ചന്ദ്രഗ്രഹണം 'അശുഭകരം', പരിശീലന സെഷൻ വൈകി; ഇന്ത്യൻ താരങ്ങൾ വാങ്കഡെയിൽ ഇറങ്ങിയത് ഒന്നര മണിക്കൂർ വൈകി

Update: 2026-03-04 11:22 GMT

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനായി മുംബൈയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷൻ ചന്ദ്രഗ്രഹണം കാരണം ഒന്നര മണിക്കൂറോളം വൈകി. വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ഗ്രഹണ സമയത്ത് പരിശീലനം നടത്തുന്നത് അശുഭകരമാണെന്ന് ചില താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ടീം മാനേജ്‌മെന്റ് ഈ തീരുമാനം കൈക്കൊണ്ടത്.

വൈകിട്ട് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പരിശീലനം രാത്രി 7:30 ഓടെയാണ് ആരംഭിച്ചത്. അന്നേ ദിവസം വൈകുന്നേരം 3:26 മുതൽ 6:47 വരെയായിരുന്നു ചന്ദ്രഗ്രഹണ സമയം. ഗ്രഹണം പൂർണ്ണമായി അവസാനിച്ചതിന് ശേഷം മാത്രമാണ് കളിക്കാർ മൈതാനത്തിറങ്ങാൻ തയ്യാറായത്. രാത്രി പത്ത് മണിയോടെ പരിശീലന സെഷൻ വിജയകരമായി പൂർത്തിയാക്കി. ജ്യോതിഷപരമായി ചന്ദ്രഗ്രഹണ സമയം പലപ്പോഴും അശുഭകരമായി കണക്കാക്കപ്പെടുന്നു എന്ന വിശ്വാസമാണ് ഈ മാറ്റത്തിന് പിന്നിൽ.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ തുടർച്ചയായ ട്വന്റി20 ലോകകപ്പ് സെമി ഫൈനൽ കൂടിയാണിത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് മികച്ച വിജയ റെക്കോർഡാണുള്ളത്. 2017 ഡിസംബറിനുശേഷം ഈ മൈതാനത്ത് ഒരു ട്വന്റി20 മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല എന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു. അതേസമയം, ഈ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇവിടെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് 30 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ടൂർണമെന്റിൽ യുഎസിനെതിരായ ഇന്ത്യയുടെ ആദ്യ പോരാട്ടത്തിനും വാംഖഡെ സാക്ഷ്യം വഹിച്ചിരുന്നു.

Tags:    

Similar News