ടീമിലെ അഴിച്ചുപണികള്‍ രോഹിതിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധം; ഡ്രസ്സിങ് റൂമില്‍ താരങ്ങളുമായി അസ്വാരസ്യം; യുവതാരങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിയിലും പ്രകടനം മോശമായാല്‍ ഗംഭീര്‍ തെറിക്കും; പരിശീലകനില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി

ചാമ്പ്യന്‍സ് ട്രോഫിയിലും പ്രകടനം മോശമായാല്‍ ഗംഭീര്‍ തെറിക്കും

Update: 2025-01-01 13:45 GMT

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും തിരിച്ചടി നേരിട്ടതോടെ ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘവും പുറത്താകലിന്റെ വക്കില്‍. നായകന്‍ രോഹിത് ശര്‍മക്കും സീനിയര്‍ താരം വിരാട് കോലിക്കും മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്നതിനിടെ, തലമുറ മാറ്റത്തിനൊരുങ്ങുന്ന ടീമിനെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലകനും പരാജയപ്പെടുന്നുവെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.

ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും സഹപരിശീലകര്‍ക്കും നേരെ വിമര്‍ശനമുയരുന്നത്. പരമ്പരയില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 1-2 എന്ന നിലയില്‍ ഓസ്‌ട്രേലിയ മുന്നിലാണ്. അവസാന മത്സരം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ്, ടീം മോശം പ്രകടനം തുടരുകയാണെങ്കില്‍ പരിശീലകനെയും മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗംഭീറിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘം ചുമതലയേറ്റ ശേഷം ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പര കൈവിട്ടത് മുതല്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടതാണ് നിലവില്‍ വിമര്‍ശനത്തിന് ഇടയാക്കുന്നത്.

രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ പിന്തുടര്‍ന്നുവന്ന സൗഹാര്‍ദ നയമല്ല ഗംഭീറിന്റേത്. ഡ്രസ്സിങ് റൂമില്‍ താരങ്ങളുമായി അസ്വാരസ്യം ഉയരാറുണ്ടെന്നും എല്ലാവരുമായും ഒരുപോലെ ഇടപെടാന്‍ ഗംഭീര്‍ തയാറാവാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീമിലെ അഴിച്ചുപണികള്‍ പലപ്പോഴും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് നടക്കാറുള്ളത്. യുവതാരങ്ങളില്‍ പലര്‍ക്കും ഗംഭീറില്‍ വിശ്വാസമില്ലെന്നും വിവരമുണ്ട്.

''പരമ്പരയില്‍ ഒരു ടെസ്റ്റ് മത്സരം കൂടി നടക്കാനുണ്ട്. പിന്നീട് ചാമ്പ്യന്‍സ് ട്രോഫിയും. പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ ഗംഭീറിന്റെ സ്ഥാനം പോലും സുരക്ഷിതമായിരിക്കില്ല. ഗംഭീറായിരുന്നില്ല പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ച ആദ്യത്തെയാള്‍, അത് വി.വി.എസ് ലക്ഷ്മണായിരുന്നു. ചില വിദേശ പരിശീലകരെയും ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തിലാണ് ഗംഭീറിനെ നിയമിച്ചത്'' -പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോടെ പറഞ്ഞതാണിത്.

സെലക്ഷന്‍ കമ്മിറ്റിയുമായി ഗംഭീര്‍ ഇടഞ്ഞെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഫലപ്രദമായി ഉപയോഗിക്കാനായെങ്കിലും ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനായതോടെ, പുതുതായി ആരെങ്കിലും ബി.സി.സി.ഐ തലപ്പത്ത് എത്തിയാല്‍ ടീം മാനേജ്‌മെന്റില്‍ അഴിച്ചുപണികള്‍ നടത്തിയേക്കും. നേരത്തെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പയില്‍ 0-3ന് ഇന്ത്യ തോറ്റപ്പോള്‍ മുതല്‍ ഗംഭീറിനു മേല്‍ കരിനിഴല്‍ വീണിരുന്നു. ഐപിഎല്‍ ടീമിനെ പരിശീലിപ്പിച്ച പരിചയം മാത്രമുള്ള ഗംഭീറിനെ ട്വന്റി 20 ടീമിന്റെ മാത്രം പരിശീലകനാക്കണമെന്ന ആവശ്യവും ഇടക്ക് ഉയര്‍ന്നിരുന്നു.

അതേ സമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളോട് പരിശീലകന്‍ ഗൗതം ഗംഭീര്‍ ഡ്രസിങ് റൂമില്‍വച്ച് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതായി വിവരമുണ്ട്. 'എനിക്കു മതിയായെന്ന്' ഗംഭീര്‍ ഇന്ത്യന്‍ താരങ്ങളോടു ദേഷ്യത്തോടെ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണ്‍ ടെസ്റ്റും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഇന്ത്യയുടെ മോഹം തുലാസിലായി. ദക്ഷിണാഫ്രിക്ക ടെസ്റ്റ് ഫൈനലിന് യോഗ്യത നേടിയപ്പോള്‍, ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്കു ഭീഷണിയായുള്ളത്.

പ്ലേയിങ് ഇലവനിലെ ചില പ്രധാന താരങ്ങള്‍ സ്വന്തം ഇഷ്ടം പോലെയാണു കളിച്ചതെന്നും ഗംഭീര്‍ വിമര്‍ശിച്ചു. അങ്ങനെ കളിക്കാന്‍ ആറു മാസം നല്‍കിയെന്നും ഇനി അത് അവസാനിപ്പിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ടീമിനായി തയാറാക്കുന്ന തന്ത്രം അനുസരിച്ചു കളിച്ചില്ലെങ്കില്‍, ആരായാലും പുറത്താക്കുമെന്നാണ് ഗംഭീര്‍ താരങ്ങള്‍ക്കു നല്‍കിയ താക്കീത്.

മെല്‍ബണില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവര്‍ അതിവേഗം പുറത്തായതാണ് ഇന്ത്യയുടെ മോശം പ്രകടനത്തിനു കാരണമായതെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. പന്തു നേരിടാനുള്ള ക്ഷമ കാണിക്കാതെ ഇന്ത്യന്‍ താരങ്ങള്‍ അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ചു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് ഗൗതം ഗംഭീറിന്റെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണു വിവരം. മെല്‍ബണ്‍ ടെസ്റ്റ് വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 2 - 1ന് മുന്നിലാണ്.

Tags:    

Similar News