നാല് പന്തിൽ വീണത് മൂന്ന് വിക്കറ്റ്; ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത് വേദാന്ത് ത്രിവേദി; വാലറ്റത്തിന്റെ പ്രകടനം ഭേദപ്പെട്ട സ്കോറിലെത്തിച്ചു; അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാന് 253 റൺസ് വിജയലക്ഷ്യം
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ നിർണായക സൂപ്പർ സിക്സ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 253 റൺസ് വിജയലക്ഷ്യം ഉയർത്തി. ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസിന് ഓൾ ഔട്ടായി. 98 പന്തിൽ നിന്ന് 68 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ത്രിവേദിയുടെ മികച്ച പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കൂടാതെ വൈഭവ് സൂര്യവൻഷി 22 പന്തിൽ 30 റൺസും ആർ.എസ്. അബ്രീഷം 38 പന്തിൽ 29 റൺസും നേടി. വാലറ്റത്ത് കനിഷ്ക് ചൗഹാനും ഖിലൻ പട്ടേലും ചേർന്നാണ് ഇന്ത്യയെ 250 കടത്തി ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പാകിസ്ഥാന് വേണ്ടി അബ്ദുൾ സുബ്ഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, നാല് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. സയ്യാം എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തിൽ വൈഭവ് വിക്കറ്റ് കീപ്പർ ഹംസ സഹൂറിന് ക്യാച്ച് നൽകി പുറത്തായി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെ നേരിട്ട രണ്ടാം പന്തിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഒൻപതാം ഓവറിലെ ആദ്യ പന്തിൽ മലയാളി താരം ആരോൺ ജോർജും മടങ്ങിയതോടെ ഇന്ത്യ 47 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി.
തുടർന്ന്, വേദാന്ത് ത്രിവേദിയും വിഹാൻ മൽഹോത്രയും ചേർന്ന് 62 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ 100 കടത്തി. എന്നാൽ 24-ാം ഓവറിൽ വിഹാൻ മൽഹോത്രയെ പുറത്താക്കി അഹമ്മദ് ഹുസൈൻ പാക്കിസ്ഥാന്റെ മേൽക്കൈ തിരികെ പിടിച്ചു. 16 റൺസെടുത്ത അഭിഗ്യാൻ കുണ്ടുവിനും ക്രീസിൽ അധികം പിടിച്ചുനിൽക്കാനായില്ല. ക്രീസിൽ ഉറച്ചുനിന്ന വേദാന്ത് ത്രിവേദിയെ 41-ാം ഓവറിൽ മോമിൻ ഖമർഡ മടക്കിയത് ഇന്ത്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി. ഈ ഘട്ടത്തിൽ ആർ.എസ്. അബ്രീഷവും കനിഷ്ക് ചൗഹാനും ചേർന്ന് എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ഇന്ത്യയുടെ സ്കോർ 250 കടത്തുകയായിരുന്നു.