'നമ്മുക്ക് നിലയും വിലയുമൊന്നുമില്ല'; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ ഹൈക്കമാണ്ടിനെ ട്രോളി കണ്ണൂരിലെ നേതാവ്; ദേശീയ നേതൃത്വത്തിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ? സുധാകരന്റെ പടയൊരുക്കം പ്രതീക്ഷയാകുന്നത് അടൂര്‍ പ്രകാശിനും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന്‍ എം.പി. ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരന്‍ തന്റെ കടുത്ത അതൃപ്തി പരസ്യമാക്കിയത്. 'നമ്മുക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല' എന്ന സുധാകരന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു അഗ്‌നിപര്‍വ്വതം പുകയുന്നതിന്റെ സൂചനയാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുധാകരനെ കാത്ത് വലിയൊരു മാധ്യമപ്പടയുണ്ടായിരുന്നു. എന്നാല്‍ സാധാരണ എം.പിമാര്‍ ഉപയോഗിക്കുന്ന വിഐപി ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ വരുമെന്ന് അറിയിച്ച് മാധ്യമങ്ങളെ വഴിതിരിച്ചു വിട്ടു. ഒടുവില്‍ എല്ലാവരെയും വെട്ടിച്ച് വിഐപി ഗേറ്റിലൂടെ തന്നെ പുറത്തുവന്ന അദ്ദേഹം കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തില്‍ വേഗത്തില്‍ മടങ്ങി. അതൃപ്തിയുടെ പുകമറയ്ക്കിടയിലും അദ്ദേഹം ഇന്ന് പാര്‍ലമെന്റിലെത്തുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായോ മറ്റ് നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. കേരളത്തില്‍ എംപിമാര്‍ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും അനുമതി നല്‍കിയിട്ടില്ല.
തിങ്കളാഴ്ച തന്നെ രാഹുല്‍ ഗാന്ധി സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും 'ഉറപ്പ് ലഭിക്കാതെ വരില്ല' എന്ന കടുത്ത നിലപാടിലായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച അദ്ദേഹം തലസ്ഥാനത്തെത്തിയത്. എന്നിട്ടും തന്നെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നത് നേതൃത്വത്തോടുള്ള തുറന്ന പോര്‍വിളിയായാണ് രാഷ്ട്രീയ കേരളം കാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്റെ താല്പര്യങ്ങള്‍ അവഗണിക്കുന്നതിലുള്ള രോഷമാണ് ഈ വാക്കുകള്‍ക്ക് പിന്നിലെന്നാണ് സൂചന. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.
എംപിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കരുതെന്ന വാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇത് പാര്‍ട്ടിയില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമായി അടിച്ചേല്‍പ്പിക്കപ്പെടുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. കണ്ണൂരില്‍ അദ്ദേഹത്തിനായി അണികള്‍ വ്യാപകമായി ഫ്‌ലക്‌സുകള്‍ ഉയര്‍ത്തുന്നത് നേതൃത്വത്തിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്.
അടൂര്‍ പ്രകാശ് എംപിയും കോന്നിയില്‍ അങ്കത്തിനിറങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതൃപ്തിയിലുള്ള ഈ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കും ഇളവ് നല്‍കിക്കൊണ്ട് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
