റുതുരാജ് ഗെയ്കവാദിനൊപ്പം നിൽക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ചേട്ടനെ മഞ്ഞ ജേഴ്‌സിയില്‍ കാണാൻ പറ്റുമോയെന്ന് ആരാധകർ; ചിത്രം വൈറൽ

Update: 2025-10-18 15:04 GMT

ചെന്നൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദും ഒരുമിച്ചുള്ള ചിത്രം ചെന്നൈ സൂപ്പർ കിംഗ്‌സ് ഔദ്യോഗികമായി പങ്കുവെച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രഞ്ജി ട്രോഫി മത്സരവേദിക്കിയിൽ ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തുവിട്ടത്. ഈ ചിത്രം പങ്കുവെച്ചതോടെ, സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു.

'തലയും ചിന്നത്തലയും' എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചേട്ടനെ ചെന്നൈയിൽ കാണാൻ പറ്റുമെയെന്ന ചോദ്യവും പോസ്റ്റിന്റെ കമന്റ് ബോക്സിൽ ആരാധകർ ചോദിക്കുന്നുണ്ട്. സഞ്ജുവിനെ ചെന്നൈ ടീമിലെത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ് ആരാധകർ. അതേസമയം, സഞ്ജുവിനെ സ്വന്തമാക്കാൻ മറ്റ് ഫ്രാഞ്ചൈസികളും രംഗത്തുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡൽഹി കാപിറ്റൽസ് സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇതിനായി ഒരു സീനിയർ താരത്തെ വിട്ടുകൊടുക്കാനും അവർ തയ്യാറാണെന്ന് സൂചനയുണ്ട്. എന്നാൽ ഏത് താരമാണ് ഡൽഹി വിട്ടുനൽകുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ ഡൽഹി കാപിറ്റൽസിനെ നയിച്ചത് അക്സർ പട്ടേലായിരുന്നു. കെ.എൽ. രാഹുലിനെ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നോട്ടമിട്ടിട്ടുണ്ടെന്നും, ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ, ഓപ്പണർ എന്നീ റോളുകളിലേക്കാണ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയുടെ ഒരു സീനിയർ താരമാണ് രാഹുലെന്നും സൂചനകളുണ്ട്.

നേരത്തെയും സഞ്ജു ചെന്നൈയിലെത്തുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെന്നൈയുടെ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗ് സഞ്ജുവുമായി ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്തായാലും സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന സൂചനകൾ ശക്തമാണ്. കഴിഞ്ഞ സീസണിന് മുന്നോടിയായി ജോസ് ബട്‌ലറെ ഒഴിവാക്കിയതുൾപ്പെടെയുള്ള ചില തീരുമാനങ്ങൾ സഞ്ജുവിന്റെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഈ വർഷത്തെ ഐപിഎൽ മിനി താരലേലം ഡിസംബർ 15ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടനുബന്ധിച്ച്, നവംബർ 15ന് മുമ്പായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 13 മുതൽ 15 വരെയുള്ള തിയതികളിലൊന്നിലായിരിക്കും താരലേലം നടക്കുക.

Tags:    

Similar News