'ഈ അവസരം കളിച്ച് നേടിയെടുത്തത്, അവനൊരു സൂപ്പർ സ്റ്റാർ'; അഭിഷേക് ഇല്ലെങ്കിൽ ഓപ്പണറായി ഇറക്കേണ്ടത് സഞ്ജുവിനെ; പിന്തുണയുമായി ദിനേശ് കാർത്തിക്
ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ന് നമീബിയക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്തണമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. പനിയും വയറിലെ അണുബാധയും കാരണം ഓപ്പണർ അഭിഷേക് ശർമ്മ കളിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം നൽകണമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടത്.
സഞ്ജു സാംസൺ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തിന് 100 ശതമാനം അർഹനാണെന്നും കാർത്തിക് ക്രിക്ബസിനോട് പറഞ്ഞു. "സമീപകാലത്തെ പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും, സഞ്ജുവിലെ താരത്തെ കുറച്ചുകാണാൻ കഴിയില്ല. 2024-ൽ അവൻ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ ഈ അവസരം സഞ്ജു നേടിയെടുത്തതാണ്. അവൻ ഒരു സൂപ്പർസ്റ്റാറാണ്, രാജ്യത്തുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്," കാർത്തിക് കൂട്ടിച്ചേർത്തു.
നമീബിയക്കെതിരായ മത്സരം പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിന് മുൻപ് പേസർ ജസ്പ്രീത് ബുമ്രയ്ക്ക് താളം കണ്ടെത്താൻ സഹായിക്കുമെന്നും കാർത്തിക് ചൂണ്ടിക്കാട്ടി. അസുഖം കാരണം ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. നാലോവർ എറിഞ്ഞ് ബുമ്രയ്ക്ക് താളം വീണ്ടെടുക്കാൻ ഈ മത്സരം ഉപകാരപ്പെടുമെന്നാണ് കാർത്തിക്കിന്‍റെ വിലയിരുത്തൽ.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ സ്വഭാവമനുസരിച്ച് ടീമിൽ മാറ്റങ്ങൾ വന്നേക്കാം. സ്പിന്നിന് അനുകൂലമായ പിച്ചാണെങ്കിൽ, ഒരു പേസറെ കുറച്ച് കുൽദീപ് യാദവിനെ കൂടി ടീമിലുൾപ്പെടുത്താൻ കോച്ച് ഗൗതം ഗംഭീർ തയ്യാറായേക്കും. അങ്ങനെയാണെങ്കിൽ ബുമ്രയ്‌ക്കൊപ്പം കുൽദീപും പ്ലേയിംഗ് ഇലവനിലെത്തിയേക്കാം. അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 32 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ, ഇന്ന് കൂടി ജയിച്ച് ലോകകപ്പ് ക്യാമ്പെയ്ൻ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.