ഐ.സി.സി ഏകദിന റാങ്കിങ്: ചരിത്രനേട്ടം കുറിച്ച് കീവീസ് താരം; രോഹിത് ശർമയെ പിന്തള്ളി ഡാരിൽ മിച്ചൽ ലോക ഒന്നാം നമ്പർ ബാറ്റർ; ഗ്ലെൻ ടേണറിന് ശേഷം ഒന്നാമതെത്തുന്ന രണ്ടാമത്തെ ന്യൂസിലൻഡ് താരം
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ് പുറത്ത്. ഇന്ത്യൻ താരം രോഹിത് ശർമ്മയെ പിന്നിലാക്കി ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ ലോക ഒന്നാം നമ്പർ ബാറ്ററായി. ഏകദിന ക്രിക്കറ്റ് റാങ്കിങ് ചരിത്രത്തിൽ ന്യൂസിലൻഡിന് ഒരു ചരിത്ര നേട്ടം കൂടിയാണ് ഈ മുന്നേറ്റം. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറിയാണ് ന്യൂസിലൻഡ് താരത്തിന് റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുള്ള വഴി തുറന്നത്.
ഇതോടെ, ഐ.സി.സി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം കീവീസ് ബാറ്റ്സ്മാൻ എന്ന നേട്ടവും മിച്ചൽ കരസ്ഥമാക്കി. 1979-ൽ മുൻ താരം ഗ്ലെൻ ടേർണറാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഏക ന്യൂസിലൻഡ് താരം. കേൻ വില്യംസൺ, റോസ് ടെയ്‌ലർ തുടങ്ങിയ പ്രമുഖർക്ക് പോലും റാങ്കിങ്ങിൽ ഒന്നാമത് എത്താൻ കഴിഞ്ഞിരുന്നില്ല. ഏകദിന ബാറ്റിങ് റാങ്കിങ് പട്ടിക പ്രകാരം മിച്ചലിന് 782 റേറ്റിങ് പോയിന്റാണുള്ളത്.
വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ 781 റേറ്റിങോടെ രോഹിത് ശർമ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹീം സദ്രാൻ (764), ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ (745), മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (725) എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക് സൂപ്പർ താരം ബാബർ അസം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22 ദിവസത്തെ ഹ്രസ്വകാലയളവിൽ മാത്രമാണ് ഏകദിന റാങ്കിങ്ങിൽ രോഹിത് ശർമയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരാനായത്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ പാകിസ്ഥാൻ താരങ്ങളും റാങ്കിങിൽ മുന്നേറ്റമുണ്ടാക്കി. മുഹമ്മദ് റിസ്വാൻ 22-ാം റാങ്കിലും ഫഖർ സമാൻ 26-ാം റാങ്കിലും എത്തി. പാക് സ്പിന്നർ അബ്രാർ അഹ്മദ് ഒമ്പതിലേക്കും പേസർ ഹാരിസ് റൗഫ് 23-ലേക്കും കയറി കരിയറിലെ മികച്ച റാങ്കിങ് നേടി. ബൗളർമാരുടെ പട്ടികയിൽ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തി.
