ഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വരില്ല; അഫ്ഗാനിസ്ഥാന്‍ പിന്മാറിയതോടെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മറ്റൊരു ടീമിനെ കണ്ടെത്താന്‍ പിസിബി; ടെസ്റ്റ് കളിക്കുന്ന ടീമിനായി കാത്തിരിപ്പ്; ഗതികെട്ട് അസോസിയേറ്റ് രാജ്യങ്ങളും പരിഗണനയില്‍

Update: 2025-10-18 12:56 GMT

കാബൂള്‍: പാക്കിസ്ഥാന്റെ വ്യോമാക്രമണത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ പിന്മാറിയതോടെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് മറ്റൊരു ടീമിനെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നെട്ടോട്ടത്തില്‍. ശ്രീലങ്കയും പരമ്പരയില്‍ പങ്കെടുക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു ടീമിനെ കണ്ടെത്താനാണ് പിസിബിയുടെ ശ്രമം. നവംബര്‍ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ആഷസ് പരമ്പര നടക്കുന്ന സമയം ആയതിനാല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കില്ല. ഇന്ത്യക്കെതിരായ പരമ്പര അതേ സമയം നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയും എത്തില്ല. ഇതോടെ അസോസിയേറ്റ് അംഗങ്ങളെയെങ്കിലും എത്തിച്ച് ത്രിരാഷ്ട്ര പരമ്പര നടത്താനാണ് പിസിബിയുടെ നീക്കം.

അഫ്ഗാനിസ്ഥാന്‍ പിന്മാറിയാലും ത്രിരാഷ്ട്ര പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് മുതിര്‍ന്ന പിസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ പകരമൊരു ടീമിനെ തേടുകയാണ്, അന്തിമ തീരുമാനമായാല്‍ പ്രഖ്യാപനമുണ്ടാകും. ശ്രീലങ്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം, അതിനാല്‍ നവംബര്‍ 17 മുതല്‍ പരമ്പര ആരംഭിക്കും. - പിസിബി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൗഹൃദമത്സരം കളിക്കാനായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

അഫ്ഗാനിസ്ഥാന് പകരം നേപ്പാള്‍, യുഎഇ അടക്കമുള്ള അസോസിയേറ്റ് അംഗങ്ങളും പിസിബിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ പങ്കെടുപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ക്ക് നവംബര്‍ മാസം മറ്റുപരമ്പരകളുണ്ട്. അതിനാല്‍ ടീമുകള്‍ക്ക് ഈ ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാനാവില്ല. നവംബര്‍ 21ന് ആഷസ് പരമ്പരയ്ക്ക് തുടക്കമാവും. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ ഇന്ത്യയുമായി മത്സരമുണ്ട്. അതിനാലാണ് അസോസിയേറ്റ് അംഗങ്ങളെയും പരിഗണിക്കുന്നത്.

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് ഏറ്റ കനത്ത തോല്‍വികള്‍ക്ക് ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍ ടീം. യുവതാരങ്ങള്‍ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാത്തതും സീനിയര്‍ താരങ്ങളുടെ മോശം പ്രകടനവും കനത്ത തിരിച്ചടിയാണ്. ബാബര്‍ അസമും മുഹമ്മദ് റിസ്വാനും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കുമോ എന്നാണ് പാക്ക് ആരാധകര്‍ ഉറ്റുനോക്കുന്നത്. ത്രിരാഷ്ട്ര പരമ്പര നടക്കണമെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്‌വിയുടെ താല്‍പര്യം. അഫ്ഗാന്‍ കളിക്കാനെത്തില്ലെങ്കില്‍ പരമ്പര നടക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന് നഖ്‌വി ഐസിസിയോട് ആവശ്യപ്പെട്ടതാണ് വിവരം.

അതേസമയം, ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്‍പ് പാക്കിസ്ഥാന്‍ ശ്രീലങ്കയെ പര്യടനത്തിന് ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 11-15 വരെയാണ് മൂന്ന് ട്വന്റി 20യുള്ള പരമ്പര. ഇതിനൊപ്പം ജനുവരി 1-10 വരെ ശ്രീലങ്കയില്‍ പാക്കിസ്ഥാന്‍ പര്യടനം നടത്തുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിന് പാക്കിസ്ഥാന്‍ സമ്മതിച്ചാല്‍ ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി പ്രശ്‌നങ്ങളുണ്ടാക്കും. ബിഗ് ബാഷ് ലീഗില്‍ നിരവധി പാക്ക് താരങ്ങള്‍ സൈന്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍- ജനുവരിയിലായി നടക്കേണ്ട ടൂര്‍ണമെന്റിന് മുഴുവന്‍ സമയം ലഭ്യമാകുമെന്ന ഉറപ്പിലാണ് താരങ്ങളെ ടീമിലെടുത്തത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഹസന്‍ ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവരെ ബിഗ് ബാഷ് ടീമുകളുമായി കരാറിലെത്തിയത്.

പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ താരങ്ങള്‍ക്കാണ് പാക് വ്യോമാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. പാകിസ്ഥാന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തിയിരുന്നു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.

Similar News