ഓസിസ് മണ്ണില്‍ സെഞ്ചുറി തിളക്കവുമായി 'കിങ് കോലി'; കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ബ്രാഡ്മാനെ പിന്നിട്ട് ഇന്ത്യന്‍ താരം; റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ജയ്‌സ്വാള്‍; 534 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ; ഓസിസിന് ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്തില്‍ സെഞ്ചുറിയുമായി വിരാട് കോലി, ബ്രാഡ്മാനെ പിന്നിട്ടു

Update: 2024-11-24 10:02 GMT

പെര്‍ത്ത്: റണ്‍വരള്‍ച്ചക്ക് വിരാമമിട്ട് പെര്‍ത്തില്‍ കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഡോണ്‍ ബ്രാഡ്മാനെ മറികടന്ന് വിരാട് കോലി. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയ കോലി 100 റണ്‍സ് തികച്ചതിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് 487-6ല്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്നില്‍ 534 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോലിക്കൊപ്പം പുറത്താകാതെ നിന്നു. നേരത്തെ യശസ്വി ജയ്‌സ്വാളിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്(161) ഇന്ത്യക്ക് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പെ ഓപ്പണര്‍ നഥന്‍ മക്‌സിനിയെ വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ഓസിസിനെ ഞെട്ടിച്ചു. പിന്നാലെ നൈറ്റ് വാച്ച്മാനായി എത്തിയ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റും ഓസിസിന് നഷ്ടമായി. രണ്ട് റണ്‍സ് എടുത്ത കമ്മിന്‍സിനെ മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. മൂന്ന് റണ്‍്‌സ എടുത്തു നില്‍ക്കെ മാര്‍നസ് ലെബുഷെയ്‌നെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ജസ്പ്രീത് ബുമ്ര ഓസിസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലായിരുന്നു. ചായക്കുശേഷമുള്ള ഒന്നര മണിക്കൂറില്‍ അതിവേഗം സ്‌കോര്‍ ചെയ്ത കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെ എല്‍ രാഹുല്‍(77), ദേവ്ദത്ത് പടിക്കല്‍(25), യശസ്വി ജയ്‌സ്വാള്‍(161), ഋഷഭ് പന്ത്(1), ധ്രുവ് ജുറെല്‍(1), വാഷിംഗ്ടണ്‍ സുന്ദര്‍(29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാട് കോലിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.

പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ ഋഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത ഋഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോലിയും സുന്ദറും(29) പിടിച്ചു നിന്നതോടെ ഇന്ത്യന്‍ ലീഡ് 400 കടന്നു. നിതീഷിന്റെ ബാറ്റിംഗ് വെടിക്കെട്ട് കൂടിയായപ്പോള്‍(27 പന്തില്‍ 38*) ഇന്ത്യന്‍ ലീഡ് അതിവേഗം 500 കടന്നു. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

രണ്ട് സെഞ്ചുറികള്‍, ഒരു അര്‍ധ സെഞ്ചുറി

ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (297 പന്തില്‍ 161), വിരാട് കോലിയും നേടിയ സെഞ്ചറികളാണ് (143 പന്തില്‍ 100) കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ചുറി നേടി (176 പന്തില്‍ 77). ദേവ്ദത്ത് പടിക്കല്‍ (71 പന്തില്‍ 25), യശസ്വി ജയ്‌സ്വാള്‍ (297 പന്തില്‍ 161), ഋഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറെല്‍ (ഒന്ന്), വാഷിങ്ടന്‍ സുന്ദര്‍ (94 പന്തില്‍ 29) എന്നിവരാണ് മൂന്നാം ദിവസം പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 27 പന്തില്‍ 38 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി പുറത്താകാതെനിന്നു.

ജയ്‌സ്വാളിന്റെ സെഞ്ചറിയോടെയാണ് മൂന്നാം ദിവസം ഇന്ത്യ തുടങ്ങിയത്. ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ 62ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്‌സര്‍ പറത്തി രാജകീയമായി ജയ്‌സ്വാള്‍ സെഞ്ചറി പൂര്‍ത്തിയാക്കി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 84 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണിങ് വിക്കറ്റില്‍ ഓസീസ് മണ്ണിലെ റെക്കോര്‍ഡ് കൂട്ടുകെട്ട് സ്ഥാപിച്ച ശേഷമാണ് രാഹുലിന്റെ മടക്കം. ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ആദ്യ ഇരട്ടസെഞ്ചറി കൂട്ടുകെട്ടും ജയ്സ്വാള്‍ രാഹുല്‍ സഖ്യം സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് 63 ഓവറില്‍ അടിച്ചുകൂട്ടിയത് 201 റണ്‍സ്. 1986ല്‍ സുനില്‍ ഗാവസ്‌കറും കെ.ശ്രീകാന്തും ചേര്‍ന്ന് സിഡ്‌നിയില്‍ നേടിയ 191 റണ്‍സിന്റെ റെക്കോര്ഡാണ് ഇവര്‍ മറികടന്നത്. 176 പന്തില്‍ അഞ്ച് ഫോറുകളോടെ 77 റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. അലക്‌സ് ക്യാരി ക്യാച്ചെടുത്തു.

2014-15ല്‍ സിഡ്‌നിയില്‍ കെ.എല്‍. രാഹുല്‍ സെഞ്ചറി നേടിയ ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജയ്സ്വാള്‍. ഇതുവരെ 70 പന്തുകള്‍ നേരിട്ട ദേവ്ദത്ത് പടിക്കലാകട്ടെ, രണ്ടു ഫോറുകളോടെയാണ് 25 റണ്‍സെടുത്തത്. പടിക്കലും ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായിരുന്നു. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണ് ദേവ്ദത്ത് പടിക്കല്‍ പുറത്തായത്. സ്‌കോര്‍ 300 കടന്നതിനു പിന്നാലെ ജയ്‌സ്വാളിനെയും ഇന്ത്യയ്ക്കു നഷ്ടമായി. ഋഷഭ് പന്തിനെ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്തു പുറത്താക്കിയപ്പോള്‍, ധ്രുവ് ജുറെല്‍ കമിന്‍സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. സ്‌കോര്‍ 410 ല്‍ നില്‍ക്കെ സ്പിന്നര്‍ നേഥന്‍ ലയണ്‍ വാഷിങ്ടന്‍ സുന്ദറെ ബോള്‍ഡാക്കി. മൂന്നാം ദിവസത്തെ കളി അവസാനിക്കാന്‍ 11 ഓവറുകള്‍ കൂടി ബാക്കിയുള്ളപ്പോഴായിരുന്നു ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയയ്ക്കായി സ്പിന്നര്‍ നേഥന്‍ ലയണ്‍ രണ്ടു വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

പെര്‍ത്തില്‍ ഇന്ത്യന്‍ മേധാവിത്വം

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 104 റണ്‍സിന് പുറത്താക്കി 46 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 57 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 172 റണ്‍സ് എന്ന നിലയിലായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഏഴു ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും രണ്ടാം ദിനം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം ടെസ്റ്റില്‍ 34ാം സിക്‌സര്‍ നേടിയ ജയ്സ്വാള്‍, ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

നേരത്തേ, ഒന്നാം ദിനം ഏഴിന് 67 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച ഓസ്‌ട്രേലിയയ്ക്ക് ശനിയാഴ്ച 37 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു. 51.2 ഓവറില്‍ ഓസീസ് 104 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകര്‍ത്തത്. ബുമ്രയുടെ കരിയറിലെ 11ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ഒന്‍പതാമനായി ഇറങ്ങി 112 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അവസാന വിക്കറ്റില്‍ ജോഷ് ഹെയ്സല്‍വുഡിനെ കൂട്ടുപിടിച്ച് 25 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്റ്റാര്‍ക്കാണ് ഓസീസിനെ 100 കടത്തിയത്. ഹെയ്‌സല്‍വുഡ് 31 പന്തില്‍ ഒരു ഫോര്‍ സഹിതം 7 റണ്‍സുമായി പുറത്താകാതെ നിന്നു. അലക്‌സ് ക്യാരി 31 പന്തില്‍ മൂന്നു ഫോറുകളോടെ 21 റണ്‍സെടുത്തു.

റെക്കോര്‍ഡുകള്‍ തീര്‍ത്ത് ജയ്‌സ്വാള്‍

ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

101 - എം.എല്‍. ജയ്‌സിംഹ, ബ്രിസ്‌ബേന്‍, 1967-68

113 - സുനില്‍ ഗാവസ്‌കര്‍, ബ്രിസ്‌ബേന്‍, 1977-78

101* - യശസ്വി ജയ്‌സ്വാള്‍, പെര്‍ത്ത്, 2024

(മൂന്നു സെഞ്ചറികളും പിറന്നത് രണ്ടാം ഇന്നിങ്‌സിലാണെന്ന പ്രത്യേകതയുമുണ്ട്)

23 വയസ് പൂര്‍ത്തിയാകും മുന്‍പ് ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് സെഞ്ചറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

4 - സുനില്‍ ഗാവസ്‌കര്‍, 1971

4 - വിനോദ് കാംബ്ലി, 1993

3 - രവി ശാസ്ത്രി, 1984

3 - സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, 1992

3 - യശസ്വി ജയ്‌സ്വാള്‍, 2024

23 വയസ് പൂര്‍ത്തിയാകും മുന്‍പ് കൂടുതല്‍ ടെസ്റ്റ് സെഞ്ചറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

8 - സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

5 - രവി ശാസ്ത്രി

4 - സുനില്‍ ഗാവസ്‌കര്‍

4 - വിനോദ് കാംബ്ലി

4 - യശസ്വി ജയ്‌സ്വാള്‍

Tags:    

Similar News