ലോഡ്‌സ് ടെസ്റ്റില്‍ ജോ റൂട്ടിന് സെഞ്ച്വറി; കരിയറിലെ 37ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ റൂട്ടിനെ ബൗള്‍ഡാക്കി ബുംറ; സ്റ്റോക്സിനേയും വോക്സിനേയും ജസ്പ്രീത് പുറത്താക്കിതോടെ ഇംഗ്ലണ്ടിന് തകര്‍ച്ച
ലോഡ്‌സ് ടെസ്റ്റില്‍ ജോ റൂട്ടിന് സെഞ്ച്വറി;
ലണ്ടന്‍: ഇന്ത്യക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനു ജസ്പ്രിത് ബുംറ വക കനത്ത പ്രഹരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ രണ്ടാം ദിനം തുടക്കം തന്നെ മടക്കിയ ബുംറ തന്റെ അടുത്ത ഓവറില്‍ സെഞ്ച്വറി നേടിയ ജാ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ എത്തിയ ക്രിസ് വോക്സിനേയും ബുംറ പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് തകരുകയാണ്.
4ന് 251 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. 20 റണ്‍സ് ബോര്‍ഡിലെത്തുമ്പോഴേക്കും അവര്‍ക്ക് അതിവേഗം 3 വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 16 റണ്‍സുമായി ജാമി സ്മിത്തും 8 റണ്‍സുമായി ബ്രയ്ഡന്‍ കര്‍സുമാണ് ക്രീസില്‍.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിനെ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ നിതീഷ് ഞെട്ടിച്ചു. മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഓപ്പണര്‍മാരായ ക്രൗളിയേയും ഡക്കറ്റിനേയും ഒറ്റ ഓവറില്‍ മടക്കി നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമേല്‍പ്പിക്കുകയായിരുന്നു.
ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാം ന്ത് നേരിട്ട സാക് ക്രൗളിയും കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.
ഓപ്പണര്‍മാരെ 44 റണ്‍സിനിടെ തുടരെ നഷ്ടമായി വെട്ടിലായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ഒലി പോപ്പ്, ജോ റൂട്ട് സഖ്യമാണ് തിരിച്ചെത്തിച്ചത്. നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു. അതിന്റെ വില ഇന്ത്യ നല്‍കുകയും ചെയ്തു.
നിതീഷിന്റെ ഇരട്ട പ്രഹരത്തിനു ശേഷം ഇംഗ്ലണ്ട് റൂട്ടിലായി. ഒലി പോപ്പ് 104 പന്തുകള്‍ നേരിട്ട് 44 റണ്‍സുമായി പ്രതിരോധം തീര്‍ത്തു. ഒപ്പം റൂട്ടും കൂടിയതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്കനുകൂലമായി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ജഡേജയാണ് ഇന്ത്യയെ മടക്കി എത്തിച്ചത്. തൊട്ടുപിന്നാലെയാണ് ബുംറ ബ്രൂക്കിനെ പുറത്താക്കിയത്. താരം ക്ലീന്‍ ബൗള്‍ഡായി മടങ്ങി. താരം 11 റണ്‍സില്‍ പുറത്തായി.