സൂര്യകുമാറിന്റെയും നമന്‍ ഥിറിന്റെയും പോരാട്ടം പാഴായി; സാന്റ്‌നറെ കാഴ്ചക്കാരനാക്കിയ ഹാര്‍ദികിന്റെ 'വണ്‍ മാന്‍ ഷോ' പൊളിച്ച് അവേശ് ഖാനും ഷാര്‍ദൂല്‍ ഠാക്കൂറും; ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് കീഴടക്കി ലക്‌നൗ

ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് കീഴടക്കി ലക്‌നൗ

Update: 2025-04-04 18:25 GMT

ലക്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വമ്പൊടിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സീസണിലെ മൂന്നാം തോല്‍വിയുമായാണ് മുംബൈ ലക്‌നൗവില്‍ നിന്നും മടങ്ങുന്നത്. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരാണ് മുംബൈ ഇന്നിംഗ്സില്‍ തിളങ്ങിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്നേഷ് പുത്തൂര്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മിച്ചല്‍ സാന്റ്‌നറും ക്രീസിലുണ്ടായിട്ടും ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈയ്ക്ക് ജയത്തിലെത്താനായില്ല. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്‌നൗ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. മത്സരത്തില്‍ ലക്‌നൗ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.

രണ്ട് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായെങ്കിലും പവര്‍ പ്ലേയില്‍ തന്നെ കരകയറാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 17 എന്ന നിലയിലായിരുന്നു മുംബൈ. ഓപ്പണര്‍മാരായ വില്‍ ജാക്സ് (5), റ്യാന്‍ റിക്കള്‍ട്ടണ്‍ (10) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആകാശ് ദീപ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. പിന്നീട്, സൂര്യ-നമന്‍ സഖ്യം മുംബൈയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

43 പന്തില്‍ 67 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നമന്‍ ഥിര്‍ (24 പന്തില്‍ 46), ഹാര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 28), തിലക് വര്‍മ (23 പന്തില്‍ 25) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങ്ങില്‍ വില്‍ ജാക്‌സും (അഞ്ച്), റയാന്‍ റിക്കിള്‍ട്ടനും (10) തുടക്കത്തില്‍ തന്നെ മടങ്ങിയെങ്കിലും, നമന്‍ ഥിറും സൂര്യകുമാര്‍ യാദവും മുംബൈയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സ്‌കോര്‍ 86ല്‍ നില്‍ക്കെ ദിഗ്‌വേഷ് രാതിയുടെ പന്തില്‍ നമന്‍ ഥിര്‍ ബോള്‍ഡായി. 10 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്.

തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റു പോയത് മത്സരത്തില്‍ നിര്‍ണായകമായി. 17ാം ഓവറിലെ ആവേശ് ഖാന്റെ പന്തില്‍ അബ്ദുല്‍ സമദ് ക്യാച്ചെടുത്താണു സൂര്യയെ മടക്കിയത്. അവസാന മൂന്നോവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 40 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ മുംബൈ നേടിയത് ഏഴു റണ്‍സ് മാത്രം. ഈ ഓവറില്‍ തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി. ഇതോടെ അവസാന ആറു പന്തുകളില്‍ മുംബൈയ്ക്ക് ആവശ്യം 22 റണ്‍സ്.

ആവേശ് ഖാന്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ ഹാര്‍ദിക് പാണ്ഡ്യ സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് പാണ്ഡ്യ വീണ്ടും സ്‌ട്രൈക്കില്‍. മൂന്നാം പന്തില്‍ സിംഗിള്‍ എടുക്കാമായിരുന്നിട്ടും ഹാര്‍ദിക് പാണ്ഡ്യ മിച്ചല്‍ സാന്റ്‌നര്‍ക്കു സ്‌ട്രൈക്ക് നല്‍കിയില്ല. ആവേശിന്റെ നാലാം പന്തില്‍ റണ്ണൊന്നും എടുക്കാന്‍ പാണ്ഡ്യയ്ക്കു സാധിക്കാതിരുന്നതോടെ മുംബൈ പ്രതിരോധത്തിലായി. അവസാന രണ്ടു പന്തുകളില്‍ മുംബൈ നേടിയത് ഒരു റണ്‍ മാത്രം. ഇതോടെ ലക്‌നൗ 12 റണ്‍സ് വിജയം സ്വന്തമാക്കി. ലക്‌നൗവിനായി ഷാര്‍ദൂല്‍ ഠാക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്‌വേഷ് രാതി എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ഹോം ഗ്രൗണ്ടില്‍ ലക്‌നൗവിന്റെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റു ചെയ്ത ലക്‌നൗ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും അര്‍ധ സെഞ്ചറി നേടി. 31 പന്തുകള്‍ നേരിട്ട മാര്‍ഷ് 60 റണ്‍സും 38 പന്തുകളില്‍ മാര്‍ക്രം 53 റണ്‍സും അടിച്ചുപുറത്തായി. ആയുഷ് ബദോനി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരാണ് ലക്‌നൗവിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

76 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ലക്‌നൗവിനായി പടുത്തുയര്‍ത്തിയത്. അര്‍ധ സെഞ്ചറി നേടിയ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കിയത് മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍. വമ്പനടിക്കാരനായ നിക്കോളാസ് പുരാന്‍ 12 റണ്‍സ് മാത്രമെടുത്തു പുറത്തായത് ലക്‌നൗവിനു തിരിച്ചടിയായി. ക്യാപ്റ്റന്‍ പാണ്ഡ്യയുടെ പന്തില്‍ ദീപക് ചാഹര്‍ ക്യാച്ചെടുത്താണ് പുരാനെ മടക്കിയത്.

ക്യാപ്റ്റന്‍ ഋഷഭ് പന്തും നിരാശപ്പെടുത്തി. രണ്ടു റണ്‍സ് മാത്രമെടുത്ത പന്തിനെ പാണ്ഡ്യയുടെ ബോളില്‍ പകരക്കാരന്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്തു മടക്കി. മാര്‍ക്രത്തോടൊപ്പം ആയുഷ് ബദോനിയും നിലയുറപ്പിച്ചതോടെ ലക്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ന്നു. സ്‌കോര്‍ 158ല്‍ നില്‍ക്കെ ബദോനിയെ ഇന്ത്യന്‍ യുവപേസര്‍ അശ്വനി കുമാര്‍ പുറത്താക്കി. പിന്നാലെ മാര്‍ക്രം പാണ്ഡ്യയുടെ പന്തില്‍ ഔട്ടായി.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും ഫോറും പറത്തിയ ഡേവിഡ് മില്ലറാണ് ലക്‌നൗവിനെ 200 കടത്തിയത്. 20ാം ഓവറിലെ നാലാം പന്തില്‍ മില്ലറെ നമന്‍ ഥിറിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ നാലാം വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ ആകാശ് ദീപും പുറത്തായതോടെ പാണ്ഡ്യയ്ക്ക് അഞ്ച് വിക്കറ്റ്. നാലോവറുകള്‍ പന്തെറിഞ്ഞ പാണ്ഡ്യ 36 റണ്‍സാണു വഴങ്ങിയത്. വിഘ്‌നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Similar News