ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ഇന്ത്യന്‍ പതാകയെ അപമാനിച്ചു; ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയില്‍ കിടന്നു; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പരാതി

ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ഇന്ത്യന്‍ പതാകയെ അപമാനിച്ചു

Update: 2026-03-12 05:55 GMT

പുണെ: ഞായറാഴ്ച അഹ്‌മദാബാദില്‍ നടന്ന ടി20 ലോകകപ്പ് വിജയാഘോഷ വേളയില്‍ ഇന്ത്യന്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് പരാതി. പുണെ ആസ്ഥാനമായുള്ള അഭിഭാഷകനാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെയാണ് പരാതി നല്‍കിയത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ ടി20 വിജയാഘോഷത്തോട് ബന്ധപ്പെട്ട് താരങ്ങളില്‍ ഒരാളായ ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചതായി പുണെയിലെ ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ വാജിദ് ഖാന്‍ പരാതി സമര്‍പ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

മത്സരശേഷം ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളുടെ നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ഒരു ക്ലിപ്പില്‍, പാണ്ഡ്യ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക തോളില്‍ ധരിച്ച് നൃത്തം ചെയ്യുകയും മൈതാനത്തിലൂടെ ഓടുന്നതും കാണാം. ആഘോഷത്തില്‍ ഹാര്‍ദിക്കിന്റെ കാമുകിയും പങ്കാളിയായിരുന്നു. ആഘോഷത്തിനിടെ പാണ്ഡ്യ തന്റെ കാമുകി മഹിക ശര്‍മയോടൊപ്പം വേദിയില്‍ കിടന്നിരുന്നു. അതേസമയം പതാക അദ്ദേഹത്തിന്റെ മേല്‍ പുതച്ചിരുന്നുവെന്നും ഇത് ദേശീയ പതാകയോടുള്ള അനാദരവിന് തുല്യമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

'നിങ്ങള്‍ ടി20 ലോകകപ്പ് കണ്ടിട്ടുണ്ടാകും. വിജയത്തിന്റെ ആഘോഷത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കാമുകിക്കൊപ്പം നൃത്തം ചെയ്തിരുന്നു. ദേശീയ പതാക അദ്ദേഹത്തിന്റെ പുറകില്‍ കെട്ടിവെച്ച നിലയിലായിരുന്നു. 1971ലെ ദേശീയ പതാക നിയമത്തിലെ സെക്ഷന്‍ 2 അനുസരിച്ച്, ദേശീയ പതാകയുടെ അന്തസ്സിനെ നാം ബഹുമാനിക്കണം. എന്നിട്ടും തന്റെ വിജയത്തിന്റെ ആഘോഷത്തില്‍ മുഴുകിയ ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയില്‍ കിടന്നു. അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' -വാജിദ് ഖാന്‍ എ.എന്‍.ഐയോട് പറഞ്ഞു.

Tags:    

Similar News