രഞ്ജി ട്രോഫി ഫൈനലിനിടെ കൈയാങ്കളി; സ്ലെഡ്ജിങ് അതിരുവിട്ടതോടെ കര്‍ണാടക താരത്തെ തലകൊണ്ട് ഇടിച്ച് ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ പരസ് ദോഗ്ര; മായങ്ക് അഗര്‍വാളുമായി വാക്ക്‌പോര്; ഒന്നാം ഇന്നിംഗ്‌സില്‍ ജമ്മു കശ്മീര്‍ കൂറ്റന്‍ സ്‌കോറില്‍
ഹൂബ്ലി: രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടകയും ജമ്മു കശ്മീരും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനിടെ ഇരുടീമുകളുടെയും താരങ്ങള്‍ തമ്മില്‍ കൈയാങ്കളി. ജമ്മു കശ്മീര്‍ ഇന്നിംഗ്സിലെ 101-ാം ഓവറിലായിരുന്നു നാടകീയ സംഭവം. സ്ലെഡ്ജിങ് അതിരുവിട്ടതോടെ കര്‍ണാടക ഫീല്‍ഡര്‍ കെ.വി അനീഷിനെ ജമ്മു ക്യാപ്റ്റന്‍ പരസ് ദോഗ്ര തലകൊണ്ട് ഇടിക്കുകയായിരുന്നു.
ഓവറിലെ ഒരു പന്തില്‍ ഔട്ട് സൈഡ് എഡ്ജിലൂടെ ദോഗ്രയ്ക്ക് ബൗണ്ടറി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫീല്‍ഡര്‍മാരും ദോഗ്രയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. സ്ലെഡ്ജിങ് അതിരുവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട 41-കാരനായ ദോഗ്ര, ക്ലോസ് ഇന്‍ ഫീല്‍ഡറായ അനീഷിന് നേരെ തിരിയുകയും തലകൊണ്ട് ഇടിക്കുകയുമായിരുന്നു.
സംഭവം വഷളായതോടെ കര്‍ണാടകയുടെ സീനിയര്‍ താരം മായങ്ക് അഗര്‍വാള്‍ ഓടിയെത്തുകയും ദോഗ്രയ്‌ക്കെതിരെ രൂക്ഷമായി സംസാരിക്കുകയും ചെയ്തു. അമ്പയര്‍മാരും മറ്റ് താരങ്ങളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ദോഗ്ര അനീഷിനോട് മാപ്പ് പറഞ്ഞെങ്കിലും താരം അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തിന്റെ ഒന്നാം ദിനം കര്‍ണാടക പേസര്‍ വൈശാഖ് വിജയകുമാറിന്റെ പന്തില്‍ കൈവിരലിന് പരിക്കേറ്റ് 9 റണ്‍സില്‍ നില്‍ക്കെ ദോഗ്ര റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ദിനം ബാറ്റിംഗിന് തിരിച്ചെത്തിയ ദോഗ്ര അര്‍ദ്ധ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ചു. 70 റണ്‍സെടുത്താണ് ദോഗ്ര പുറത്തായത്.
കന്നി രഞ്ജി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിനായി ശുഭം പുന്ദീര്‍(121) സെഞ്ചുറിയും അബ്ദുള്‍ സമദ്(61), യാവര്‍ ഹസന്‍(88), കനയ്യ വാധ്വാന്‍(70ഷ സഹില്‍ ലോത്ര(57*) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികളും നേടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ജമ്മു കശ്മീര്‍ ആറ് വിക്കറ്റ് നഷ്ടക്കില്‍ 527 റണ്‍സെന്ന ശക്തമായ നിലയിലാണ്. 57 റണ്‍സുമായി സഹില്‍ ലോത്രയും 20 റണ്‍സുമായി ആബിദ് മുഷ്താഖുമാണ് ക്രീസില്‍. രഞ്ജി ട്രോഫിയില്‍ ആദ്യയായാണ് ജമ്മു കശ്മീര്‍ ഫൈനലിലെത്തുന്നത്. അതേസമയം, ഒമ്പതാം രഞ്ജി കിരീടമാണ് കര്‍ണാടക ലക്ഷ്യമിടുന്നത്.
