'ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...! ദ്രാവിഡിന്റെ ഫോണ്‍ കോള്‍ എത്തിയത് വെള്ളിയാഴ്ച രാത്രി; അവന് ടെന്‍ഷനുണ്ടായിരുന്നു; സിക്‌സറടിക്കാന്‍ തോന്നിയാല്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു'; ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവെന്ന് പരിശീലകന്‍ മനീഷ് ഓജ

ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവെന്ന് പരിശീലകന്‍ മനീഷ് ഓജ

Update: 2025-04-20 12:07 GMT

ജയ്പുര്‍: നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ച് 14ാം വയസ്സില്‍ ഐ.പി.എല്ലില്‍ സ്വപ്നസമാനമായ അരങ്ങേറ്റം കുറിച്ചതോടെ വൈഭവ് സൂര്യവംശിയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയിലെ ചര്‍ച്ച വിഷയം. ലഖ്നൗ ബൗളര്‍മാരെ നിര്‍ഭയനായി നേരിട്ട് തകര്‍ത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. പതിനാല് വയസു മാത്രമെ താരത്തിനുള്ളു എന്നത് പലര്‍ക്കും വിശ്വസനീയമായി തോന്നിയതുമില്ല. മത്സരത്തിനിടെ കമന്ററിയില്‍ പലവട്ടം ഇക്കാര്യം എടുത്തു പറയുന്നുണ്ടായിരുന്നു.

20 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് രാജസ്ഥാന്റെ ഈ ബേബി മടങ്ങിയത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സൂര്യവംശി ശനിയാഴ്ച സ്വന്തമാക്കി. 14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ള വൈഭവ് ലഖ്നൗവിനെതിരേ ചരിത്രം കുറിച്ചാണ് മടങ്ങിയത്. ഇപ്പോഴിതാ വൈഭവിന്റെ അരങ്ങേറ്റത്തെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് പരിശീലകനായ മനീഷ് ഓജ. വൈഭവിന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡയറ്റില്‍ നിന്ന് പിസ ഒഴിവാക്കിയതായും മനീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഐപിഎല്ലിനോടനുബന്ധിച്ചാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയത്.

വൈഭവ് പേടിയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് മനീഷ് ഓജ പറയുന്നു. അവനൊരു ബ്രയാന്‍ ലാറ ആരാധകനാണെന്നും. എന്നാല്‍ ലാറ യുവരാജ് സിങ് മിക്‌സാണ് അവന്റെ ബാറ്റിങ്ങെന്നും മനീഷ് ചൂണ്ടിക്കാട്ടി. അവന്റെ ആക്രമണ രീതി യുവരാജിന്റേതിന് സമാനമാണെന്നും ഓജ പറയുന്നു. കളിക്കാന്‍ അവസരം കിട്ടിയ വിവരം തന്നെ വൈഭവ് വിളിച്ചറിയിച്ചതായും അദ്ദേഹം പറഞ്ഞു.

'വെള്ളിയാഴ്ച രാത്രിയാണ് വൈഭവിന് ടീം മാനേജ്മെന്റിന്റെ ഫോണ്‍കോള്‍ വരുന്നത്. പരിശീലനത്തിന് ശേഷം ടീം ഹോട്ടലിലെത്തി രാത്രി ഒരു എട്ട് മണിയോടെ വൈഭവിന് രാജസ്ഥാന്‍ മാനേജ്‌മെന്റില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. 'ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...', അവന്‍ വളരെ സന്തോഷവാനായിരുന്നു. പരിശീലന സെഷന് ശേഷം എന്നെ വിളിച്ചിരുന്നു ദ്രാവിഡ് സാറും മാനേജ്‌മെന്റും വിളിച്ചു, ലക്‌നോവിനെതിരെ കളിക്കണം എന്നു പറഞ്ഞു. അവന് ടെന്‍ഷനുണ്ടായിരുന്നു. സിക്‌സറടിക്കാന്‍ തോന്നിയാല്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു.

വൈഭവ് ഇന്നിങ്‌സ് ആരംഭിച്ച രീതി നമ്മള്‍ കണ്ടു, വരും മത്സരങ്ങളില്‍ അവന്‍ വലിയ സ്‌കോറുകള്‍ നേടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ക്രിക്കറ്റിനായി തന്റെ ഇഷ്ട ഭക്ഷണമായ പിസയും മട്ടനും വൈഭവ് ഒഴിവാക്കി. മട്ടന്‍ നല്‍കാറില്ല, ഡയറ്റ് പ്ലാന്‍ പ്രകാരം പിസയും ഡയറ്റ് ചാര്‍ട്ടില്‍ നിന്നൊഴിവാക്കി. അവനൊരു ചെറിയ കുട്ടിയാണ് പിസ വലിയ ഇഷ്ടമാണ്. പക്ഷേ അത് കഴിക്കാന്‍ പാടില്ല. മട്ടന്‍ എത്ര കൊടുത്താലും അത് മുഴുവന്‍ തീര്‍ക്കും. അതുകൊണ്ടാണ് അവന്‍ അല്‍പ്പം തടിച്ചിരിക്കുന്നത്,' മനീഷ് ഓജ പറഞ്ഞു.

'അവന് നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം മട്ടന്‍ കഴിക്കാന്‍ അനുവാദമില്ല. ഡയറ്റില്‍ നിന്ന് പിസ ഒഴിവാക്കിയിട്ടുണ്ട്. അവന് ചിക്കനും മട്ടനും വളെരെയധികം ഇഷ്ടമാണ്. അവന്‍ കുട്ടിയായതിനാല്‍ പിസയും ഇഷ്ടമാണ്. പക്ഷേ ഇപ്പോള്‍ അത് കഴിക്കാറില്ല. എത്ര മട്ടന്‍ കൊടുത്താലും അവന്‍ അത് മുഴുവന്‍ കഴിക്കും. '- മനീഷ് പറഞ്ഞു.

'ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവ്രാജ് സിങ്ങിന്റെയും വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെതും ശൈലികള്‍ ഇടകലര്‍ന്ന ബാറ്റിങ്ങാണ് വൈഭവിന്റെതെന്നും മനീഷ് പറയുന്നു. അവന്‍ ഒരുപാട് ദൂരം മുന്നോട്ടുപോകും. ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രീതി തന്നെ എല്ലാവരും കണ്ടതാണ്. എനിക്ക് ഉറപ്പുനല്‍കാനാകും. വരുന്ന മത്സരങ്ങളില്‍ അവന്‍ മികച്ച സ്‌കോര്‍ നേടും. ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവ്. അവന്റെ ബാറ്റിങ് യുവ്രാജ് സിങ്ങിന്റെയും ബ്രയാന്‍ ലാറയുടെയും ബാറ്റിങ്ങ് ഇടകലര്‍ന്നതാണ്.' - മനിഷ് പറഞ്ഞു.

2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ല്‍ 16 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ ആര്‍സിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബര്‍മന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.

കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു. 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്, രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

Tags:    

Similar News