നും നഖ്‌വി അറിയിച്ചെങ്കിലും ബി.സി.സി.ഐ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷം, ട്രോഫി എ.സി.സിയുടെ ദുബായ് ആസ്ഥാനത്ത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും, തന്റെ അനുമതിയില്ലാതെ ആർക്കും കൈമാറരുതെന്നും നഖ്‌വി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.

ട്രോഫി വിതരണം നടക്കാതെ പോയതിനാൽ, കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ ഏഷ്യാ കപ്പ് നേട്ടം ആഘോഷിച്ചത്. ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 146 റൺസിന് ഓൾ ഔട്ടായപ്പോൾ, 147 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ, സഞ്ജു സാംസണും തിലക് വർമ്മയും ചേർന്നുള്ള അർധസെഞ്ച്വറി കൂട്ടുകെട്ടും പിന്നീട് തിലക് വർമ്മയും ശിവം ദുബെയും ചേർന്നുള്ള കൂട്ടുകെട്ടും ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

Tags:    

Similar News