മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ പുതിയ നായകന്‍; ബാബറും ഷഹീനും ടീമില്‍ തിരിച്ചെത്തി; സല്‍മാന്‍ അലി ആഗ വൈസ് ക്യാപ്റ്റന്‍

മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാന്‍ നായകന്‍

Update: 2024-10-27 14:53 GMT

ലാഹോര്‍: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ വൈറ്റ് ബാള്‍ (ഏകദിന-ട്വന്റി 20 ) നായകനായി നിയമിച്ചു. പാക് സൂപ്പര്‍ താരം ബാബര്‍ അസമിന് പകരക്കാരനായാണ് റിസ്വാന്‍ എത്തുന്നത്. വൈസ് ക്യാപ്റ്റനായി സല്‍മാന്‍ അലി ആഗയെയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) തിരഞ്ഞെടുത്തു. വരാനിരിക്കുന്ന ഓസ്ട്രേലിയ, സിംബാബ്വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നായകനെയും ഉപനായകനെയും പ്രഖ്യാപിച്ചത്.

അതേസമയം, ബാബര്‍ അസമിനോട് നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടില്ലെന്നും സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നീക്കിയതെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ബാബര്‍ അസം പ്രഖ്യാപിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ അടുത്ത രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ബാബറിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്ററി 20 പരമ്പരയിലേക്ക് മൂവരും തിരിച്ചെത്തിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം സിംബാബ്വെയില്‍ നടന്ന ആറ് വൈറ്റ് ബോള്‍ മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. സിംബാബ്വെയ്ക്കെതിരായ ട്വന്റി 20യില്‍ നായകന്‍ മുഹമ്മദ് റിസ്വാനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

പാകിസ്താന് വേണ്ടി 74 ഏകദിനങ്ങളില്‍ നിന്ന് 40.15 ശരാശരിയില്‍ 2088 റണ്‍സും 102 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 48.7 ശരാശരിയില്‍ 3313 റണ്‍സും നേടിയ താരമാണ് പുതിയ നായകന്‍ മുഹമ്മദ് റിസ്വാന്‍. 35 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റിസ്വാന്‍ 41 ശരാശരിയില്‍ 2009 റണ്‍സ് നേടിയിട്ടുണ്ട്.

Tags:    

Similar News