ഐപിഎല്ലില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചേക്കും; ഓപ്പണറായി ആ വെടിക്കെട്ട് വിക്കറ്റ് കീപ്പറെ തിരിച്ചെത്തിക്കാന്‍ നീക്കം; മിനി താരലേലത്തിന് ഒരുങ്ങവെ നിര്‍ണായക മാറ്റത്തിന് മുംബൈ ഇന്ത്യന്‍സ്

Update: 2025-10-22 13:35 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബറില്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തും ആരെയൊക്കെ തഴയും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മിനി താരലേലമായതിനാല്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ മാത്രമാവും മിക്ക ടീമുകളിലും ഉണ്ടാവുക. അവസാന സീസണിലെ പ്രകടനം വിലയിരുത്തി ചില അഴിച്ചുപണികള്‍ എല്ലാ ടീമുകളിലും പ്രതീക്ഷിക്കാം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ടീം മാനേജ്‌മെന്റ് എല്ലാം നല്‍കിയിട്ടും കപ്പിലേക്കെത്താന്‍ മുംബൈക്ക് സാധിക്കാത്തതില്‍ വലിയ സമ്മര്‍ദ്ദം ടീമിന് മുകളിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായടക്കം കൊണ്ടുവന്നിട്ടും കിരീടത്തിലേക്കെത്താന്‍ സാധിക്കുന്നില്ല. ഇത്തവണ ചില സുപ്രധാന അഴിച്ചുപണികള്‍ കൂടി മുംബൈ നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.

രോഹിത് ശര്‍മ അടുത്ത സീസണില്‍ ഉണ്ടായേക്കില്ലെന്നും അതിന് മുമ്പ് തന്നെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നുമാണ് സൂചനകളുള്ളത്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രണ്ട് സീസണ്‍ മുമ്പ് തന്നെ മുംബൈ മാറ്റിയിരുന്നു. അവസാന സീസണില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിന് മാത്രമായിരുന്നു ഹിറ്റ്മാനെ കളിപ്പിച്ചിരുന്നത്. രോഹിത് അന്താരാഷ്ട്ര ടി20യില്‍ നിന്ന് ഇതിനോടകം വിരമിച്ച് കഴിഞ്ഞു.

കൂടാതെ പഴയതുപോലെ സ്ഥിരതയും വലിയ മികവും അവകാശപ്പെടാന്‍ ഇപ്പോള്‍ രോഹിത്തിനാവില്ല. ഈ സാഹചര്യത്തില്‍ രോഹിത്തുമായി മുന്നോട്ട് പോകേണ്ടെന്നാണ് മുംബൈയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുംബൈ ഒഴിവാക്കിയ ഇഷാന്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. സെഞ്ചുറി പ്രകടനമടക്കം നടത്താന്‍ അവസാന സീസണില്‍ ഇഷാന് സാധിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ കൈവിട്ട ഇഷാന്‍ കിഷനെ 11.5 കോടി മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് ടീമിലെത്തിച്ചത്. സീസണിലാകെ 14 മത്സരങ്ങളില്‍ 354 റണ്‍സെടുക്കാനെ ഇഷാന്‍ കിഷനായിരുന്നുള്ളു. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് ഇഷാന്‍ കിഷന്‍. ഇഷാനെ ടീമിലെത്തിക്കാന്‍ പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിനായി മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെ ഔദ്യോഗികമായി സമീപിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇഷാന്‍ കിഷനായി മുംബൈ മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 11.5 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷനെ കൈവിടാന്‍ ഹൈദരാബാദ് തയാറാകുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് വര്‍ഷമായി പുറത്തായ ഇഷാന്‍ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ഇന്ത്യന്‍ ടീമിലെടുത്തെങ്കിലും പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കി. പിന്നീട് എന്‍ ജഗദീശനാണ് ഇഷാന് പകരം ടീമിലെത്തിയത്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ ജാര്‍ഖണ്ഡിനായി സെഞ്ചുറി നേടിയിരുന്നു.

എന്നാല്‍ സ്ഥിരത കാട്ടാന്‍ ഇഷാന് സാധിക്കാതെ പോയി. മുംബൈ ഇഷാനെ തിരികെ കൊണ്ടുവന്നാല്‍ എത്രത്തോളം ഗുണം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണെ മുംബൈ നോട്ടമിടുന്നുണ്ട്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും മലയാളി താരത്തിനെ ഒപ്പം കൂട്ടാന്‍ സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഒപ്പമെത്തിക്കാന്‍ മുംബൈ ശ്രമം നടത്തിയേക്കില്ലെന്നാണ് വിവരം. സഞ്ജുവിനെ ആര് ടീമിലെടുത്താലും വലിയ പ്രതിഫലം നല്‍കേണ്ടി വരും. മുംബൈയുടെ നിലവിലെ ടീം സാഹചര്യത്തില്‍ സഞ്ജുവിനെപ്പോലൊരു മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ആവശ്യമാണ്. ഈ റോളിലേക്ക് സഞ്ജുവിനെ കിട്ടാത്ത സാഹചര്യത്തില്‍ മുംബൈ ഇഷാനെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ മറ്റൊരു സൂപ്പര്‍ താരത്തേയും നോട്ടമിടുന്നുണ്ട്. അത് അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാനാണ്.

നിലവില്‍ മുംബൈയുടെ ദൗര്‍ബല്യ മേഖലകളിലൊന്നാണ് സ്പിന്‍. മികച്ച സ്പിന്നര്‍മാരുടെ അഭാവം മുംബൈക്കുണ്ട്. ഇതിന് പരിഹാരമായി റാഷിദ് ഖാനെ ഒപ്പം കൂട്ടാനുള്ള ശ്രമമാണ് മുംബൈ നടത്തുന്നത്. ഹൈദരാബാദിനായി റാഷിദ് കളിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ ഇത്തരമൊരു നീക്കം മുംബൈ നടത്തിയതാണ്. എന്നാല്‍ അന്ന് ടീമിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് റാഷിദുള്ളത്. ഗുജറാത്ത് ടീമില്‍ നിര്‍ണ്ണായക റോള്‍ റാഷിദിനുണ്ട്. അതുകൊണ്ടുതന്നെ റാഷിദ് ഖാനെ ഒപ്പം കൂട്ടുക മുംബൈക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇത്തവണ മുംബൈയുടെ പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലാണ്. പ്രധാനമായും സൂര്യകുമാര്‍ യാദവിന്റെയടക്കം ഫോം മുംബൈക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വരുന്ന സീസണില്‍ കപ്പ് നേടാനാവാതെ പോയാല്‍ പല വമ്പന്മാരേയും മുംബൈ പുറത്താക്കാനടക്കം സാധ്യതകളേറെയാണ്. എന്തായാലും മുംബൈക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് നിസംശയം പറയാം.

Similar News