'ഞങ്ങള്‍ ഇങ്ങനെയാണ് ഈ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സഞ്ജു; മലയാളി താരത്തെ പിന്തുണച്ച് സൂര്യകുമാര്‍ യാദവ്; ഇരുവരുടെയും പ്രതികരണങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സൂര്യയുടെ കമന്റിന് താഴെ ആരാധക കമന്റുകള്‍

Update: 2024-10-07 09:58 GMT

ഗ്വാളിയോര്‍: ബംഗ്ലാദേശിന് എതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ഓപ്പണിംഗ് റോളില്‍ എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 19 പന്തുകള്‍ നേരിട്ട സഞ്ജു 29 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ആറ് ഫോറുകളും ഉള്‍പ്പെടും. സൂര്യകുമാര്‍ യാദവിനൊപ്പം 40 റണ്‍സ് കൂട്ടിചേര്‍ക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. പരമ്പരയ്ക്ക് മുമ്പ് തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പരമ്പരയിലുടനീളം സഞ്ജു ഇന്ത്യയുടെ ഓപ്പണറാകുമെന്ന് സൂര്യ ഉറപ്പ് പറഞ്ഞിരുന്നു.

മത്സര ശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമിലിട്ട് പോസ്റ്റിന് മറുപടിയുമായി സൂര്യയെത്തി. മത്സരത്തിനിടെയുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചാണ് സ്ഞ്ജു പോസ്റ്റ് ഇട്ടത്. ''ഞങ്ങള്‍ ഇങ്ങനെയാണ് ഈ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നത്...'' സഞ്ജു കുറിച്ചിട്ടു. അതിനോട് യോജിക്കുകയാണ് സൂര്യ. 'തീര്‍ച്ചയായും...' എന്നദ്ദേഹം മറുപടി നല്‍കി. സൂര്യയുടെ കമന്റിന് താഴെ ആരാധക കമന്റുകളുമെത്തി.

ഒന്നാം ട്വന്റി20യില്‍ നിന്നുള്ള വിവിധ ചിത്രങ്ങള്‍ സഹിതമാണ് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതേ പോസ്റ്റിനു താഴെയാണ് സഞ്ജുവിന്റെ പ്രസ്താവന ശരിവച്ച് 'അബ്‌സല്യൂട്ട്ലി' എന്ന കമന്റുമായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 19.5 ഓവറില്‍ അയല്‍ക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന്റെ തകര്‍ച്ചയ്ക്ക്, ട്വന്റി20 ക്രിക്കറ്റില്‍ സ്ഥിരതയോടെ പന്തെറിയുന്ന അര്‍ഷ്ദീപ് സിങ് തുടക്കമിട്ടു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ലിറ്റന്‍ ദാസിനെ (4) പുറത്താക്കിയ അര്‍ഷ്ദീപ് അടുത്ത വരവില്‍ സഹ ഓപ്പണര്‍ പര്‍വേസ് ഹുസൈന്റെ (8) സ്റ്റംപ് തെറിപ്പിച്ചു. ഈ വര്‍ഷം ട്വന്റി20യില്‍ അര്‍ഷ്ദീപിന്റെ വിക്കറ്റ് നേട്ടം 27 ആയി. 2021 ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ആദ്യ മത്സരം കളിക്കുന്ന വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു അടുത്തത്. ഏഴാം ഓവറില്‍ തൗഹിത് ഹൃദോയിയുടെ വിക്കറ്റ് നേടിയാണ് വരുണ്‍ മടങ്ങിവരവ് ആഘോഷത്തിന് തുടക്കമിട്ടത്.

ഐപിഎലിലെ അതിവേഗ ബോളിങ്ങിലൂടെ ആരാധക ശ്രദ്ധ നേടിയ യുവ പേസര്‍ മായങ്ക് യാദവ് രാജ്യാന്തര അരങ്ങേറ്റ മത്സരത്തില്‍ ബംഗ്ലദേശ് ബാറ്റര്‍മാരെ വിറപ്പിച്ചു. ആദ്യ ഓവറില്‍ മെയ്ഡന്‍ എറിഞ്ഞ ഇരുപത്തിരണ്ടുകാരന്‍ രണ്ടാമത്തെ ഓവറില്‍ മഹ്‌മദുല്ലയെ ഡീപ് പോയിന്റില്‍ വാഷിങ്ടന്‍ സുന്ദറിന്റെ കൈകളിലെത്തിച്ച് കന്നി വിക്കറ്റ് നേടി. ഇന്ത്യന്‍ ബോളര്‍മാരുടെ ഇടതടവില്ലാത്ത ആക്രമണങ്ങളെ അതിജീവിച്ച് ഒരറ്റത്തു പിടിച്ചുനിന്ന മെഹ്ദി ഹസനാണ് (35 നോട്ടൗട്ട്) ബംഗ്ലദേശ് സ്‌കോര്‍ 127ല്‍ എത്തിച്ചത്.

ട്വന്റി20 ഓപ്പണിങ്ങില്‍ പുതിയ പരീക്ഷണമായി ഇന്ത്യന്‍ മറുപടി ബാറ്റിങ്ങിനു തുടക്കമിട്ടത് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ്. തുടക്കം മുതല്‍ ആഞ്ഞടിച്ച സഖ്യം ആദ്യ 2 ഓവറില്‍ 25 റണ്‍സ് നേടിയെങ്കിലും അഭിഷേക് (7 പന്തില്‍ 16) റണ്ണൗട്ടിലൂടെ വിക്കറ്റ് നഷ്ടമാക്കി. സൂര്യകുമാര്‍ യാദവിനൊപ്പം (14 പന്തില്‍ 29) രണ്ടാം വിക്കറ്റിലും തുടര്‍ന്നും ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ച സഞ്ജു കരുതലോടെയാണ് ബാറ്റുവീശീയത്.

എന്നാല്‍ എട്ടാം ഓവറില്‍ സ്പിന്നര്‍ മെഹ്ദി ഹസനെതിരായ ഷോട്ടില്‍ ലക്ഷ്യം പിഴച്ച് സഞ്ജു പുറത്തായി (19 പന്തില്‍ 29). അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് റെഡ്ഡിയും (15 പന്തില്‍ 16 നോട്ടൗട്ട്) ഹാര്‍ദിക് പാണ്ഡ്യയും (16 പന്തില്‍ 39 നോട്ടൗട്ട്) ചേര്‍ന്നാണ് തുടര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ജയം ഉറപ്പാക്കിയത്. അര്‍ഷ്ദീപ് കളിയിലെ കേമനായി.

Tags:    

Similar News