'ബട്ലർ ലോക ക്രിക്കറ്റിലെ പവർഹൗസ്, എല്ലാ വേദികളിലും മികവ് തെളിയിച്ച താരം'; ഫോമിലേക്ക് തിരിച്ചെത്തും; മുൻ നായകന് പിന്തുണയുമായി ഹാരി ബ്രൂക്ക്
കൊളോമ്പോ: ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഇംഗ്ലണ്ടിന്റെ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർക്ക് പിന്തുണയുമായി നായകൻ ഹാരി ബ്രൂക്ക്. ടൂർണമെന്റിൽ ഇതുവരെ 62 റൺസ് മാത്രമാണ് ബട്ലർക്ക് നേടാനായത്. പാകിസ്താനെതിരായ വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുൻ നായകന്റെ ഫോമിനെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, ബട്ലർ ലോക ക്രിക്കറ്റിലെ തന്നെ കരുത്തനായ താരമാണെന്ന് 27-കാരനായ ബ്രൂക്ക് മറുപടി നൽകി.
"ഒരിക്കലുമില്ല, ഞാൻ മുൻപും പലതവണ പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം ലോക ക്രിക്കറ്റിലെ ഒരു പവർഹൗസാണ്. എല്ലാ വേദികളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും ലോകകപ്പുകൾ നേടിയിട്ടുള്ള താരമാണദ്ദേഹം. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുന്നത് വെറും സമയത്തിന്റെ മാത്രം കാര്യമാണ്," ഐസിസി ഉദ്ധരിച്ച റിപ്പോർട്ടിൽ ബ്രൂക്ക് വ്യക്തമാക്കി.
ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നേപ്പാളിനെതിരെ 26 റൺസും വെസ്റ്റ് ഇൻഡീസിനെതിരെ 21 റൺസുമാണ് ബട്ലർ നേടിയത്. എന്നാൽ സ്കോട്ട്‌ലൻഡിനും ഇറ്റലിക്കുമെതിരെ മൂന്ന് റൺസ് വീതം മാത്രമെടുത്ത് താരം പുറത്തായി. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴ് റൺസ് മാത്രം നേടിയ ബട്ലർക്ക്, ചൊവ്വാഴ്ച പാകിസ്താനെതിരെ വെറും രണ്ട് റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ.
"ലോക ക്രിക്കറ്റിൽ ബട്ലർ കാഴ്ചവെച്ച പ്രകടനങ്ങൾ സമാനതകളില്ലാത്തതാണ്. അഞ്ഞൂറിലധികം ട്വന്റി20 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അദ്ദേഹം ഇംഗ്ലണ്ടിനായി നൂറ്റമ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ടും 145 സ്ട്രൈക്ക് റേറ്റും 35 ശരാശരിയുമുള്ള അദ്ദേഹം ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. ഇപ്പോൾ അദ്ദേഹത്തിന് പന്ത് ബാറ്റിൽ കൃത്യമായി കണക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നത് സത്യമാണ്, എങ്കിലും അദ്ദേഹത്തിന് അല്പം കൂടി സാവകാശം നൽകാൻ തയ്യാറാകണം."
ഇംഗ്ലണ്ടിനായി 153 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള 35-കാരനായ ബട്ലർ, 34 ശരാശരിയിലും 147 സ്ട്രൈക്ക് റേറ്റിലും 4012 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടവും അടുത്തിടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന സാഹിബ്സാദ ഫർഹാൻ (45 പന്തിൽ 63 റൺസ്, ഏഴ് ഫോറും രണ്ട് സിക്സും) ഒരിക്കൽ കൂടി തിളങ്ങി.
ബാബർ അസം, ഫഖർ സമാൻ (16 പന്തിൽ 25 റൺസ്), ഷദാബ് ഖാൻ (11 പന്തിൽ 23 റൺസ്) എന്നിവരുടെ പ്രകടന മികവിൽ പാകിസ്താൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ (3/24), ജോഫ്ര ആർച്ചർ (2/32) എന്നിവർ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജാമി ഓവർട്ടനും തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഷഹീൻ ഷാ അഫ്രീദിയുടെ (4/30) തകർപ്പൻ സ്പെൽ ഒരു ഘട്ടത്തിൽ 58-ന് 4 എന്ന നിലയിലേക്ക് തകർത്തു.
എന്നാൽ തളരാതെ പോരാടിയ ഹാരി ബ്രൂക്ക് (51 പന്തിൽ 100 റൺസ്, 10 ഫോറും നാല് സിക്സും) സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. ഓൾറൗണ്ടർമാരായ സാം കറൻ (15 പന്തിൽ 16), വിൽ ജാക്സ് (23 പന്തിൽ 28) എന്നിവരുമായി ചേർന്ന് ബ്രൂക്ക് പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ മത്സരത്തിൽ നിർണ്ണായകമായി. ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പാകിസ്താനെ കീഴടക്കിയത്. സൂപ്പർ എട്ട് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച കൊളംബോയിൽ വെച്ച് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ശനിയാഴ്ച പല്ലെക്കലെയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
