'സര്‍നെയിമാണോ' സര്‍ഫറാസിനെ ഒഴിവാക്കാന്‍ കാരണം? ഷമ മുഹമ്മദിന്റെ പോസ്റ്റിനെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക് പോര്; 'കാര്യങ്ങള്‍ വളച്ചൊടിക്കരുത്' എന്ന് ഇര്‍ഫാന്‍ പത്താന്‍
ബറോഡ: യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസും ബിജെപിയും വാക് പോര് നടത്തുന്നടിനിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍താരം ഇര്‍ഫാന്‍ പത്താന്‍. സര്‍ഫറാസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കും പരിശീലകനും കൃത്യമായ പദ്ധതിയുണ്ടാകുമെന്നും അരാധകരുടെ കണ്ണില്‍ ചിലപ്പോഴത് തെറ്റായി തോന്നാമെന്നും ഇര്‍ഫാന്‍ പത്താന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങളെ വളച്ചൊടിക്കരുതെന്നും സത്യവുമായി പുലബന്ധംപോലുമില്ലാത്ത ആരോപണങ്ങളുമായി രംഗത്തുവരരുതെന്നും പത്താന്‍ വ്യക്തമാക്കി. 'സര്‍നെയിമാണോ' സര്‍ഫറാസിനെ ഒഴിവാക്കാന്‍ കാരണം എന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്‌സില്‍ പോസ്റ്റിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയത്.
സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതെ സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസവും ബിജെപിയും തമ്മില്‍ വാക് പോര് കടുക്കുന്നതിനിടെയാണ് ഇര്‍ഫാന്‍ പത്താന്റെ പ്രതികരണം. സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം, അവന്റെ പിതാവിന്റെ പേരാണോ എന്നും ഈ വിഷയത്തില്‍ ഗൗതം ഗംഭീര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്‌സില്‍ പോസ്റ്റിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസ് ഖാനെ കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ടീമിലേക്ക് പരിഗണിക്കാതിരുന്ന സര്‍ഫറാസിനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമിലേക്കുപോലും പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ഷമ മുഹമ്മദ് എക്‌സ് പോസ്റ്റില്‍ സര്‍ഫറാസിനെ തുടര്‍ച്ചയായി തഴയുന്ന വിഷയം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് വക്താവ് നടത്തുന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തടിയെക്കുറിച്ച് കുറച്ചു ദിവസം മുമ്പ് ബോഡി ഷെയ്മിംഗ് നടത്തിയ വ്യക്തിയാണ് ഷമ മുഹമ്മദെന്നും സിആര്‍ കേശവന്‍ പറഞ്ഞു. ഇന്നലെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) എംപി അസദുദ്ദീന്‍ ഒവൈസിയും സര്‍ഫറാസിനെ എ ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
സര്‍ഫറാസ് അടുത്തിടെ 17 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്നലെയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളുള്ള പരമ്പരക്കായി രണ്ട് വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ചെങ്കിലും രണ്ട് ടീമിലും സര്‍ഫറാസിന് ഇടമുണ്ടായിരുന്നില്ല.