ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ അയഞ്ഞ് മൊഹ്‌സിൻ നഖ്‌വി; വിമർശനങ്ങൾക്ക് പിന്നാലെ ഖേദ പ്രകടനം; ഏഷ്യ കപ്പ് ട്രോഫി ഇന്ത്യൻ നായകൻ ദുബായിലെത്തി ഏറ്റുവാങ്ങണമെന്ന നിലപാടിൽ മാറ്റമില്ല

Update: 2025-10-01 11:45 GMT

ദുബായി: ഏഷ്യാ കപ്പ് ഫൈനലിന് ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബിസിസിഐ) ഖേദം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വി. ഫൈനൽ മത്സരത്തിനുശേഷം ഇന്ത്യൻ ടീമിന് ട്രോഫി കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് നഖ്‌വിയുടെ ഖേദപ്രകടനം. എന്നാൽ, ട്രോഫിയുടെ കാര്യത്തിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിലാണ് നഖ്‌വി ബിസിസിഐയോട് ഖേദം പ്രകടിപ്പിച്ചത്. ഫൈനലിനു ശേഷം കാര്യങ്ങൾ വഷളാകരുതായിരുന്നുവെന്ന് അദ്ദേഹം ബിസിസിഐ പ്രതിനിധികളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ട്രോഫി ഏറ്റുവാങ്ങണമെങ്കിൽ ഇന്ത്യൻ നായകൻ ദുബായിലെ എ.സി.സി. ഓഫീസിലെത്തി അത് ഏറ്റുവാങ്ങണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. ഈ വ്യവസ്ഥ ബി.സി.സി.ഐ തള്ളി.

ഫൈനൽ ദിനത്തിൽ അങ്ങനെയൊരു നിബന്ധനയില്ലായിരുന്നെന്നും എ.സി.സി.യുടെ ചട്ടങ്ങൾ അനുസരിച്ചുള്ള കൈമാറ്റമാണ് വേണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. സെപ്റ്റംബർ 30ന് നടന്ന എസിസി യോഗത്തിൽ, ട്രോഫി കൈമാറ്റ ചടങ്ങിൽ നടന്ന സംഭവങ്ങളെ ബിസിസിഐ ശക്തമായി അപലപിച്ചിരുന്നു. ബിസിസിഐയുടെ പരാതിയെത്തുടർന്ന്, ട്രോഫിയും മെഡലുകളും പിസിബി മേധാവിയുടെ സ്വകാര്യ സ്വത്തല്ലെന്നും അത് എസിസിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല യോഗത്തിൽ ഊന്നിപ്പറഞ്ഞു.

ട്രോഫി കൈമാറാതെ നഖ്‌വി തന്റെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയതിനെ ശുക്ല വിമർശിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള വിജയിച്ച ഇന്ത്യൻ ടീമിന് ട്രോഫി ഔദ്യോഗികമായി കൈമാറണമെന്നും അത് എസിസിയുടെ കസ്റ്റഡിയിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും നഖ്‌വിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

"ഇത് അങ്ങേയറ്റം നിർഭാഗ്യകരവും കായികക്ഷമതയ്ക്ക് നിരക്കാത്തതുമാണ്. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് ഇന്ത്യയ്ക്ക് തിരികെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞിരുന്നു. ബിസിസിഐയോട് ക്ഷമാപണം നടത്തിയെങ്കിലും, മൊഹ്‌സിൻ നഖ്‌വി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാൻ സമ്മതിച്ചതായും സൂചനയുണ്ട്. 

Tags:    

Similar News