അഫ്ഗാൻ ടീമിന് കനത്ത പ്രഹരം; പെർഫോമൻസ് അനലിസ്റ്റ് രാമ സുബ്രഹ്മണ്യന് ഹൃദയാഘാതം; ഡൽഹിയിൽ അടിയന്തര ശസ്ത്രക്രിയ

Update: 2026-02-14 07:41 GMT

ദില്ലി: ടി20 ലോകകപ്പിനായുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡൽഹിയിലെ ക്യാമ്പിനിടെ ടീം പെർഫോമൻസ് അനലിസ്റ്റ് കെ.സി. രാമ സുബ്രഹ്മണ്യന് ഹൃദയാഘാതം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്ത രാമ സുബ്രഹ്മണ്യൻ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ദില്ലിയിലെ ടീം ഹോട്ടലിൽ വെച്ചാണ് രാമ സുബ്രഹ്മണ്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ടീം മെഡിക്കൽ സ്റ്റാഫ് പ്രാഥമിക ശുശ്രൂഷ നൽകുകയും സൗത്ത് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനയിൽ ചെറിയ തോതിലുള്ള ഹൃദയാഘാതം സ്ഥിരീകരിക്കുകയും തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു.

നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലുള്ള രാമ സുബ്രഹ്മണ്യന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ക്യാപ്റ്റൻ റാഷിദ് ഖാൻ, മുഹമ്മദ് നബി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. രാമ സുബ്രഹ്മണ്യന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഭ്യർത്ഥിച്ചു. ഐസിസിയും ബിസിസിഐയും അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ രണ്ട് തോൽവികൾ വഴങ്ങിയ അഫ്ഗാനിസ്ഥാൻ സൂപ്പർ 8 കാണാതെ പുറത്താകലിന്റെ വക്കിലാണ്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ ഡബിൾ സൂപ്പർ ഓവറിലും അഫ്ഗാൻ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 16-ന് യുഎഇക്കെതിരെ ഡൽഹിയിലും ഫെബ്രുവരി 19-ന് കാനഡയ്ക്കെതിരെ ചെന്നൈയിലുമാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരങ്ങൾ. സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ വരാനിരിക്കുന്ന മത്സരങ്ങളിൽ വലിയ മാർജിനിൽ വിജയം നേടേണ്ടത് അഫ്ഗാന് അനിവാര്യമാണ്.

Tags:    

Similar News