ചെപ്പോക്കില്‍ ഇന്ന് ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; സിംബാംവെയെ തോല്‍പ്പിക്കുന്നത് വമ്പന്‍ മാര്‍ജിനില്‍ തന്ന് വേണം; സഞ്ജു സാംസണിനെ ഓപ്പണറായി ഒരിക്കല്‍ക്കൂടി പരീക്ഷിക്കാന്‍ സാധ്യത

ചെപ്പോക്കില്‍ ഇന്ന് ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; സിംബാംവെയെ തോല്‍പ്പിക്കുന്നത് വമ്പന്‍ മാര്‍ജിനില്‍ തന്ന് വേണം

Update: 2026-02-26 04:44 GMT

ചെന്നൈ: ചെപ്പോക്കില്‍ ഇന്ന് ഇന്ത്യയ്്ക്ക് ജീവന്‍മരണ പോരാട്ടം. വെറും ജയമല്ല വന്‍വ്യത്യാസത്തില്‍ സിംബാബ്വെയെ തോല്‍പ്പിച്ച് സെമിസാധ്യത നിലനിര്‍ത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കടമ്പ. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ ലക്ഷ്യം ഇതൊന്നുമാത്രമാണ്. ആദ്യകളിയില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയും ഗ്രൂപ്പിലെ വെസ്റ്റ് ഇന്‍ഡീസിന്റെ വന്‍ജയവും സൃഷ്ടിച്ച സമ്മര്‍ദത്തില്‍നിന്ന് കരകയറാന്‍ ഇന്ത്യന്‍ ടീമിന് മുന്നിലുള്ള ഒറ്റമൂലിയാണിത്. വ്യാഴാഴ്ച രാത്രി ഏഴുമുതലാണ് ഇന്ത്യ-സിംബാബ്വെ നിര്‍ണായകപോരാട്ടം.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് കളിക്കാരുടെ സെലക്ഷന്‍ തലവേദനയാണ്. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലും സ്പിന്‍ വിഭാഗത്തിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി ഒരിക്കല്‍ക്കൂടി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ഇടംകൈയന്മാരായതിനാല്‍ എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിക്കുന്ന തന്ത്രം ടീമിന് തിരിച്ചടിയാകുന്നുണ്ട്. ഇത് മറികടക്കാനാണ് വലംകൈയന്‍ ബാറ്ററായ സഞ്ജുവിനെ കൊണ്ടുവരാന്‍ സാധ്യതയുള്ളത്. വ്യക്തിപരമായ കാരണത്താല്‍ നാട്ടിലേക്കുപോയ റിങ്കു സിങ് ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ഈ ഒഴിവില്‍ സഞ്ജുവിനെ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന്‍ മൂന്നാംനമ്പറിലാകും ഇറങ്ങുന്നത്.

ഇടംകൈയന്‍ സ്പിന്നറും വൈസ് ക്യാപ്റ്റനുമായ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തും. അക്‌സര്‍ വന്നാല്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് സ്ഥാനം നഷ്ടമാകും. പേസര്‍മാരായ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ചരീതിയില്‍ പന്തെറിഞ്ഞത് ടീമിന് ആശ്വാസംപകരുന്ന കാര്യമാണ്.

അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചവരാണ് സിംബാബ്വെ. എന്നാല്‍ സൂപ്പര്‍ എട്ടിലെ ആദ്യകളിയില്‍ വിന്‍ഡീസില്‍നിന്ന് വന്‍തോല്‍വിയേറ്റ ടീമിന് ഇന്ത്യക്കെതിരേയുള്ള പോരാട്ടം നിലനില്‍പ്പിന്റേതാണ്. ഓപ്പണര്‍മാരായ ബ്രിയന്‍ ബെന്നറ്റ്, ടാഡിവാനഷെ മറുമാനി, റയാന്‍ ബുര്‍ള്‍ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. 11 വിക്കറ്റ് നേടിയ പേസര്‍ ബ്ലെസിങ് മുസറബാനി, ഒന്‍പത് വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് എന്‍ഗറാവ എന്നിവരുള്‍പ്പെടുന്ന പേസ് നിര ശക്തമാണ്. ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍കഴിയുന്ന താരമാണ്.

Tags:    

Similar News