ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഓടിയെത്തുന്ന മകന്‍; രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികില്‍; ലാലുവിനോളം മലയാളി സ്‌നേഹിച്ച അമ്മ മുഖം; അന്നൊരിക്കല്‍ മകന്റെ അഭിനയം കാണാന്‍ അമ്മ സെറ്റില്‍ എത്തിയപ്പോള്‍
തിരുവനന്തപുരം: മലയാളത്തിന്റെ സ്‌നേഹം ഒന്നാകെ ഏറ്റുവാങ്ങുമ്പോഴും അമ്മയായിരുന്നു മോഹന്‍ ലാലിന് എല്ലാം. അമ്മ ശാന്തകുമാരി വിടവാങ്ങുമ്പോള്‍ മോഹന്‍ലാലിനു നഷ്ടമാവുന്നത്, തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കരുത്തായി നിന്ന തണല്‍ കൂടിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ വെച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ അന്ത്യം.
തന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ അമ്മയാണെന്ന് മോഹന്‍ ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മക്കരികില്‍ എന്നും അച്ചടക്കമുള്ള കുഞ്ഞാണ് മോഹന്‍ലാല്‍. അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ നനവ് പടരുന്ന ലാലിനെയും മലയാളികള്‍ ഓര്‍ക്കുന്നുണ്ടാകും. വീഴ്ചയിലും താഴ്ചയിലും തുണച്ച കൈകള്‍. സിനിമയുടെ ഇടവേളകളിലെല്ലാം അമ്മയ്‌ക്കൊപ്പം ചെലവിടാന്‍ മോഹന്‍ലാല്‍ ഓടിയെത്തും.. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ലാല്‍ ആദ്യം എത്തിയതും ശാന്തകുമാരിയമ്മക്കരികിലേക്കാണ്. അതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ അമ്മയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് താരം സംസാരിച്ചു. അമ്മയുടെ അനുഗ്രഹം കൊണ്ട് കൂടിയാണ് തനിക്ക് ഈ നേട്ടം ഉണ്ടായത് എന്നായിരുന്നു നടന്‍ പറഞ്ഞത്.
'അത് കാണാന്‍ അമ്മക്ക് ഭാഗ്യം ഉണ്ടായി അമ്മയെ കാണാന്‍ എനിക്കും ഭാഗ്യം ഉണ്ടായി. എന്റെ അമ്മക്ക് സുഖമില്ലാതെയിരിക്കുകയാണ്. അമ്മ എന്നെ അനുഗ്രഹിച്ചു. സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അമ്മ പറയുന്നത് എനിക്ക് മനസിലാകും. അമ്മയുടെ അനുഗ്രഹവും ഈ നേട്ടത്തിന് പിന്നിലുണ്ട്'- മോഹന്‍ലാല്‍ പറഞ്ഞു.
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ലാല്‍ അരികെയുണ്ടാകും. 2024ലെ അമ്മയുടെ പിറന്നാള്‍ ആഘോഷം സൈബറിടത്ത് മധുരമുള്ള ഒരു ഓര്‍മയായി ഇന്നും അവശേഷിക്കുന്നുണ്ട്. ലാലിന്റെ ഇഷ്ട ചിത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു വലിയ നിര തന്നെയുണ്ട് ശാന്തകുമാരിയമ്മക്ക് പറയാന്‍. അതില്‍ എന്നും മുന്നില്‍ നിന്നത് 'ചിത്രം' ആണ്. താന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞപ്പോള്‍ ലാലിനെ വേദനിപ്പിച്ചത് അമ്മയെ ആ സിനിമ കാണിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു.
സിനിമയിലാണെങ്കില്‍ പോലും തന്റെ മകന് മര്‍ദ്ദനമേല്‍ക്കുന്ന രംഗങ്ങള്‍ കാണുന്നത് അമ്മയ്ക്ക് വലിയ പ്രയാസമായിരുന്നു എന്ന് മോഹന്‍ലാല്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ കരിയറിലെ ആദ്യകാല വില്ലന്‍ വേഷങ്ങള്‍ കണ്ട് അമ്മ സങ്കടപ്പെടുന്നത് പതിവായിരുന്നു. മോഹന്‍ലാലിന്റെ ഷൂട്ടിംഗ് കാണാന്‍ അമ്മ നേരിട്ട് ലൊക്കേഷനിലെത്തിയ ഒരു അനുഭവം സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും ഒരിക്കല്‍ പങ്കുവെച്ചിരുന്നു.
പത്മരാജന്റെ 'തൂവാനത്തുമ്പികളുടെ' ലൊക്കേഷനാണ് അത്തരമൊരു അപൂര്‍വ്വനിമിഷത്തിനു സാക്ഷിയായത്. മകന്റെ അഭിനയം നേരില്‍ കാണാന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ സെറ്റില്‍ ശാന്തകുമാരിയമ്മയും എത്തിയിരുന്നു. മോഹന്‍ലാലിന്റെ അമ്മാവന്‍ രാധാകൃഷ്ണനൊപ്പമാണ് ശാന്തകുമാരിയമ്മ ലൊക്കേഷനില്‍ എത്തിയത്.
അനന്തപത്മനാഭന്റെ വാക്കുകള്‍: 'അമ്മ മകന്റെ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം. 1977ലാണ് വിശ്വനാഥന്‍ നായര്‍ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരന്‍ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടില്‍ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥന്‍ നായര്‍ അങ്കിളിന്റെ സഹപ്രവര്‍ത്തകന്‍. അന്ന് ലാലേട്ടന്‍ തുടങ്ങിയിട്ടില്ല. പിന്നെയുളള വര്‍ഷങ്ങളില്‍ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂര്‍ സെറ്റില്‍ അമ്മയും വന്നത് കൊണ്ട് അവര്‍ക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകള്‍.
ഷോട്ടിനിടക്ക് ലാലേട്ടന്‍ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവന്‍ രാധാകൃഷ്ണനും ഉണ്ട്. 'തൂവാനത്തുമ്പി' കളിലെ 'മൂലക്കുരുവിന്റെ അസ്‌ക്യത ' എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തില്‍ തോന്നിയിട്ടുണ്ട്.
മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്. ''അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍'' മോഹന്‍ലാല്‍ പറയുന്നു.
''കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.
എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു.
തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും മോഹന്‍ലാല്‍ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവെച്ചിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനിയായ ശാന്തകുമാരി ദീര്‍ഘകാലം തിരുവനന്തപുരത്തെ 'ഹില്‍വ്യൂ' എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയപ്പോള്‍ ലാല്‍ അമ്മയെ കൊച്ചിയിലേക്ക് മാറ്റി. തന്റെ ജീവിതത്തിലെ ഏതൊരു വലിയ നേട്ടവും അമ്മയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ താരം മറന്നിരുന്നില്ല. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു. ആ വലിയ തണലാണ് ഇന്ന് മാഞ്ഞുപോയിരിക്കുന്നത്.
ഇന്ന് ശാന്തകുമാരിയമ്മ ലോകത്തോട് വിട പറഞ്ഞെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഉള്ളുപിടയുന്ന പ്രിയനടന്റെ മുഖമായിരിക്കും മലയാളികളുടെ മനസില്‍ തെളിയുന്നത്. അത്രത്തോളം പ്രക്ഷകര്‍ക്ക് സുപരിചതമാണ് ആ ആത്മബന്ധം. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു ശാന്തകുമാരിയുടെ അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരത്തായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
