സർജ് പ്രൈസിംഗും അധിക ചാർജുമില്ല; 'ഇനി സവാരി സഞ്ജുവിനൊപ്പം'; സർക്കാർ ഓൺലൈൻ ടാക്സി സർവീസിന്റെ ഗുഡ്‌വിൽ അംബാസഡറായി മലയാളി ക്രിക്കറ്റർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ 'കേരള സവാരി'യുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പൊതുഗതാഗത മേഖലയിലെ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് പുതിയ മാനം നൽകുന്ന ഈ സംരംഭത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിൽ സഞ്ജു സാംസൺ നിർണായക പങ്കുവഹിക്കും.തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'കേരള സവാരി', യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്നു.
അധിക ചാർജുകളോ സർജ് പ്രൈസിങ്ങോ ഇല്ലാത്തതും സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നതുമാണ് ഇതിന്റെ പ്രധാന സവിശേഷത. കമ്മീഷൻ രഹിത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ടാക്സി ആപ്പുകളിൽ നിന്ന് ഇത് വേറിട്ടുനിൽക്കുന്നു. ലാഭത്തേക്കാൾ പൊതുനന്മയ്ക്കും തൊഴിൽ സൃഷ്ടിക്കും സാമൂഹിക ഉത്തരവാദിത്തത്തിനും ഊന്നൽ നൽകുന്ന ഒരു മാതൃകാപരമായ സംരംഭമാണിത്.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന 'കേരള സവാരി', ഇതുവരെ 11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കുകയും ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം ഉണ്ടാക്കി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികളാണ് ഇപ്പോൾ നടന്നുവരുന്നത്.
ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ ഗുഡ്‌വിൽ അംബാസഡറായി എത്തുന്നതോടെ, 'കേരള സവാരി'യുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള സന്ദേശം യുവതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.