സിഡ്നി ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; നിർണായക ടെസ്റ്റിൽ മൂന്നാം സെഷനിൽ ഓൾ ഔട്ട്; സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ്
സിഡ്നി: ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ നിർണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 185 റണ്‍സിന് ഓൾ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. സ്റ്റാര്‍ക്ക് മൂന്നും, പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി. 40 റൺസ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ 11ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലിനെ (4) മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടത്. സ്കോര്‍ 17-ല്‍ നില്‍ക്കേ ജയ്സ്വാളും (10) സ്കോട്ട് ബോളണ്ട് പുറത്താക്കിയതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച ഗിൽ വിരാട് കോലി സഖ്യം ശ്രദ്ധയോടെ കളിച്ചെങ്കിലും 57 റൺസിൽ നിൽക്കെ കൂട്ട്കെട്ട് തകർന്നു. 64 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്ലിനെ നഥാൻ ലയന്ൺ കൂടാരത്തിലെത്തിക്കുകയായിരുന്നു.
രണ്ടാം സെഷനില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് കോലിയേയും നഷ്ടമായി. ഓഫ്സ്റ്റമ്പിനു പുറത്തേക്ക് പോയ പന്തിന്റെ ഗതിയറിയാതെ ബാറ്റ് വെച്ച് സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ-പന്ത് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ബോളണ്ട് വീണ്ടും പ്രഹരമേല്പിച്ചു. ഇരുവരും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 98 പന്തുകള്‍ നേരിട്ട് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത പന്തിനെ ഇന്ത്യക്ക് നഷ്ടമായി.
തൊട്ടടുത്ത പന്തില്‍ മെൽബണിൽ കന്നി സെഞ്ച്വറി നേടി വരവറിയിച്ച നിതീഷിന്റെ (0) വിക്കറ്റ് കൂടി നഷ്ടമായതോടെ 120ന് 6 എന്ന നിലയിൽ കൂപ്പുകുത്തിയ ഇന്ത്യ സമ്മർദ്ദത്തിലായി. വൈകാതെ ജഡേജയുടെ പ്രതിരോധം സ്റ്റാര്‍ക്ക് പൊളിച്ചു. 95 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തായിരുന്നു ജഡേജയുടെ മടക്കം. അവസാന പ്രതീക്ഷയായിരുന്ന സുന്ദറിനും കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല. 30 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.