'ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല; വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചു; ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി; ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു'; ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്‍

ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്‍

Update: 2025-07-15 12:07 GMT

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ ഇന്ത്യക്കെതിരെ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യവും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ഈ മാസം 23ന് മാഞ്ച്സ്റ്ററില്‍ ആരംഭിക്കും.

മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ടീം പൊരുതി കളിച്ചതില്‍ അഭിമാനമുണ്ടെന്ന് നായകന്‍ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''അഞ്ചാം ദിനം, അവസാന സെഷനില്‍ ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി. ഈ പോരാട്ടത്തില്‍ അഭിമാനമുണ്ട്. ടീം ജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീം നന്നായി പന്തെറിഞ്ഞു. ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായില്ല. വലിയൊരു ലക്ഷ്യമായിരുന്നില്ല ഇന്ത്യന്‍ ടീമിന് മുന്നിലുണ്ടായിരുന്നത്.'' ഗില്‍ പറഞ്ഞു.

ജഡേജയെ കുറിച്ച് ഗില്‍ പറഞ്ഞതിങ്ങനെ... ''ജഡേജ അനുഭവസമ്പത്തുള്ള താരമാണ്. ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചു. മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എത്രത്തോളം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ, അത്രത്തോളം ചെയ്യുക എന്നത് മാത്രമെ ഞാന്‍ ആഗ്രഹിച്ചൊള്ളൂ.'' ഗില്‍ വ്യക്തമാക്കി.

നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. റിഷഭ് പന്താണ് (9) ആദ്യം മടങ്ങിയത്. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തലേ ദിവസം ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുലിനും (39) ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13) എന്നിവരും നിരാശപ്പെടുത്തി. പിന്നാലെ ക്രീസിലെത്തിയ ജസ്പ്രിത് ബുമ്ര (5) 22 ഓവര്‍ ജഡേജയ്‌ക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നു. 54 പന്തുകള്‍ ബുമ്ര നേരിട്ടു. ഇരുവരും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് പതറുകയും ചെയ്തു.

എന്നാല്‍ സ്റ്റോക്‌സ് ബ്രേക്ക് ത്രൂ നല്‍കി. സ്റ്റോക്‌സിന്റെ ബൗണ്‍സറില്‍ അനാവശ്യ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുമ്ര മടങ്ങുന്നത്. പകരക്കാരനായ സാം കുക്കിന് ക്യാച്ച് നല്‍കി താരം. അവസാനക്കാരന്‍ മുഹമ്മദ് സിറാജും (4) ജഡേജയ്ക്ക് വലിയ പിന്തുണ നല്‍കി. 13 ഓവറുകളോളം ഇരുവരും ക്രീസില്‍ ചെലവഴിച്ചു. 23 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിറാജ് പുറത്തായി. ഷൊയ്ബ് ബഷീറിന്റെ പന്ത് സിറാജ് പ്രതിരോധിച്ചെങ്കിലും ഉരുണ്ട് ഉരുണ്ട് വന്ന് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ജഡേജയ്ക്ക് കണ്ടുകൊണ്ടിരിക്കാന്‍ മാത്രമാണ് സാധിച്ചത്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്.

Tags:    

Similar News