അഡ്‌ലെയ്ഡില്‍ കൈവിട്ട അര്‍ഹിച്ച സെഞ്ചുറി സിഡ്‌നിയില്‍ പൂര്‍ത്തിയാക്കി രോഹിത് ശര്‍മ; അതും വിരാട് കോലിയെ സാക്ഷിയാക്കി; ഓസ്‌ട്രേലിയയ്ക്ക് എതിരെ സെഞ്ചുറി കൂട്ടുകെട്ടിന്റെ വിന്റേജ് ഇന്നിംഗ്‌സുമായി രോ - കോ സഖ്യം; ആരാധകര്‍ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍! മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അനായാസ ജയത്തിലേക്ക്

Update: 2025-10-25 10:01 GMT

സിഡ്‌നി: അഡ്‌ലെയ്ഡില്‍ ആരാധകര്‍ കാണാന്‍ മോഹിച്ച സെഞ്ചുറി സിഡ്‌നിയില്‍ പൂര്‍ത്തിയാക്കി രോഹിത് ശര്‍മ. അതും പ്രിയചങ്ങാതി വിരാട് കോലിയെ ക്രീസിന്റെ ഒരറ്റത്ത് സാക്ഷിയാക്കി. രണ്ട് ഡക്കുകള്‍ നല്‍കിയ വേദനകള്‍ മറന്ന് അതിവേഗ അര്‍ധ സെഞ്ചുറിയുമായി കോലിയും നിറഞ്ഞാടിയതോടെ ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അനായാസ ജയത്തിലേക്ക്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 35 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

105 പന്തുകളില്‍ 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ട മനോഹരമായ ഇന്നിംഗ്‌സാണ് രോഹിത് ഇന്ന് സിഡ്‌നിയില്‍ പടുത്തുയര്‍ത്തിയത്. അഡ്‌ലെയ്ഡില്‍ അര്‍ഹിച്ച സെഞ്ചുറി രോഹിതിന് നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ആ നിരാശ മാറ്റുന്ന ഇന്നിംഗ്‌സാണ് സിഡ്‌നിയില്‍ ഓസിസ് ബൗളര്‍മാര്‍ക്കെതിരെ ഇന്ന് ഹിറ്റ്മാന്‍ കാഴ്ചവച്ചത്. വിരാട് കോലിക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രോഹിതിന് ആയി.

237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ രോഹിത് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറിലും ബൗണ്ടറി നേടിയ രോഹിത് ഹേസല്‍വുഡിനെ കരുതലോടെയാണ് നേരിട്ടത്. ആദ്യ രണ്ടോവറില്‍ ഹേസല്‍വുഡ് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ നഥാന്‍ എല്ലിസിന്റെ ഓവറില്‍ ഇന്ത്യ 13 റണ്‍സ് നേടിയതോടെ ആദ്യ അഞ്ചോവറില്‍ 35 റണ്‍സെടുത്തു.

നഥാന്‍ എല്ലിസ് എറിഞ്ഞ എട്ടാം ഓവറിലും രണ്ട് ബൗണ്ടറി നേടിയ രോഹിത് ടോപ് ഗിയറിലായി. ഹേസല്‍വുഡ് എറിഞ്ഞ ഒമ്പതാം ഓവറില്‍ ഇന്ത്യ 10 റണ്‍സടിച്ച് 50 കടന്നു. കൂപ്പര്‍ കൊണോലിയെ സിക്‌സിന് പറത്തി പ്രതീക്ഷ നല്‍കിയ ഗില്‍ പക്ഷെ അടുത്ത ഓവറില്‍ ഹേസല്‍വുഡിന് മുന്നില്‍ വീണു. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ഗില്‍ 24 റണ്‍സാണ് നേടിയത്.

പിന്നീട് ക്രീസിലെത്തിയ വിരാട് കോലി ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തു. ആദം സാംപയെ ബൗണ്ടറി കടത്തി ആദ്യ ബൗണ്ടറി നേടിയ കോലി ഹേസല്‍വുഡിനെതിരെയും ബൗണ്ടറി നേടി ഫോമിലായി. പിന്നാലെ സാംപയെ സിക്‌സിന് പറത്തിയ രോഹിത് സ്റ്റാര്‍ക്കിനെ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയ കോലിയും ചേര്‍ന്ന് ഇന്ത്യയെ 16-ാം ഓവറില്‍ 100 കടത്തി. നഥാന്‍ എല്ലിസിന്റെ പന്തില്‍ സിംഗിളെടുത്ത് രോഹിത് 63 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 56 റണ്‍സെടുത്ത മാറ്റ് റെന്‍ഷാ ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

Similar News