ബോർഡർ ഗാവസ്‌കർ പരമ്പര; സിഡ്‌നി ടെസ്റ്റിൽ രോഹിത് ശര്‍മ്മ കളിക്കില്ല; ഇന്ത്യയെ ജസ്പ്രീത് ബുമ്ര നയിക്കും; വിടവാങ്ങൽ മത്സരമില്ലാതെ രോഹിത് കളം വിടുമോ ?; ശുഭ്‌മാന്‍ ഗില്‍ തിരിച്ചെത്തും

Update: 2025-01-02 11:00 GMT

സിഡ്‌നി: ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റിൽ മോശം ഫോമിൽ തുടരുന്ന രോഹിത് ശര്‍മ്മ കളിക്കില്ല. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. പരമ്പരയിലെ മോശം പ്രകടനത്തിനും ക്യാപറ്റൻസിയുടെയും പേരിൽ വിമർശനം നേരിട്ട രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു. രോഹിത് ശര്‍മ്മ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തും.

രോഹിത്തിന്റെ അഭാവത്തിൽ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. മത്സരത്തിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായി ടീം. അഡ്ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത്തിന് തിളങ്ങാനായില്ല. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല.

ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും, മുൻതാരങ്ങളുമടക്കം അതൃപ്തരാണ്. പരമ്പരയിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. കഴിഞ്ഞ 15 ടെസ്റ്റിനിടെ 10 തവണ രോഹിത്തിന് രണ്ടക്കം കണ്ടിട്ടില്ല. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കുമെന്ന വാർത്തകൾ വരെ പുറത്ത് വന്നിരുന്നു.

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് ഏറ്റ കനത്ത പരാജയത്തിൽ താന്‍ അസ്വസ്ഥനാണെന്ന് രോഹിത് സമ്മതിച്ചിരുന്നു. ടീമുമായി ബന്ധപ്പെട്ട കൂട്ടായ പ്രശ്‌നങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ തലത്തില്‍ തനിക്ക് കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരമ്പരയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനെയും വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം ക്യാപ്റ്റനെന്ന നിലയിൽ ടീമിന് പ്രജോദനമാകുന്ന തരത്തിലുള്ളൊരു ഇന്നിംഗ്സ് പോലും കളിക്കാൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല എന്നത് ആരാധകരെപ്പോലും നിരാശപ്പെടുത്തി. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് രണ്ടാം ടെസ്റ്റ് മുതലാണ് ടീമിനൊപ്പം ചേര്‍ന്നത്. അഡ്ലെയഡ്ലിലെ രണ്ടാം ടെസ്റ്റില്‍ 3, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഒരിന്നിങ്സില്‍ ബാറ്റ് ചെയ്ത് 10 റണ്‍സിന് മടങ്ങി. നിർണായകമായ മെല്‍ബണിലാവട്ടെ 3, 9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

Tags:    

Similar News