'മഹീ, ഇനി നിങ്ങള്‍ മാറി നില്‍ക്കേണ്ട സമയമായി. ടീമിന് മാറ്റം വേണം!'; ബാറ്റിംഗ് കഴിഞ്ഞ് മടങ്ങിവന്ന ധോണിയോട് അവര്‍ പറഞ്ഞു; 'ശരി, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നായിരുന്നു ധോണി ചോദിച്ചത്; അന്ന് രാത്രി സെലക്ടര്‍മാരുടെ ഇന്‍ബോക്‌സിലേക്ക് ഒരു സന്ദേശമെത്തി; ധോനി ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞതല്ലെന്ന് എംഎസ്‌കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍

Update: 2026-02-14 09:54 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടിക്കൊടുത്തതിന് പിന്നാലെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ പുതിയ നായകനാക്കിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ബിസിസിഐയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതേ സമീപനമാണ് മഹേന്ദ്ര സിംഗ് ധോണിയോടും ബിസിസിഐ മുന്‍പ് സ്വീകരിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നത് എം എസ് ധോണി എന്ന ഇതിഹാസം സ്വയം നായകസ്ഥാനം വിട്ടൊഴിഞ്ഞു എന്നാണ്. എന്നാല്‍ സത്യം അതല്ല! ധോണിയോട് 'ഇറങ്ങിപ്പോകാന്‍' സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് വിരാട് കോലിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവിനായി ധോണിയുടെ കിരീടം തെറിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു.

2017-ല്‍ ഒരു മത്സരത്തിനിടെ ബാറ്റിംഗ് കഴിഞ്ഞ് തിരികെ വന്ന ധോണിയെ കാത്ത് രണ്ട് പേര്‍ അവിടെ ഉണ്ടായിരുന്നു-ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദും ജതിന്‍ പരഞ്ജ്പെയും. എങ്ങനെ തുടങ്ങണം എന്നറിയാതെ അവര്‍ പരുങ്ങി. ഒടുവില്‍ മുഖത്ത് നോക്കി തന്നെ ആ സത്യം പറഞ്ഞു: 'മഹീ, ഇനി നിങ്ങള്‍ മാറി നില്‍ക്കേണ്ട സമയമായി. ടീമിന് മാറ്റം വേണം!' ഇന്ത്യന്‍ ക്രിക്കറ്റിലെ സര്‍വ്വപ്രതാപിയായ ഒരു നായകനോട് ഇങ്ങനെ പറയാന്‍ കാണിച്ച ധൈര്യത്തിന് പിന്നില്‍ ബിസിസിഐയുടെ വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് വ്യക്തം. എന്നാല്‍ ധോണിയുടെ പ്രതികരണം സെലക്ടര്‍മാരെ പോലും ഞെട്ടിച്ചു. യാതൊരു പരിഭവവുമില്ലാതെ, ഒരു ചെറുപുഞ്ചിരിയോടെ ധോണി ചോദിച്ചു: 'ശരി, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'

സ്ഥാനമൊഴിയുകയാണെന്ന് കാണിച്ച് ഒരു ഇ-മെയില്‍ അയക്കാന്‍ സെലക്ടര്‍മാര്‍ ധോണിയോട് ആവശ്യപ്പെട്ടു. ആ രാത്രി ഉറക്കമില്ലാതെ കാത്തിരുന്ന സെലക്ടര്‍മാരുടെ ഇന്‍ബോക്‌സിലേക്ക് വൈകിയ വേളയില്‍ ആ സന്ദേശം എത്തി. അതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ 'ധോണി യുഗം' ഔദ്യോഗികമായി അവസാനിച്ചു. കോലിയെ വാഴിക്കാന്‍ ധോണിയെ ബിസിസിഐ നിര്‍ബന്ധപൂര്‍വ്വം പടിയിറക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പുറംലോകം അറിയുന്നത്.

2017-ല്‍ മുന്‍ ബിസിസിഐ സെലക്ഷന്‍ പാനല്‍ അംഗം ജതിന്‍ പരഞ്ജ്‌പെയും അന്നത്തെ ചീഫ് സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദുമാണ് ഒരു പരിപാടിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പരിപാടിക്കിടെ ധോനിയോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന കാര്യം അറിയിച്ചത് എങ്ങനെയെന്ന് ഇരുവരും ഓര്‍ത്തെടുത്തു. ''ഒരു മത്സരത്തിനിടെ ധോനി ബാറ്റ് ചെയ്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്. എംഎസ്‌കെയും ഞാനും പരസ്പരം നോക്കുകയായിരുന്നു. ഏറ്റവും ബഹുമാനത്തോടെ അദ്ദേഹത്തോട് ഇക്കാര്യം എങ്ങനെ പറയണമെന്ന കാര്യത്തില്‍ ഞങ്ങള്‍ തയ്യാറായിരുന്നു. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് തങ്ങള്‍ കരുതുന്നതായി മഹിയോട് പറഞ്ഞു. ധോനിയുടെ പ്രതികരണം യോജിപ്പിന്റേതായിരുന്നു. നല്ല തീരുമാനമാണെന്നും നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് പറയൂ എന്നുമായിരുന്നു ധോനിയുടെ മറുപടി. മാറിത്തരാന്‍ തയ്യാറാണെന്ന് എഴുതി നല്‍കാന്‍ എംഎസ്‌കെ, മഹിയോട് പറഞ്ഞു. ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറയുകയും ചെയ്തു. താന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ധോനിയുടെ ഒരു ഇ മെയില്‍ രാത്രി വൈകി ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ആ തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടി വന്നതാണ്. അതിന്റെ പേരില്‍ ഞങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. പക്ഷേ നിങ്ങള്‍ എടുക്കേണ്ട ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണിവ.'' - ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയില്‍ സംസാരിക്കവെ പരഞ്ജ്‌പെ വ്യക്തമാക്കി.

തന്നെ പുറത്താക്കാന്‍ ചരടുവലിച്ചവരോട് ധോണി പ്രതികാരം ചെയ്തില്ല. പകരം, വിരാട് കോലി തന്റെ അനിയനെപ്പോലെയാണെന്നും അവനെ മികച്ച നായകനാക്കാന്‍ താന്‍ കൂടെയുണ്ടാകുമെന്നും ധോണി ഉറപ്പുനല്‍കി. സ്റ്റമ്പിന് പിന്നില്‍ നിന്ന് കോലിയെ നയിക്കുന്ന ധോണിയെ പിന്നീട് നമ്മള്‍ കണ്ടു. രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്, പഴയ ഈ 'അട്ടിമറി' കഥ വീണ്ടും ചര്‍ച്ചയാകുന്നത്. ബിസിസിഐയുടെ അധികാര ഇടനാഴികളിലെ ഈ രഹസ്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Tags:    

Similar News