ബോർഡർ-ഗവാസ്‌കർ ട്രോഫി; ഇന്ത്യയ്ക്ക് പിഴച്ചതെവിടെ ?; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ; രോഹിത് ശർമയുടെ മോശം പ്രകടനത്തിനെതിരെ ആരാധകർ; ക്യാപ്റ്റന്റെ തീരുമാനങ്ങൾ പാളിയതായും വിമർശനം

Update: 2024-12-15 11:48 GMT

ബ്രിസ്‌ബെയ്ൻ: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നിർണായക ടെസ്റ്റ് മത്സരമായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ പിടിമുറുക്കന്നതിനിടെ രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. മൂന്നാം ടെസ്റ്റിന്‍റെ ആദ്യം ദിനം മഴ രസംകൊല്ലിയായെങ്കിലും രണ്ടാംദിനം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ശക്തമായ നിലയിലാണ്. ട്രാവിഡ് ഹെഡ്ഡിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറിയുടെ ബലത്തിൽ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്കാണ് ഓസ്‌ട്രേലിയ കുതിക്കുന്നത്.

ഈ ടെസ്റ്റിലെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മോശം പ്രകടനം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ തന്നെ ബാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. ന്യൂസീലന്ഡിനെതിരെയും ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞിരുന്നു. കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിനും ബാറ്റിംഗ് പ്രകടത്തിനുമെതിരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്.

നിലവിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് കങ്കാരുപ്പടയ്ക്ക് നേടാനായത്. അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ട്രാവിസ് ഹെഡ്ഡ് സെഞ്ച്വറി നേടിയിരുന്നു. 160 പന്തിൽ 18 ഫോറടക്കം 152 റൺസെടുത്താണ് ട്രാവിസ് പുറത്തായത്. 190 പന്തിൽ 101 റൺസെടുത്താണ് സ്മിത്ത് മടങ്ങിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 241 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ജസ്പ്രീത് ബുംറയാണ് ഇരുവരെയും പുറത്താക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ 5 വിക്കറ്റുകളാണ്‌ ജസ്പ്രീത് ബുംറ നേടിയത്.

നേരത്തെ മഴ കാരണം വൈകി ആരംഭിച്ച മത്സരം ആദ്യ ദിനത്തിൽ 13.2 ഓവറുകൾ മാത്രമാണ് നടന്നത്. രണ്ടും മൂന്നും സെഷനുകളിൽ ഒറ്റപ്പന്തും എറിയാനുമായില്ല. ആദ്യദിനത്തിൽ മഴയുണ്ടാകുമെന്ന പ്രവചനമുണ്ടായിരുന്നതിനാൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ മൂടിക്കെട്ടിയ അന്തരീക്ഷം മുതലാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. എന്നാൽ, ഇന്ത്യൻ പേസർമാരെ ഓസീസ് ഓപ്പണർമാർ മഴയെത്തുംവരെ ചെറുത്തുനിന്നു.

അതേസമയം, ടോസ് നേടിയിട്ടും ഫീൽഡിങ് തെരഞ്ഞെടുക്കാനുള്ള രോഹിത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. രോഹിത്തിന്‍റെ തീരുമാനം തെറ്റിയെന്നും ഇന്ത്യ

ബാറ്റിംഗ് തെരഞ്ഞെടുക്കണമായിരുന്നെന്നുമായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ മോശം പ്രകടത്തിന്റെ പേരിൽ ക്യാപ്റ്റൻ രോഹിത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. രോഹിത്തിന്റെ രാജി ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സന്ദേശങ്ങൾ നിറയുന്നത്. രണ്ടാം ടെസ്റ്റിൽ ബാറ്റിംഗിലും താരത്തിന് തിളങ്ങാനായിരുന്നില്ല.

ഈ സ്ഥാനത്തേക്ക് അനുയോജ്യനായ കളിക്കാരനല്ല രോഹിത്തെന്നും ഇക്കാര്യം അംഗീകരിച്ച് ഉടൻ രാജിവെക്കണമെന്നും ഒരു ആരാധകൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു. ‘ഇപ്പോഴും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലെ അജ്ഞതയെ പ്രതിരോധിക്കുകയാണെങ്കിൽ നിങ്ങൾ സ്വയം വിഡ്ഢിയാകുകയാണ്. ഈ ജോലിക്ക് പറ്റിയ ആളല്ല, ഇക്കാര്യം അംഗീകരിച്ച് ഈ മത്സരത്തിന്‍റെ ഫലം നോക്കാതെ തന്നെ ഈ ടെസ്റ്റിന് ശേഷം ഉടൻ അദ്ദേഹം രാജിവെക്കണം’ എന്നായിരുന്നു ആരാധകൻ പറഞ്ഞത്.

‘രോഹിത് ശർമ തുടർച്ചയായ അഞ്ചാം ടെസ്റ്റ് തോൽവി തുറിച്ചുനോക്കുകയാണ്. അദ്ദേഹത്തെ ഇനിയും ക്യാപ്റ്റൻസി സ്ഥാനത്തു നിലനിർത്തണോ എന്ന കാര്യം ഗൗവമായി ചർച്ച ചെയ്യണം. ഇന്ത്യൻ ക്രിക്കറ്റിന്‍റെ നല്ലതിനുവേണ്ടി ഗംഭീറിനെയും പുറത്താക്കണം’ -മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചു. രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ കളിച്ച അവസാന നാലു ടെസ്റ്റുകളും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര സമ്പൂർണമായി അടിയറവെക്കുകയായിരുന്നു.

ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ചിരുന്നത് ബുംറയായിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത്ത് നാട്ടിലായിരുന്നു. ഈ ടെസ്റ്റും കൈവിട്ടാൽ രോഹിത്തിന്‍റെ രാജിക്കായി മുറവിളി ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.

Tags:    

Similar News