'തട്ടിപ്പുകാരെ എനിക്കറിയാം, ബസ്സില്‍ നിന്ന് ഇറങ്ങെടീ'; ഗൂഗിള്‍ പേ പണി കൊടുത്തു; ടിക്കറ്റ് എടുക്കാന്‍ 18 രൂപ തികഞ്ഞില്ല; രാത്രിയില്‍ യുവതിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഇറക്കിവിട്ടത് തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത വിജനമായ സ്ഥലത്ത്; പരാതിയുമായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി; നടപടിയെടുക്കുമെന്ന് അധികൃതര്‍
തിരുവനന്തപുരം: ഗൂഗിള്‍ പേ വഴി യാത്രാക്കൂലിയായ പതിനെട്ട് രൂപ നല്‍കാന്‍ കഴിയാതെ വന്നതോടെ തിരുവനന്തപുരം വെളളറടയില്‍ രാത്രി യാത്രയ്ക്കിടയില്‍ യുവതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ദിവ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. പെരുവഴിയില്‍ ഇറക്കിയത് കാരണം രാത്രിയില്‍ ഏറെ ദൂരം ഒറ്റയ്ക്ക് നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയതെന്നാണ് ആക്ഷേപം.
ജോലി കഴിഞ്ഞ് രാത്രി നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള അവസാന ബസിലാണ് ദിവ്യ വീട്ടിലേക്ക് മടങ്ങുന്നത്. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ കൂനമ്പനയില്‍ നിന്ന് ബസില്‍ കയറി. പഴ്‌സെടുക്കാന്‍ മറന്നതിനാല്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റ് നിരക്ക് നല്‍കാമെന്നായിരുന്നു കരുതിയത്. കാരക്കോണത്തുനിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചില്ലെങ്കിലും സര്‍വറിന്റെ തകരാര്‍ കാരണം ഇടപാട് നടത്താനായില്ല. പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു.
18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യാത്തതാണ് ബസ്സില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമെന്നാണ് പറയുന്നത്. രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. 26ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യയാണ് ദുരനുഭവം നേരിട്ടത്.
അന്ന് പഴ്സെടുക്കാന്‍ മറന്നു. ഗൂഗിള്‍ പേ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന വിശ്വാസത്തിലാണ് ബസ്സില്‍ കയറിയത്. 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചില്ലെങ്കിലും സെര്‍വര്‍ തകരാര്‍ കാരണം യഥാക്രമം ഇടപാട് നടത്താന്‍ കഴിഞ്ഞില്ല. പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് യുവതി പറയുന്നു.
'സര്‍വറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വെള്ളറടയില്‍ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നല്‍കാന്‍ കഴിയും എന്നും കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍ കണ്ടക്ടര്‍ ഇതിന് വഴങ്ങിയില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സില്‍ നിന്ന് ഇറങ്ങെടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു' ദിവ്യയുടെ പരാതിയില്‍ പറയുന്നു.
തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. പിന്നീട് ഭര്‍ത്താവ് എത്തിയതായും ദിവ്യ വ്യക്തമാക്കി. ഭര്‍ത്താവ് ബൈക്കിലെത്തിയാണ് നിലമാമൂട് ഭാഗത്തുനിന്ന് ദിവ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകള്‍ എടുക്കാറുള്ളത്. സംഭവത്തില്‍ ദിവ്യ വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.
