'ഇത് ധോണിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി; ഈ പ്രായത്തിലും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നത് ശ്രദ്ധേയം'; നിരീക്ഷണവുമായി ഇര്‍ഫാന്‍ പത്താന്‍

'ഇത് ധോണിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി

Update: 2026-03-14 10:39 GMT

ചെന്നൈ: ഐപിഎല്‍ 19ാം അധ്യായം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഇതിഹാസ താരം എംഎസ് ധോണി തന്നെയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഐക്കണും മുന്‍ നായകനുമായ 44കാരനായ ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ധോണിയുടെ ഭാവി സംബന്ധിച്ചു ശ്രദ്ധേയ നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത് എന്നാണ് പഠാന്‍ നിരീക്ഷിക്കുന്നത്. ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സമയമായിരിക്കുകയാണെന്നും പഠാന്‍ പറയുന്നു. 44ാം വയസിലും ധോണി ടീമിനോടു കാണിക്കുന്ന പ്രതിബദ്ധതയും ഈ പ്രായത്തിലും കാത്തു സൂക്ഷിക്കുന്ന ഫിറ്റ്നസും ശ്രദ്ധേയമാണെന്നും ഇര്‍ഫാന്‍ പഠാന്‍ പ്രശംസിച്ചു. ജിയോ സ്റ്റാര്‍സിന്റെ ടാറ്റ ഐപിഎല്ലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.

'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധോണി ചെന്നൈ ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്തു നില്‍ക്കുന്നത് നാം കാണുന്നുണ്ട്. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രവിസ്, ശിവം ദുബെ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ നിരവധി യുവ താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. ടീമിന്റെ ഉത്തരവാദിത്വത്തിന്റെ ബാറ്റണ്‍ ധോനി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സമയാണെന്നു ഞാന്‍ ചിന്തിക്കുന്നു.'

'സിഎസ്‌കെയുടെ ടീം സമീപനത്തില്‍ ഇത്തവണ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ധോനിയുടെ അനുഭവങ്ങള്‍ യുവ താരങ്ങള്‍ക്ക് വലിയ പാഠ പുസ്തകമായി മാറേണ്ടതുണ്ട്. സിക്സടിക്കാനുള്ള കഴിവും ലക്ഷ്യവും കണക്കിലെടുക്കുമ്പോള്‍ ഈ യുവ നിരയുടെ നിര്‍ഭയമായ ബാറ്റിങ് കാണാനുള്ള ആകാംക്ഷ എനിക്കുണ്ട്'- ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News