ആദ്യം പുറത്തുവന്നത് ഒരു സീനിയര്‍ താരം ഇന്ന് വിരമിക്കുമെന്ന വിവരം; മഴ കളി മുടക്കിയപ്പോള്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമിന്റെ ദൃശ്യങ്ങള്‍; കോലി അശ്വിനെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോള്‍ ചിത്രം വ്യക്തം; സിഡ്‌നിക്കുവേണ്ടി കാത്തുനില്‍ക്കാതെ അശ്വിന്‍ വിരമിച്ചതിന് പിന്നില്‍

സിഡ്‌നിക്കുവേണ്ടി കാത്തുനില്‍ക്കാതെ അശ്വിന്‍ വിരമിച്ചതിന് പിന്നില്‍

Update: 2024-12-18 14:06 GMT

ബ്രിസ്ബേന്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്‌ബേനില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിലെ ഒരു സീനിയര്‍ താരം ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന വിവരം ആദ്യം പുറത്തുവന്നത്. ആരാകും ആ സീനിയര്‍ താരമെന്ന ആകാംക്ഷയിലായിരുന്നു പിന്നീട് ആരാധകര്‍. പരമ്പരയിലെ നിര്‍ണായക ടെസ്റ്റില്‍ ഓസിസ് ബാറ്റിംഗ് നിരയെ രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രയും സംഘവും എറിഞ്ഞൊതുക്കുമ്പോഴും ആ സീനിയര്‍ താരം ആരെന്ന ആകാംക്ഷ വിട്ടൊഴിഞ്ഞില്ല. ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യം ഒരുക്കി ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതോടെ മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന അവസ്ഥ

ഇന്ത്യന്‍ ഇന്നിംഗ്‌സിന് യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും കരുതലോടെ തുടക്കമിട്ടെങ്കിലും ചായയ്ക്ക് പിരിഞ്ഞതിന് പിന്നാലെ കനത്ത മഴ വന്നതോടെ മത്സരം തടസ്സപ്പെട്ടു. പിന്നാലെ മത്സരം സമനിലയില്‍ പിരിയാന്‍ ഇരു നായകന്മാരും സമ്മതം മൂളി. ഇതിന് പിന്നാലെയായിരുന്നു ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സര ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പം വാര്‍ത്താസമ്മേളനത്തിലായിരുന്നു താന്‍ വിരമിക്കുന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്

എന്നാല്‍ മത്സരം തീരുന്നതിന് മുമ്പെ ആരാധകര്‍ക്ക് മുന്നില്‍ ആ സീനിയര്‍ താരം ആരെന്ന സൂചന ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് ബ്രിസ്ബേനിലെ അവസാന ദിവസം കളി മുടങ്ങിയപ്പോഴാണ് ചിത്രം കൂടുതല്‍ വ്യക്തമായത്. ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ നിന്നുള്ള ഒരു വീഡിയോയാണ് ചര്‍ച്ചയായത്. അതില്‍ കോലി, അശ്വിനെ കെട്ടിപിടിക്കുന്നത് കാണാമായിരുന്നു. വികാരധീനനായി അശ്വിന്‍ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നുതന്നെ ആരാധകര്‍ക്ക് കൂടുതല്‍ കാര്യം വ്യക്തമായി. അശ്വിന്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകള്‍ വന്ന് തുടങ്ങിയതും അവിടെ നിന്നാണ്.

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അശ്വിന്‍ സംസാരിച്ചതിങ്ങനെ... ''ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇത് എന്റെ അവസാന വര്‍ഷമായിരിക്കും. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ എന്നില്‍ കുറച്ച് കൂടി കളിക്കാന്‍ എനിക്ക് ശേഷിയുണ്ട്. പക്ഷേ, അത് ക്ലബ് തലത്തില്‍ തുടരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും എന്റെ നിരവധി ടീമംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ വിരമിച്ചുകഴിഞ്ഞു. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അവയില്‍ ചിലത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. യാത്രയുടെ ഭാഗമായിട്ടുള്ള എല്ലാ പരിശീലകര്‍, രോഹിത്, വിരാട്, അജിന്‍ക്യ രഹാനനെ, ചേതേശ്വര്‍ പൂജാര.. എന്നിവരെല്ലാം എന്റെ യാത്രയുടെ ഭാഗമായവരാണ്. അവരാണ് എനിക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സഹായിച്ചത്. വളരെ കടുത്ത മത്സരാര്‍ത്ഥികളായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ഒരു വലിയ നന്ദി. പക്ഷേ ഇത് വളരെ വൈകാരികമായ ഒരു നിമിഷമാണ്. ഞാന്‍ ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉത്തരം നല്‍കുന്ന ഒരു അവസ്ഥയിലാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ദയവായി എന്നോട് ക്ഷമിക്കൂ. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, അതെ, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങളെ എല്ലാവരെയും ഉടന്‍ കാണും.'' അശ്വിന്‍ പറഞ്ഞു.

106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്രം 3503 റണ്‍സാണ് അശ്വിന്‍ അടിച്ചെടുത്തത്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. 2016ല്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റ് മത്സരങ്ങളില്‍ 72 വിക്കറ്റുകള്‍ താരം വീഴ്ത്തി. അശ്വിന്‍ ഉടന്‍ തന്നെ ടീം ക്യാംപ് വിടുമെന്നും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് രോഹിത് വ്യക്തമാക്കി.

അതേ സമയം സിഡ്‌നി ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയുണ്ടായിട്ടും അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്‌മെന്റ് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.

എന്നാല്‍ നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയ അഡ്ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി. എന്നാല്‍ മഴമൂലം സമനിലയായ ബ്രിസ്‌ബേനിലെ മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. മൂന്ന് ടെസ്റ്റിലും ഇന്ത്യ മൂന്ന് വ്യത്യസ്ത സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചത് അതിശയിപ്പിച്ചുവെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍ ടീമിലുള്ളപ്പോള്‍ മൂന്ന് ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വ്യത്യസ്ത സ്പിന്നര്‍മാരെ പരീക്ഷിച്ചത് ശരിക്കും അത്ഭുതപ്പെടുത്തി. അതുകണ്ടപ്പോള്‍ ഇവരിത് എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്തിരുന്നു. പക്ഷെ ഇന്ത്യയുടെ ബെഞ്ച് സ്ട്രങ്ത്ത് അത്രമാത്രമുണ്ട്. 500ന് മുകളില്‍ വിക്കറ്റെടുത്തിട്ടുള്ള അശ്വിനെ ബെഞ്ചിലിരുത്തിയാലും 300ന് മേല്‍ വിക്കറ്റെടുത്ത ജഡേജയെ അവര്‍ക്ക് കളിപ്പിക്കാനാകും. അതില്‍ ആരെ കളിപ്പിക്കണമെന്നത് ശരിക്കും സുഖമുള്ളൊരു തലവേദനയാണെന്നായിരുന്നു ലിയോണിന്റെ വാക്കുകള്‍.

കിവീസിനെതിരായ പരമ്പര എല്ലാം മാറ്റിമറിച്ചു

നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ മൂന്ന് കളികളില്‍ 9 വിക്കറ്റ് മാത്രമാണ് അശ്വിന് വീഴ്ത്താനായത്. രണ്ട് ടെസ്റ്റില്‍ മാത്രം കളിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 16 വിക്കറ്റുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായപ്പോഴെ തലമുറമാറ്റത്തിന് സമയമായെന്ന് തിരിച്ചറിവ് അശ്വിനുണ്ടായിക്കാണണം.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം സുന്ദറെ കളിപ്പിച്ച തീരുമാനത്തിലൂടെ ടീം മാനേജ്‌മെന്റ് നല്‍കിയതും വ്യക്തമായ സന്ദേശമായിരുന്നു. അഡ്ലെയ്ഡഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചെങ്കിലും ഇന്ത്യ 10 വിക്കറ്റിന് തോറ്റ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്‍ നേടിയത്. അവസാനം കളിച്ച നാലു ടെസ്റ്റില്‍ 10 വിക്കറ്റ് മാത്രമെ അശ്വിന്റെ പേരിലുള്ളു. അശ്വിന്റെ ഇതുവരെയുള്ള ബൗളിംഗ് നിലവാരം വെച്ചുനോക്കിയാല്‍ ഒട്ടും നീതീകരിക്കാനാവാത്ത പ്രകടനം.

അഡ്ലെയ്ഡ് ടെസ്റ്റിന് പിന്നാലെ ബ്രിസ്‌ബേനില്‍ വീണ്ടും പുറത്തിരുത്തിയപ്പോഴെ അശ്വിന്‍ സീനിയര്‍ താരങ്ങളോടും ടീം മാനേജ്‌മെന്റിനോടും ടീമിന് തന്നെ ആവശ്യമില്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന കാര്യം വ്യക്തമാക്കിയിരുന്നു. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍ സ്പിന്നര്‍മാരെ തുണക്കുന്ന പാരമ്പര്യമുള്ള സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അശ്വിന്‍ ടീമിലെത്താന്‍ സാധ്യതകളുണ്ടായിരുന്നു.

എങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ വരുന്ന ജൂണില്‍ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളത്. അത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയാണ്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ പോലും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണയും മാറ്റമുണ്ടാകാനുള്ള സാധ്യത വിരളമായതിനാല്‍ അനിവാര്യമായ തീരുമാനത്തിലേക്ക് അശ്വിനെത്തി. 2021 മുതല്‍ കാല്‍മുട്ടിനേറ്റ പരിക്കും അശ്വിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കണം.

ക്രിക്കറ്റിലെന്നപോലെ നാടകീയതകളൊന്നുമില്ലാതെ അടിമുടി മാന്യമായ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി 38കാരനായ അശ്വിന്‍ മടങ്ങാനുള്ള തീരുമാനമെടുത്തു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധെസഞ്ചുറികളുമായി ബാറ്ററെന്ന നിലയിലും വിലമതിക്കാനാവാത്ത സംഭാവകള്‍ നല്‍കി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തിരിച്ചെത്തിയ അശ്വിന്റെ അവസാന ഐപിഎല്ലുമാകും ഇത്തവണത്തേത് എന്നാണ് കരുതുന്നത്.

Tags:    

Similar News