ക്രീസിൽ ഇംഗ്ലണ്ടിനെ തലങ്ങും വിലങ്ങും തല്ലി സഞ്ജു; ഗാലറിയിൽ തുള്ളിച്ചാടി അപരൻ; താടിയും ലുക്കും കണ്ടാൽ ആരും ഒന്ന് ഞെട്ടും; വൈറലായി വീഡിയോ

Update: 2026-03-06 13:10 GMT

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിൽ ആരാധകർ അമ്പരന്നത് മറ്റൊരു കാഴ്ച കണ്ടാണ്. ക്രീസിൽ ബാറ്റിംഗ് വെടിക്കെട്ടുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ, ഗാലറിയിൽ സഞ്ജുവിനെ അമ്പരപ്പിക്കുന്ന വിധം സാമ്യമുള്ള ഒരാൾ! സഞ്ജു വിക്കറ്റ് തെറിപ്പിച്ച ആവേശത്തിൽ തുള്ളിച്ചാടുന്ന ഈ 'അപരന്റെ' ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.

നേരത്തെ വിരാട് കോഹ്‌ലിയുടെയും ധോണിയുടെയും അപരന്മാരെ സ്റ്റേഡിയത്തിൽ കണ്ടിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ ഒരു അപരനെ ആരാധകർ കാണുന്നത് ഇതാദ്യമാണ്. സഞ്ജുവിനെപ്പോലെ തന്നെ താടിയും മുഖച്ഛായയുമുള്ള ഈ ആരാധകൻ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതോടെ ആരാധകരും ആവേശത്തിലായി.

ഗാലറിയിൽ അപരൻ താരമായെങ്കിൽ മൈതാനത്ത് കളിയിലെ താരം സഞ്ജു സാംസൺ തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ നട്ടെല്ലായത് സഞ്ജുവിന്റെ ഇന്നിംഗ്‌സാണ്. 42 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന് നേരിയ വ്യത്യാസത്തിലാണ് സെഞ്ചുറി നഷ്ടമായത്. എങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 30 റൺസ് വേണമെന്നിരിക്കെ ശിവം ദുബെയുടെ പന്തിൽ രണ്ടാം റണ്ണിനായി ഓടിയ ജേക്കബ് ബെഥേലിനെ സഞ്ജു സമയോചിതമായി റണ്ണൗട്ടാക്കിയതോടെയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഹാർദിക് പാണ്ഡ്യയുടെ ത്രോ അല്പം വൈഡായിരുന്നിട്ടും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പന്ത് പിടിച്ചെടുത്ത് സഞ്ജു സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലൻഡ് പരമ്പരയിലെ മോശം ഫോം സഞ്ജുവിന്റെ സ്ഥാനം തെറിപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരെ മാത്രമാണ് അവസരം ലഭിച്ചത്. എന്നാൽ സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ടീമിൽ തിരിച്ചെത്തിയ സഞ്ജുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും (97*) നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്.

Tags:    

Similar News