സിഡ്‌നി ടെസ്റ്റിൽ രോഹിത് ഉണ്ടാകുമോ ?; 'അന്തിമ ഇലവനായിട്ടില്ല, രോഹിത് കളിക്കുന്ന കാര്യം പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ'; സിഡ്‌നിയില്‍ ജയിക്കുമെന്നും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ

Update: 2025-01-02 05:41 GMT

സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നിർണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് വെള്ളിയാഴ്ച സിഡ്‌നിയില്‍ ആരംഭിക്കാനിരിക്കെ ചർച്ചയായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ വാക്കുകൾ. സിഡ്‌നി ടെസ്റ്റിനു മുമ്പായി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അവസാന മത്സരത്തിന് രോഹിത് ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മത്സര ദിവസം രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നായിരുന്നു പരിശീലകനായ ഗംഭീറിന്റെ മറുപടി.

ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ ഉയരുകയാണ്. പരമ്പരയിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. കഴിഞ്ഞ 15 ടെസ്റ്റിനിടെ 10 തവണ രോഹിത്തിന് രണ്ടക്കം കണ്ടിട്ടില്ല. അവസാന ടെസ്റ്റിൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അതേസമയം സിഡ്‌നിയില്‍ ജയിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ടീമിലെ സ്ഥാനവും, ക്യാപ്ടൻസിയും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചർച്ചയായായിരുന്നു. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കുമെന്ന വാർത്തകൾ വരെ പുറത്ത് വന്നിരുന്നു. രോഹിത്തിന്റെ അഭാവത്തിൽ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. മത്സരത്തിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായി ടീം.

അഡ്ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത്തിന് തിളങ്ങാനായില്ല. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും, മുൻതാരങ്ങളുമടക്കം അതൃപ്തരാണ്. മെല്‍ബണ്‍ ടെസ്റ്റില്‍ പുറത്തിരുത്തിയ ശുഭ്മന്‍ ഗില്ലിന് സിഡ്‌നിയില്‍ ഇന്ത്യ അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് അവസാന ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ കോച്ച് തയ്യാറാകാതിരിക്കുന്നത്. എന്നാൽ ഗില്ലും അത്ര നല്ല ഫോമിലൊന്നുമല്ല. 

Tags:    

Similar News