സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ നീലപ്പട; ശാപം മാറ്റാൻ എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ്; കമ്മീൻസും സ്റ്റാർക്കും ഇല്ലാതെ കങ്കാരുപ്പടയും; 2026 ലോകകപ്പിലെ 'ഫേവറിറ്റുകൾ' ആരൊക്കെ?; ആ 'ബിഗ് ത്രീ' ഇവർ
കൊളംബോ: ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ന്റെ ആവേശകരമായ പത്താം പതിപ്പിന് തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 7-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഇത്തവണ 20 ടീമുകൾ പങ്കെടുക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായി ഇത് മാറും.
യൂറോപ്യൻ ക്വാളിഫയറിലൂടെ വിസ്മയ പ്രകടനം കാഴ്ചവെച്ച ഇറ്റലി തങ്ങളുടെ ആദ്യ ടി20 ലോകകപ്പിന് ഇത്തവണ ഇറങ്ങും. എന്നാൽ, സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ബംഗ്ലാദേശ് പിന്മാറിയത് ടൂർണമെന്റിന് ചെറിയ തിരിച്ചടിയായിട്ടുണ്ട്. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡാണ് ടൂർണമെന്റിൽ ഇടംപിടിച്ചിരിക്കുന്നത്. ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും നേരിട്ട് യോഗ്യത നേടിയപ്പോൾ മറ്റു ടീമുകൾ റാങ്കിംഗിലൂടെയും ക്വാളിഫയറിലൂടെയുമാണ് എത്തിയത്.വരാനിരിക്കുന്ന ലോകകപ്പിലെ 'ഫേവറിറ്റുകളെ അറിയാം.
1. ഇന്ത്യ:
കടലാസിൽ ഏറ്റവും കരുത്തരായ ടീം ഇന്ത്യ തന്നെയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ലോക ഒന്നാം നമ്പർ ബാറ്റർ അഭിഷേക് ശർമ്മയും ഒന്നാം നമ്പർ ബൗളർ വരുൺ ചക്രവർത്തിയും അണിനിരക്കുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആരും കിരീടം നിലനിർത്തുകയോ സ്വന്തം നാട്ടിൽ കിരീടം നേടുകയോ ചെയ്തിട്ടില്ല. ഈ രണ്ട് റെക്കോർഡുകളും ഇത്തവണ തിരുത്തിക്കുറിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും തിലക് വർമ്മയുടെ ബാറ്റിംഗ് കരുത്തും ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.
2. ദക്ഷിണാഫ്രിക്ക:
'ചോക്കേഴ്സ്' എന്ന വിളിപ്പേര് മാറ്റാൻ ഉറച്ചാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക എത്തുന്നത്. 2025-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചതിന്റെ ആത്മവിശ്വാസം അവർക്കുണ്ട്. ക്വിന്റൺ ഡി കോക്ക്, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ ബാറ്റിംഗും റബാഡ, നോർക്കിയ എന്നിവരുടെ പേസ് കരുത്തും എതിരാളികളെ വിറപ്പിക്കും. 2024-ൽ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം.
3. ഓസ്‌ട്രേലിയ:
മിച്ചൽ മാർഷിന്റെ നേതൃത്വത്തിൽ എത്തുന്ന ഓസ്‌ട്രേലിയ എപ്പോഴും അപകടകാരികളാണ്. പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതും സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ അഭാവവും ടീമിന് തിരിച്ചടിയാണെങ്കിലും കൂപ്പർ കോണിലി, സേവ്യർ ബാർട്ട്ലെറ്റ് തുടങ്ങിയ യുവതാരങ്ങൾ ആ കുറവ് നികത്തുമെന്ന് അവർ കരുതുന്നു. ബിഗ് ബാഷ് ലീഗിലെ മിന്നും താരം മാത്യു റെൻഷോയും ടീമിലുണ്ട്. ആദം സാംപ നയിക്കുന്ന സ്പിൻ നിര ലങ്കയിലെയും ഇന്ത്യയിലെയും പിച്ചുകളിൽ നിർണ്ണായകമാകും.
