സികെ നായിഡുവില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ച ചരിത്രം; രണ്ടിന്നിംഗ്‌സിലും അഞ്ചു വിക്കറ്റില്‍ അധികം നേടിയ പവന്‍രാജ്; രണ്ടു സെഞ്ച്വറിയുമായി തിളങ്ങിയ വരുണ്‍ നയനാര്‍; കേരളാ ക്രിക്കറ്റിന് 'തിങ്കളാഴ്ച നല്ല ദിവസമായി'; ട്രിപ്പിള്‍ നേട്ടവുമായി കോച്ച് ഷൈന്‍; അത്യപൂര്‍വ്വ ഹാട്രിക് നേടിയ ക്രിക്കറ്റ് പരിശീകലകന്റെ കഥ
തിരുവനന്തപുരം: തമിഴ്‌നാടിനെതിരെ സികെ നായിഡു ട്രോഫിയില്‍ ആദ്യ ജയം കേരളം നേടി. ഇതിനൊപ്പം ഒരു ബൗളര്‍ രണ്ട് ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് കൊയ്തു. ഒരു ബാറ്റ്‌സമാന്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറിയും സ്വന്തമാക്കി. കേരളാ ക്രിക്കറ്റിന് അത്യപൂര്‍വ്വ നേട്ടങ്ങളുടേതായിരുന്നു തിങ്കളാഴ്ച. നവംബര്‍ 19 തിങ്കളാഴ്ച നല്ല ദിവസമാകുമ്പോള്‍ ഈ ട്രിപ്പിള്‍ നേട്ടത്തിന് പിന്നിലെ ചാലക ശക്തി കേരളത്തിന്റെ അണ്ടര്‍ 23 ടീമിന്റെ പരിശീലകനാണ്. ക്രിക്കറ്റ് കോച്ചായി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ കിട്ടുന്ന അപൂര്‍വ്വ നേട്ടം. കേരളാ ക്രിക്കറ്റിലെ ഒരു പരിശീലകനും ഈ നേട്ടം അവകാശപ്പെടാനാകില്ല. ബൗളിംഗില്‍ പവന്‍ രാജിനും ബാറ്റിംഗില്‍ വരുണ്‍ നയനാര്‍ക്കും സമ്മര്‍ദ്ദമില്ലാതെ പ്രകടന മികവെടുക്കാന്‍ കഴിഞ്ഞതാണ് കേരളം തമിഴ്‌നാടിനെ തകര്‍ത്തിന് കാരണമായി മാറിയത്.
കേരളത്തിന്റെ ഭാവി ക്രിക്കറ്റിന് അണ്ടര്‍ 23 ടീമില്‍ നിന്നും സമാനതകളില്ലാത്ത പ്രകടനവും താരോദയവും അനിവാര്യതയായിരുന്നു. ഈ ഘട്ടത്തിലാണ് പവന്‍രാജും വരുണും സമാനതകളില്ലാത്ത പ്രകടനം കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ക്രിക്കറ്റിന്റെ കോച്ചായിരുന്നു ഷൈന്‍. ഇത്തവണ അണ്ടര്‍ 23യിലേക്ക് പ്രെമോഷന്‍ കിട്ടി. ഇതിന് കാരണം കഴിഞ്ഞ സീസണില്‍ ദേശീയ എലൈറ്റ് ഗ്രൂപ്പിലേക്ക് അണ്ടര്‍ 19 ടീം ക്വാളിഫൈ ചെയ്തതായിരുന്നു. അതായത് ഈ വര്‍ഷം തമിഴ്‌നാടിനെതിരായ മിന്നും വിജയത്തോടെ ഷൈന്‍ വീണ്ടും കേരളത്തിന് സുവര്‍ണ്ണ നിമിഷം നല്‍കി.
ആദ്യം സികെ നായിഡു ട്രോഫി മത്സരം നടന്നിരുന്നത് അണ്ടര്‍ 22 തലത്തിലായിരുന്നു. 1975നും 2009നും ഇടയില്‍ 9 തവണ കേരളവും തമിഴ്‌നാടും ഏറ്റുമുട്ടി. ഇതില്‍ ആറിലും ജയം തമിഴ്‌നാടിനായിരുന്നു. മൂന്നെണ്ണം സമനിലയിലായി. അണ്ടര്‍ 23യില്‍ മൂന്ന് തവണ. വയനാട്ടില്‍ 2017/18 സീസണിലെ ആദ്യ കളിയില്‍ കേരളം തോറ്റത് 189 റണ്‍സിനായിരുന്നു. മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നു. കഴിഞ്ഞ സീസണില്‍ തിരുവനന്തപുരത്ത് ഇന്നിംഗ്‌സിനും 84 റണ്‍സിനും തോറ്റു. രണ്ടു ദിവസമേ തമിഴ്‌നാടിന് ജയിക്കാന്‍ വേണ്ടി വന്നുള്ളൂ. ഇത്തവണ വയനാട്ടില്‍ കഥമാറി. നാലാം ദിനം മാന്‍ഡേറ്ററി ഓവറിലേക്ക് കടക്കും മുമ്പേ കേരളം ജയിച്ചു. 199 റണ്‍സിനായി ജയം. ഇതോടെ സികെ നായിഡുവില്‍ 12 കളിയില്‍ കേരളത്തിന് ആദ്യ ജയമായി തമിഴ്‌നാടിനെതിരെ. ഇത് കേരളാ ക്രിക്കറ്റിന് സുവര്‍ണ്ണ നേട്ടമാണ്.
ഇതിനൊപ്പം ഷൈനിന്റെ പരിശീലനത്തിന് എത്തിയ പവന്‍രാജിന്റെ രണ്ടിന്നിംഗ്‌സിലുമായുള്ള 13 വിക്കറ്റ് പ്രകടനം. രണ്ടു സെഞ്ച്വറികളുമായി വരുണ്‍ നയനാരും തകര്‍ത്തു. ഈ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നിലും കോച്ചിന്റെ പിന്തുണയുണ്ടെന്ന് വ്യക്തം. സമ്മര്‍ദ്ദമില്ലാതെ കളിക്കാരെ അവരുടെ ഇഷ്ടത്തിനും കഴിവിനുമൊത്ത് കളിക്കാന്‍ അനുവദിച്ചതാണ് വിജയമന്ത്രം. രഞ്ജി ട്രോഫി ടീമിന്റെ ബാറ്റിംഗ് കോച്ചായിട്ടുള്ള ഷൈന്‍ കേരളത്തിന്റെ ജൂനിയര്‍ തലത്തില്‍ എല്ലാ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വനിതാ ക്രിക്കറ്റിലെ ആദ്യ കാല പരിശീകനും ഷൈനായിരുന്നു. ക്രിക്കറ്റില്‍ സംഘടനാ തല ചുമതലകള്‍ പോലും വേണ്ടെന്ന് വച്ചാണ് ഷൈന്‍ പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്.
തിരുവനന്തപുരത്ത് ഷൈന്‍സ് ക്രിക്കറ്റ് അക്കാദമി തുടങ്ങിയിട്ട് 25 കൊല്ലമായി. ലയോള സ്‌കൂളിലാണ് തുടക്കം. കോച്ചിംഗിലേക്ക് വന്നതിനെ കുറിച്ച് ഷൈന്‍ പറയുന്നത് ഇങ്ങനെ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിന് പോയതാണ് ഞാന്‍. അന്ന് കോച്ച് ബിജു ജോര്‍ജ് ബംഗ്ലൂരുവില്‍ കുറച്ചു ദിവസത്തേക്ക് പരിശീലനത്തിന് പോയി. അപ്പോള്‍ എന്നോട് ആ നെറ്റ്‌സ് നോക്കി കൊള്ളാന്‍ പറഞ്ഞു. അതു പോലെ ചെയ്തു. ബിജു ജോര്‍ജ് തിരിച്ചു വന്നപ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പുതിയ ആളെ കുറിച്ച് നല്ല അഭിപ്രായം. ഇതോടെ ബിജു ജോര്‍ജാണ് പറഞ്ഞത് പരിശീലനത്തില്‍ ശ്രദ്ധ വയ്ക്കണമെന്ന്-ഷൈന്‍ പറയുന്നത് ഇങ്ങനെയാണ്.
സ്‌കൂള്‍ തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും ഷൈന്‍ ക്രിക്കറ്റ് കളിയില്‍ സജീവമായിരുന്നു. ജൂനിയര്‍ തലത്തില്‍ സ്റ്റേറ്റിലും യൂണിവേഴ്‌സിറ്റി തലത്തിലും കളിച്ചു. അതിന് ശേഷമാണ് കോച്ചിംഗിലേക്ക് തിരിഞ്ഞത്. നിലവില്‍ തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് കേന്ദ്രീകരിച്ചാണ് ഷൈന്‍സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പരിശീലനം തുടങ്ങിയതും ആ ക്ലബ്ബില്‍. അവിടെ നിന്നാണ് ഷൈന്‍സ് ക്രിക്കറ്റ് അക്കാദമി എന്ന സ്വപ്നത്തിലേക്ക് നീങ്ങിയത്. കേരളത്തിലെ ആദ്യ ക്രിക്കറ്റ് അക്കാദമികളിലൊന്നാണ് ഇത്.