'നീ വെറുമൊരു നിസാരക്കാരൻ'; മുൻ പാക് താരത്തിനെതിരെ ആഞ്ഞടിച്ച് ഹർഭജൻ; 'നീ ഇരട്ടത്താപ്പുകാരൻ' എന്ന് തിരിച്ചടിച്ച് തൻവീർ; കൊളംബോയിൽ കളിക്ക് മുൻപേ ഇന്ത്യ-പാക് പോര് മുറുകുന്നു
കൊളംബോ: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് പിച്ചിൽ പന്ത് ഉരുളുന്നതിന് മുൻപേ ഗാലറിക്ക് പുറത്ത് വാക്പോര് മുറുകുന്നു. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും മുൻ പാക് താരം തൻവീർ അഹമ്മദും തമ്മിലുള്ള പോര് ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പാക് ചാനലുകളിലിരുന്ന് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഹർഭജൻ നടത്തിയ 'യു ട്യൂബ്' പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീകൊളുത്തിയിരിക്കുന്നത്.
'നീ വെറുമൊരു നിസ്സാരക്കാരൻ'; ആഞ്ഞടിച്ച് ഭജി
തൻവീർ അഹമ്മദിനെ 'നിസ്സാരക്കാരൻ' എന്ന് വിശേഷിപ്പിച്ച ഹർഭജൻ, മറ്റ് മുൻ പാക് താരങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം പോലും അർഹിക്കാത്തയാളാണ് ഇയാളെന്ന് ആഞ്ഞടിച്ചു. തൻവീർ വെറും മൂന്നോ നാലോ മത്സരങ്ങൾ മാത്രം കളിച്ചയാളാണെന്നും എന്നാൽ പെരുമാറ്റം വസീം അക്രമെയോ വഖാർ യൂനിസിനെയോ പോലെയുമാണെന്ന് ഭജി പരിഹസിച്ചു. "നിനക്ക് സംസാരിക്കാനുള്ള മര്യാദ പോലുമില്ല, അടുത്ത തവണ എന്റെ പേരോ ഇന്ത്യൻ താരങ്ങളുടെ പേരോ പരാമർശിച്ചാൽ നിന്റെ 'ധജ്ജിയ ഉട ദുംഗ' (നിന്നെ ഞാൻ നശിപ്പിച്ചു കളയും)" എന്നായിരുന്നു ഭജിയുടെ ഭീഷണി.
'നീ ഇരട്ടത്താപ്പുകാരൻ'; തൻവീറിന്റെ മറുപടി
ഹർഭജന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് തൻവീറും രംഗത്തെത്തി. ഹർഭജൻ ഒരു 'ദോഗ്ല' (ഇരട്ടത്താപ്പുകാരൻ) ആണെന്നായിരുന്നു തൻവീറിന്റെ ആരോപണം. "പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം ചെയ്യരുതെന്ന് ഇന്ത്യൻ താരങ്ങളെ ഉപദേശിക്കുന്ന ഹർഭജൻ, എന്തിനാണ് കമന്ററി ബോക്സിൽ പാക് താരങ്ങൾക്കൊപ്പം ഇരിക്കുന്നത്?" എന്ന് തൻവീർ ചോദിച്ചു. ഭജിയുടെ ഭാഷാപ്രയോഗം ശരിയല്ലെന്നും, ഇനിയും ആവർത്തിച്ചാൽ താൻ അതേ ഭാഷയിൽ പ്രതികരിക്കുമെന്നും തൻവീർ മുന്നറിയിപ്പ് നൽകി. താൻ ഇപ്പോൾ മാന്യത പാലിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും തൻവീർ വീഡിയോയിൽ പറഞ്ഞു.
തർക്കത്തിന് പിന്നിലെ 'ഉസ്മാൻ താരിഖ്' ഘടകം
യുഎഇയിൽ നടന്ന ഐഎൽടി20 (ILT20) മത്സരത്തിനിടെ പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ ഹർഭജൻ അഭിമുഖം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് തൻവീർ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഹർഭജൻ പാക് താരങ്ങളുടെ പിന്നാലെ നടക്കുന്നു എന്നായിരുന്നു തൻവീറിന്റെ കളിയാക്കൽ. എന്നാൽ ഒരു ബ്രോഡ്കാസ്റ്റർ എന്ന നിലയിലുള്ള തന്റെ ജോലി മാത്രമാണ് ചെയ്തതെന്ന് ഹർഭജൻ വിശദീകരിക്കുന്നു.
നാളെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്പോൾ ഈ ഓഫ്-ഫീൽഡ് പോരാട്ടം കളിക്കളത്തിലും ആവേശം വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
