അഹമ്മദബാദിലെ 'പിച്ച്' ചതിച്ചാശാനെ! മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ടേണില്ല; ഗുജറാത്തിനെ തുണച്ച് പാഞ്ചലിന്റെ 'പഞ്ച്' സെഞ്ചുറിയും; ഒന്നാം ഇന്നിംഗ്സ് ലീഡിനായി ആതിഥേയര്‍ പൊരുതുന്നു; നാലാം ദിനത്തിന്റെ ആദ്യ സെഷന്‍ കേരളത്തിന് നിര്‍ണായകം
ഗുജറാത്തിനെ തുണച്ച് പാഞ്ചലിന്റെ 'പഞ്ച്' സെഞ്ചുറി
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രണ്ട് ദിവസം പ്രതിരോധക്കോട്ട കെട്ടി റണ്‍മല ഉയര്‍ത്തിയ കേരളത്തിന് മൂന്നാം ദിനത്തില്‍ അതേ നാണയത്തില്‍ മറുപടിയുമായി ഗുജറാത്ത് ബാറ്റര്‍മാര്‍. രഞ്ജി ട്രോഫിയിലെ സെമി പോരാട്ടത്തില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ് ഗുജറാത്ത്. നാലാം ദിവസം ഗുജറാത്ത് ബാറ്റര്‍മാരെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിന്റെ ഫൈനല്‍ സാധ്യതകള്‍ തുലാസിലാകും. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ 457 റണ്‍സിന് പുറത്താക്കിയ ഗുജറാത്തിനായി ഓപ്പണര്‍ പ്രിയങ്ക് പഞ്ചല്‍ 200 പന്തില്‍ 117 റണ്‍സോടെയും മനന്‍ ഹിന്‍ഗ്രാജിയ 108 പന്തില്‍ 30 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുകയാണ്.
ഒന്‍പതു വിക്കറ്റ് കയ്യിലിരിക്കെ കേരളത്തേക്കാള്‍ 235 റണ്‍സ് പിന്നിലാണ് ഗുജറാത്ത്. നേരിട്ട 155ാം പന്തില്‍ കേരളത്തിന്റെ ആദിത്യ സര്‍വാതെയെ സിക്‌സര്‍ പറത്തിയാണ് പ്രിയങ്ക് സെഞ്ചറിയിലെത്തിയത്. അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ ആര്യ ദേശായിയാണ് പുറത്തായത്. 118 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സെടുത്ത ആര്യ ദേശായിയെ എന്‍.പി. ബേസിലാണ് പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ പഞ്ചല്‍ ആര്യ സഖ്യം 36.4 ഓവറില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ആക്രമിച്ച് കളിക്കാനാണ് ഗുജറാത്ത് തുടക്കത്തില്‍ തന്നെ ശ്രമിച്ചത്. മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ നിന്ന് കാര്യമായ ടേണ്‍ ലഭിച്ചില്ല. കേരള സ്പിന്നര്‍മാരായ ജലജ് സക്സേന, ആദിത്യ സര്‍വാതെ എന്നിവരെ ഫലപ്രദമായി നേരിടാന്‍ ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാനും അവര്‍ക്കായി. ഓപ്പണിംഗ് വിക്കറ്റിലെ 131 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആര്യ ദേശായിയെ ബൗള്‍ഡാക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
118 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ആര്യ ദേശായി 73 റണ്‍സടിച്ചത്. ദേശായി മടങ്ങിയെങ്കിലും ഗുജറാത്ത് ചെറുത്ത് നില്‍പ്പ് തുടര്‍ന്നു. പ്രിയങ്ക് - മനന്‍ സഖ്യം ഇതുവരെ 91 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പാഞ്ചല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ഒരു സിക്സും 13 ഫോറും താരം നേടിയിട്ടുണ്ട്. നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്.
418-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ (11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ് (5) റണ്ണൗട്ടായി. എന്‍പി ബേസിലിനെ (1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്തുകള്‍ നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 177 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ന് ബാറ്റിങ് പുനരാരംഭിച്ച കേരളം, പതിവിനു വിപരീതമായി ആക്രമണ മോഡിലേക്ക് മാറുന്നതിന്റെ സൂചനകളുമായാണ് തുടക്കമിട്ടത്. മൂന്നാം ദിനം നാലാം ഓവറിലെ നാലാം പന്തില്‍ ആദിത്യ സര്‍വാതെയെ ക്ലീന്‍ ബൗള്‍ഡാക്കി ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
തൊട്ടുപിന്നാലെ ആക്രമണത്തിലേക്ക് ഗീയര്‍ മാറ്റിയ അസ്ഹറുദ്ദീന്‍, ചിന്തന്‍ ഗജയ്ക്കെതിരെ ഒരു ഓവറില്‍ സിക്‌സും ഫോറും അടുത്ത ഓവറില്‍ ഫോറും നേടി. ഇതിനിടെ അര്‍സാന്‍ നഗ്വാസ്വാലയുടെ ഓവറിലും ഒരു ഫോറടിച്ചു. ഇതിനിടെ സ്‌ട്രൈക്ക് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ എം.ഡി. നിധീഷ് റണ്ണൗട്ടായി. ഏഴു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സെടുത്തായിരുന്നു മടക്കം. അധികം വൈകാതെ മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത ബേസിലിനെയും കൂടാരം കയറ്റി ഗജ തന്നെ കേരളത്തെ 457 റണ്‍സില്‍ പിടിച്ചുകെട്ടി.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (195 പന്തില്‍ 69), സല്‍മാന്‍ നിസാര്‍ (202 പന്തില്‍ 52) എന്നിവരും കേരളത്തിനായി അര്‍ധസെഞ്ചറി നേടിയിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (71 പന്തില്‍ 30), രോഹന്‍ കുന്നുമ്മല്‍ (68 പന്തില്‍ 30), ജലജ് സക്‌സേന (83 പന്തില്‍ 30), അരങ്ങേറ്റ മത്സരം കളിച്ച അഹമ്മദ് ഇമ്രാന്‍ (66 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് അരങ്ങേറ്റത്തിനെത്തിയ വരുണ്‍ നായനാര്‍ മാത്രം. 55 പന്തില്‍ ഒരു ഫോര്‍ സഹിതം നേടിയത് 10 റണ്‍സ്.
ഗുജറാത്തിനായി അര്‍സാന്‍ നഗ്വാസ്വാല 34 ഓവറില്‍ 81 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ 33 ഓവറില്‍ 75 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പ്രിയജിത് സിങ് ജഡേജ, രവി ബിഷ്‌ണോയ്, വിശാല്‍ ജയ്സ്വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. രണ്ടു കേരള താരങ്ങള്‍ റണ്ണൗട്ടായി.