'അന്ന് സച്ചിനെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചു; ടീമില്‍ നിന്ന് മാറ്റി മറ്റൊരാളെ എടുക്കാനാണ് തീരുമാനം എന്ന് ഞാന്‍ പറഞ്ഞു; അദ്ദേഹം നടുങ്ങിപ്പോയി; 'നിങ്ങള്‍ കാര്യമായി പറഞ്ഞതാണോ?' എന്ന് എന്നോട് ചോദിച്ചു'; സച്ചിന്റെ വിരമിക്കലില്‍ വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീല്‍

Update: 2026-03-12 09:43 GMT

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍. സച്ചിന്റെ വിരമിക്കലിന് പിന്നില്‍ ഉള്ളുലയുന്ന ഒരു കഥയുണ്ടെന്നാണ് സന്ദീപിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. സച്ചിന്‍ വിരമിക്കാനൊരുങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റാന്‍ ബിസിസിഐ ശ്രമിച്ചിരുന്നുവെന്നാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. താനാണ് ബിസിസിഐയുടെ സന്ദേശം സച്ചിനെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടതെന്നും സന്ദീപ് വെളിപ്പെടുത്തുന്നു. വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റാന്‍ ബിസിസിഐ ശ്രമിച്ചുവെന്നാണ് സന്ദീപ് പാട്ടീല്‍ പറഞ്ഞത്. 2012ലെ സച്ചിന്റെ മോശം ഫോമിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നുവെന്നാണ് പാട്ടില്‍ വെളിപ്പെടുത്തിയത്.

ഈ വിവരം നേരിട്ട് അറിയിച്ചപ്പോള്‍ സച്ചിന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 2012-ലാണ് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നതെന്നാണ് സന്ദീപ് പാട്ടീല്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു പാട്ടീലിന്റെ വെളിപ്പെടുത്തല്‍. ഭാവി പദ്ധതികളെക്കുറിച്ച് പാട്ടീല്‍ സച്ചിനോട് ചോദിക്കുകയും, കമ്മിറ്റി പകരക്കാരനെ തിരയുകയാണെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. 'നിങ്ങള്‍ ഇത് ഗൗരവമായി പറയുന്നതാണോ?' എന്ന് അദ്ദേഹം വീണ്ടും ചോദിച്ചതായും പാട്ടീല്‍ പറഞ്ഞു.

2012 സച്ചിനെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു. ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി വെറും 23.80 മാത്രമായിരുന്നു സച്ചിന്റെ ശരാശരി. ഒരു സെഞ്ചറി പോലും അക്കാലത്ത് സച്ചിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 10 ഏകദിനങ്ങളില്‍ നിന്നാവട്ടെ കേവലം 31.50 ആയിരുന്നു ശരാശരി. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി സച്ചിന് മുന്നില്‍ തുറക്കുകയാണെന്ന വാര്‍ത്ത താന്‍ സച്ചിനെ അറിയിച്ചപ്പോള്‍ താരം ഞെട്ടിപ്പോയെന്നും സന്ദീപ് പറയുന്നു.

'എന്താ അപ്പോള്‍ പരിപാടി?' ഞാന്‍ സച്ചിനോട് ചോദിച്ചു. ' എന്തേ? എന്നായിരുന്നു സച്ചിന്റെ മറുചോദ്യം. ടീമില്‍ നിന്ന് മാറ്റി മറ്റൊരാളെ എടുക്കാനാണ് തീരുമാനം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സച്ചിന്‍ നടുങ്ങിപ്പോയി. ഒരിക്കല്‍ കൂടി സച്ചിന്‍ എന്നോട് ചോദിച്ചു, 'നിങ്ങള്‍ കാര്യമായി പറഞ്ഞതാണോ?' അതേയെന്ന് താന്‍ ഉത്തരം നല്‍കി. ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി സച്ചിന്‍ പറഞ്ഞു. ഈ വിവരം സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തതായി സന്ദീപ് പാട്ടില്‍ വ്യക്തമാക്കി. ഒരു താരത്തോട് വിരമിക്കാന്‍ ആവശ്യപ്പെടാന്‍ സെലക്ടര്‍മാര്‍ക്ക് അധികാരമില്ല. ഒരു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല എന്നും പാട്ടില്‍ കൂട്ടിച്ചേര്‍ത്തു.വിക്കി ലാല്‍വനിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍.

അതേസമയം സെലക്ടര്‍മാര്‍ക്ക് ഒരു കളിക്കാരനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെങ്കിലും വിരമിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് പാട്ടീല്‍ വ്യക്തമാക്കി. സച്ചിന്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി അത് അംഗീകരിക്കുകയായിരുന്നുവെന്നും പാട്ടീല്‍ പറഞ്ഞു. തന്റെ കാലയളവില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലെത്തിയ കാര്യം ആളുകള്‍ ഓര്‍ക്കുന്നില്ലെന്നും സച്ചിനെ മാറ്റാന്‍ ശ്രമിച്ച കാര്യമാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് ശേഷമാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Tags:    

Similar News