വൈഭവ് സൂര്യവംശിക്ക് 22 ലക്ഷത്തിന്റെ കാര്‍ നല്‍കി ടാറ്റ; 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെ കാറും സമ്മാനം; അണ്ടര്‍-19 ലോകകപ്പ് ജേതാവായതിനാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന്
വൈഭവ് സൂര്യവംശിക്ക് 22 ലക്ഷത്തിന്റെ കാര്‍ നല്‍കി ടാറ്റ
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14കാരന്‍ 'വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാര്‍ സമ്മാനമായി ലഭിച്ചു. ഐപിഎല്‍ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം ''സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍'' പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ് ടാറ്റ മോട്ടോഴ്സിന്റെ 'കര്‍വ്' മോഡല്‍ കാര്‍ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളത്തിലിറങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തുകളില്‍ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഐസിസി അണ്ടര്‍-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ ഇന്നിങ്സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടര്‍-19 ലോകകപ്പില്‍ 439 റണ്‍സ് നേടിയ താരം ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും ടൂര്‍ണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടര്‍-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകള്‍ കാരണം അത് ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.