അപ്രതീക്ഷിത വിരമിക്കല്‍; പിന്നാലെ ഫോണില്‍ വന്ന മിസ്ഡ് കോളുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി അശ്വിന്‍; വിളിച്ചവരില്‍ സച്ചിനടക്കം ഇതിഹാസ താരങ്ങളും; 25വര്‍ഷംമുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെയെന്ന് അശ്വിന്‍
മിസ്ഡ് കോളുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി അശ്വിന്‍
ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തിലൂടെ സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. ബ്രിസ്ബെയ്ന്‍ ടെസ്റ്റിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റിനിടെ മഴമൂലം കളി തടസപ്പെട്ട സമയത്ത് വിരാട് കോലിയുമായി അശ്വിന്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കരച്ചിലിന്റെ വക്കിലെത്തിയ അശ്വിനെ കോലി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെ താരം വിരമിക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെസ്റ്റ് സമനില ആയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അശ്വിന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഫോണിലെത്തിയ മിസ്ഡ് കോള്‍ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍. അശ്വിന്റെ പിതാവ് രവിചന്ദ്രന്‍ രണ്ട് തവണ അശ്വിനെ വിളിച്ചപ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ നായകന്‍ കപില്‍ ദേവുമാണ് അശ്വിന്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലുള്ളത്.
25 വര്‍ഷം മുമ്പ് ആരെങ്കിലും എനിക്കൊരു സ്മാര്‍ട് ഫോണുണ്ടാകുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ കരിയറിന്റെ അവസാന ദിവസത്തെ കോള്‍ ലോഗ് ഇങ്ങെന ആയിരിക്കുമെന്നും ആരെങ്കിലും പറഞ്ഞാല്‍ എനിക്കപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടാകുമായിരുന്നു. നന്ദി സച്ചിന്‍, കപില്‍ ദേവ് എന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അശ്വിന്‍ കുറിച്ചത്.
അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശ്വിന് സച്ചിന്‍ എക്‌സ് പോസ്റ്റിലൂടെ ആശംസ നേര്‍ന്നിരുന്നു. അശ്വിന്‍ മനസും ഹൃദയവും കൊണ്ട് താങ്കള്‍ കളിയെ സമീപിച്ച രീതിയുടെ ആരാധകനായിരുന്നു ഞാന്‍ എക്കാലവും. കാരം ബോളിന് പെര്‍ഫെക്ഷന്‍ നല്‍കുന്നതുമുതല്‍ ബാറ്റിംഗില്‍ നിര്‍ണായക റണ്‍സ് സംഭാവന ചെയ്തുവരെ താങ്കള്‍ വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തുറന്നെടുത്തു.
ഭാവി വാഗ്ദാനത്തില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നറായുള്ള താങ്കളുടെ വളര്‍ച്ച അതിശയകരമായിരുന്നു. ഒരിക്കലും പരീക്ഷണങ്ങള്‍ക്കും പരുവപ്പെടലുകള്‍ക്കും മടികാണിക്കാത്തതാണ് താങ്കളുടെ മഹത്വം. ഞങ്ങളെയെല്ലാവരെയും താങ്കളുടെ മഹത്വം പ്രചോദിപ്പിക്കും. താങ്കളുടെ രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ഭാവുകങ്ങളും എന്നായിരുന്നു സച്ചിന്റെ എക്‌സ് പോസ്റ്റ്.
ഓസ്‌ട്രേലിക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയായതിന് തൊട്ടുപിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച അശ്വിന് ഉചിതമായ യാത്രയയപ്പ അല്ല നല്‍കിയതെന്ന് കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ് തുടങ്ങിയ താരങ്ങള്‍ തന്നെ വിളിച്ചതില്‍ അശ്വിന്‍ നന്ദിയും അറിയിച്ചു. ഇതിനൊപ്പം കോള്‍ ലിസ്റ്റില്‍ ചീന എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറും കാണാം. ആരാണ് ഈ ചീന എന്നും ആരാധകര്‍ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്.
അനില്‍ കുംബ്ലെയ്ക്കുശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന്‍. 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.അപ്രതീക്ഷിത വിരമിക്കല്‍; പിന്നാലെ ഫോണില്‍ വന്ന മിസ്ഡ് കോളുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി അശ്വിന്‍; വിളിച്ചവരില്‍ സച്ചിനടക്കം ഇതിഹാസ താരങ്ങളും; 25വര്‍ഷംമുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെയെന്ന് അശ്വിന്‍