'ഇത്തവണത്തെ പോരാട്ടം ഏകപക്ഷീയമാകില്ല, ഇന്ത്യക്കെതിരെ മികച്ച കളി പുറത്തെടുക്കാൻ കഴിയും'; പോസിറ്റീവായും അഗ്രസീവായും കളിക്കും; മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ഓപ്പണർ

Update: 2026-02-11 09:38 GMT

കൊളോമ്പോ: 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി, ചിരവൈരികൾ തമ്മിലുള്ള പോരാട്ടം ഏകപക്ഷീയമാകില്ലെന്ന് മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനൽ ഉൾപ്പെടെയുള്ള അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക്, പാക്കിസ്ഥാനെതിരെ സമീപകാലത്ത് വ്യക്തമായ മേൽക്കൈയുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന 10 മത്സരങ്ങളിൽ എട്ടിലും ഇന്ത്യ വിജയിച്ചപ്പോൾ, പാക്കിസ്ഥാന് 2022-ൽ മാത്രമാണ് ഒരു ജയം നേടാനായത്. ഒരു മത്സരം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇപ്പോൾ പഴയതുപോലെ ഒരു വീറും വാശിയുമുള്ള മത്സരമല്ലെന്ന് സൂര്യകുമാർ യാദവ് അഭിപ്രായപ്പെട്ടത്. തിലക് വർമ്മയും മുൻ ക്രിക്കറ്റ് താരങ്ങളും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ ശക്തമായി തിരിച്ചടിക്കുമെന്നും പോരാടുമെന്നും ഫർഹാൻ പറഞ്ഞു. യുഎസ്എയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ സംസാരിക്കവെ, ഇരുടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന 2025-ലെ ഏഷ്യാ കപ്പ് ഫൈനലിനെക്കുറിച്ചും താരം ഓർമ്മിപ്പിച്ചു.

"കഴിഞ്ഞ ഏഷ്യാ കപ്പിൽ ഞങ്ങൾ കളിച്ച രീതി നോക്കിയാൽ അതൊരിക്കലും ഏകപക്ഷീയമായ ഒരു മത്സരമായിരുന്നില്ലെന്ന് കാണാം. അവസാനം വരെ ഞങ്ങൾ പൊരുതിയാണ് കളിച്ചത്. മത്സരത്തിന്റെ അവസാനം വരെ അത് ഒരു ഏകപക്ഷീയമായ പോരാട്ടമായിരുന്നില്ല. ഇത്തവണയും ഇന്ത്യക്കെതിരെ മികച്ച കളി പുറത്തെടുക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ഫർഹാൻ പറഞ്ഞു.

ഇന്ത്യക്കെതിരെ മികച്ച റെക്കോർഡാണ് ഫർഹാനുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 51.67 ശരാശരിയിൽ 155 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളിംഗ് നിരയെ വളരെ ആത്മവിശ്വാസത്തോടെയാണ് ഈ പാക് ഓപ്പണർ നേരിട്ടത്. എങ്കിലും, ഇന്ത്യക്കെതിരായ പോരാട്ടത്തെ ഒരു സാധാരണ മത്സരം മാത്രമായാണ് താൻ കാണുന്നതെന്നും അതനുസരിച്ചുള്ള തന്ത്രങ്ങളുമായിട്ടായിരിക്കും ടീം ഇറങ്ങുകയെന്നും ഫർഹാൻ പറഞ്ഞു.

"റൺസ് കണ്ടെത്താൻ കഴിയുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം കൂടും. ഞാനും വലിയ ആത്മവിശ്വാസത്തിലാണ്, കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലെ പ്രകടനത്തിൽ അതീവ സന്തുഷ്ടനാണ്. ഇതൊരു സാധാരണ മത്സരം മാത്രമാണ്. ഞങ്ങൾ ഇതിനെ ഒരു സാധാരണ മത്സരമായി കണ്ട് തന്നെ കളിക്കും. ഇന്ത്യ-പാകിസ്ഥാൻ മത്സരമാണെന്ന ചിന്ത തലയിൽ കയറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഒരു സാധാരണ കളിയായി കണ്ട് മുന്നോട്ട് പോകും," ഫർഹാൻ പറഞ്ഞു. ഇന്ത്യക്കെതിരെ പോസിറ്റീവ് ആയും അഗ്രസീവ് ആയും കളിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഈ പാക് ഓപ്പണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News