രണ്ട് ഫോർ അടിച്ചില്ലേ, സഞ്ജുവിന് സ്ട്രൈക്ക് നൽകണമായിരുന്നു; അഭിഷേകിന്റെ ബാറ്റിംഗ് അവിവേകമെന്ന് അശ്വിൻ; സമ്മർദ്ദം നൽകി താരത്തെ തകർക്കരുത്; ഗംഭീറിനും സൂര്യക്കും ഉപദേശവുമായി താരം

Update: 2026-03-06 16:26 GMT

ചെന്നൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിൽ പരാജയപ്പെട്ട യുവതാരം അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് ആർ. അശ്വിൻ. വിൽ ജാക്സ് എറിഞ്ഞ രണ്ടാം ഓവറിൽ വെറും 9 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഫൈനൽ മത്സരത്തിൽ നിന്ന് അഭിഷേകിനെ ഒഴിവാക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ടീം മാനേജ്‌മെന്റ് താരത്തെ പഠിപ്പിക്കണമെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ 'അശ് കി ബാത്തിലൂടെയാണ്' അശ്വിൻ നിലപാട് വ്യക്തമാക്കിയത്.

"അഭിഷേക് ശർമ എക്സ് ഫാക്റ്ററാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരം മികച്ച ഫോമിലായിരുന്നു. മുൻപ് മിച്ചൽ സാന്റ്‌നർക്കും മാറ്റ് ഹെൻറിക്കുമെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിഷേകിന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കകളൊന്നുമില്ല. എങ്കിലും അദ്ദേഹത്തോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. 'നിനക്കെതിരെ അവർക്കൊരു പ്ലാനുണ്ട്, അതുകൊണ്ട് പന്ത് ബലം പ്രയോഗിച്ച് അടിക്കാൻ ശ്രമിക്കരുത്' എന്ന് ഞാൻ അവനോട് പറയും,"- അശ്വിൻ പറഞ്ഞു.

"അഭിഷേകിനെ ടീമിൽ നിന്ന് മാറ്റണം എന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ വിവേകത്തോടെ ബാറ്റ് ചെയ്യണം എന്ന കാര്യത്തിൽ താരത്തിന് കൃത്യമായ ധാരണ നൽകേണ്ടതുണ്ട്," അശ്വിൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഭിഷേക് ശർമ പുറത്തായ രീതിയെ രവിചന്ദ്രൻ അശ്വിൻ വിമർശിച്ചു. വിൽ ജാക്സ് എറിഞ്ഞ ഓവറിൽ രണ്ട് ബൗണ്ടറികൾ നേടിയ സാഹചര്യത്തിൽ ആ ഓവറിൽ തന്നെ വീണ്ടും താരത്തെ ആക്രമിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ആ പന്തിൽ സിംഗിൾ എടുത്ത് മികച്ച ഫോമിലുള്ള സഞ്ജു സാംസണ് സ്ട്രൈക്ക് കൈമാറണമായിരുന്നു എന്നാണ് അശ്വിന്റെ അഭിപ്രായം.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ തീർത്തും അവിവേകമായ ബാറ്റിങ്ങാണ് അഭിഷേക് ശർമ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയുടെ വലിയൊരു ആരാധകനാണ് ഞാൻ. വിൽ ജാക്സിനെതിരെ ആ ഓവറിൽ ഇതിനോടകം എട്ട് റൺസ് നേടിക്കഴിഞ്ഞിരുന്നു. എന്നാൽ ആ ഒരൊറ്റ ഓവറിൽ 30 റൺസ് അടിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. ചില സമയങ്ങളിൽ പന്തുകൾ വെറുതെ വിടാൻ ശീലിക്കണം. മറുഭാഗത്ത് സഞ്ജു സാംസൺ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറുകയാണ് ചെയ്യേണ്ടത്." അശ്വിൻ കൂട്ടിച്ചേർത്തു.

അഭിഷേകിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും അശ്വിൻ ആവശ്യപ്പെട്ടു. "അഭിഷേക് അസാമാന്യ പ്രതിഭയുള്ള താരമാണ്. പക്ഷേ അവനുമായി എന്ത് രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത് എന്ന് എനിക്ക് അറിയണം. അവൻ വല്ലാത്ത സമ്മർദ്ദത്തിന് അടിപ്പെടുന്നുണ്ടോ? കൂടുതൽ സമ്മർദ്ദം നൽകിയാൽ പന്ത് കൂടുതൽ ശക്തിയായി അടിച്ചു പറത്താനായിരിക്കും അവൻ ശ്രമിക്കുക. ടൈമിംഗിനെ ആശ്രയിച്ച് കളിക്കുന്ന മനോഹരമായ ശൈലിയാണ് അവന്റേത്. അവനെ സമാധാനമായി കളിക്കാൻ അനുവദിക്കണം. ഞാനാണെങ്കിൽ അവനെ ടീമിൽ തന്നെ നിലനിർത്തും," അശ്വിൻ വ്യക്തമാക്കി.

Tags:    

Similar News