'ഫൈനലിൽ ഓപ്പണറെ മാറ്റണം, പകരക്കാരനായി ആ താരം വരണം'; ഗംഭീറിനോടും സൂര്യയോടും ആവശ്യപ്പെട്ട് മുഹമ്മദ് കൈഫ്; സഞ്ജുവുമായി അഭിഷേകിനെ താരതമ്യം ചെയ്യേണ്ടെന്നും മുൻ താരം
ഡൽഹി: ഫോമിലല്ലാത്ത ഓപ്പണർ അഭിഷേക് ശർമ്മയെ ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അഭിഷേകിന് പകരം ഫിനിഷർ റിങ്കു സിംഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ നിർദ്ദേശം. കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ഈ ആവശ്യം ഉന്നയിച്ചത്.
ടൂർണമെന്റിലുടനീളം നിരാശാജനകമായ പ്രകടനമാണ് അഭിഷേക് കാഴ്ചവെക്കുന്നതെന്ന് കൈഫ് നിരീക്ഷിക്കുന്നു. പവർപ്ലേയിൽ സ്പിന്നർമാരെ ഉപയോഗിച്ച് അഭിഷേകിനെ വീഴ്ത്തുക എന്ന തന്ത്രം എതിർ ടീമുകൾ വിജയകരമായി നടപ്പിലാക്കുന്നു. ടൂർണമെന്റിൽ നാല് തവണയാണ് താരം സ്പിന്നർമാർക്ക് വിക്കറ്റ് നൽകിയത്. ലോകകപ്പിന് തൊട്ടുമുമ്പ് വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. ശരീരഭാരം കുറഞ്ഞത് ബാറ്റ് സ്വിംഗിന്റെ വേഗത കുറച്ചെന്നും ഇത് ആത്മവിശ്വാസത്തെയും ഫീൽഡിംഗിനെയും ബാധിച്ചതായും കൈഫ് പറയുന്നു.
"അഭിഷേകിന് ഒരു ഇടവേള നൽകുന്നതിൽ തെറ്റില്ല. പകരം റിങ്കു സിംഗിനെപ്പോലെയുള്ള ഒരു കഴിവ് തെളിയിച്ച താരത്തെ ടീമിലെത്തിക്കണം. ഐപിഎല്ലിലും രഞ്ജി ട്രോഫിയിലുമെല്ലാം റൺസ് അടിച്ചുകൂട്ടുന്ന റിങ്കു പുറത്തിരിക്കുമ്പോഴാണ് മറ്റൊരാൾ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്. സെമിയിൽ സഞ്ജു സാംസണെ കൊണ്ടുവന്ന മാറ്റം ഇന്ത്യക്ക് ഗുണകരമായതുപോലെ ഈ മാറ്റവും ഗുണം ചെയ്യും," കൈഫ് വ്യക്തമാക്കി.
സഞ്ജു സാംസണെയും അഭിഷേകിനെയും ഒരേ തട്ടിൽ അളക്കുന്നത് ശരിയല്ലെന്നും കൈഫ് പറഞ്ഞു. "സഞ്ജു 11 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച, എണ്ണായിരത്തിലധികം ടി20 റൺസുള്ള സീനിയർ താരമാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകളും റൺസുകളും നേടിയവരുടെ പട്ടികയിൽ ആദ്യ പത്തിൽ സഞ്ജു ഉണ്ടാകും. എന്നാൽ അഭിഷേക് ഐസിസി ടൂർണമെന്റുകളുടെ സമ്മർദ്ദം അതിജീവിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ."
വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകൾ കളിച്ച് തുടർച്ചയായി 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരങ്ങൾ നേടിയ സഞ്ജുവിന് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു.
