കഫെയിലേക്ക് നടന്നു പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തി; ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു; ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസീസ് താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം രാജ്യത്തിന് നാണക്കേട്; യുവാവ് അറസ്റ്റില്‍; വിവരം തേടി ഐസിസി

Update: 2025-10-25 11:42 GMT

ഇന്‍ഡോര്‍. വനിതാ ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ വിവരം തേടി ഐസിസി, ബിസിസിഐ ഉന്നതര്‍. രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായത്. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഖജ്‌രാന റോഡിലെ ഹോട്ടലില്‍ നിന്നിറങ്ങി സമീപത്തെ കഫെയിലേക്ക് നടന്നു പോകവേയാണ് ബൈക്കിലെത്തിയ പ്രദേശവാസിയായ അഖീല്‍ ഖാന്‍ താരങ്ങളെ പിന്തുടരുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തത്. ശാരീരിക അതിക്രമത്തിന് പിന്നാലെ അഖീല്‍ സ്ഥലംവിടുകയും ചെയ്തു.

ഉടനടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട താരങ്ങള്‍ വിവരം പൊലീസില്‍ അറിയിച്ചു. താരങ്ങളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് അതിവേഗത്തില്‍ അക്രമിക്കായി തിരച്ചിലും നടത്തി. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഖീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാ മല്‍സരത്തിന് ശേഷം ടീം ഗുവാഹട്ടിയിലേക്കോ മുംബൈയിലേക്കോ തിരിക്കും.

പ്രതിയായ അഖീല്‍ ഖാനെ വെള്ളിയാഴ്ച പൊലീസ് പിടികൂടി. സംഭവം കണ്ടയാള്‍ അഖീല്‍ ഖാന്റെ ബൈക്ക് നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താന്‍ നിര്‍ണായകമായത്.ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങള്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു താമസം. രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഒരു കഫേ സന്ദര്‍ശിച്ച് തിരികെ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ അഖീല്‍ ഖാന്‍ താരങ്ങളെ ബൈക്കില്‍ പിന്തുടരുകയും താരങ്ങളില്‍ ഒരാളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു.

താരങ്ങള്‍ ഉടന്‍ തന്നെ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മണ്‍സിനെ അറിയിച്ചു. അദ്ദേഹമാണ് സംഭവം പൊലീസില്‍ അറിയിച്ചത്.ബിഎന്‍എസിന്റെ 74, 78 വകുപ്പുകള്‍ പ്രകാരം സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം, പിന്തുടരല്‍ എന്നിവയ്ക്കെതിരെ അഖീല്‍ ഖാനെതിരെ കേസെടുത്തു. അതേസമയം കളിക്കാര്‍ സുരക്ഷാ വലയത്തിന് പുറത്തേക്ക് എങ്ങനെ പോയെന്നത് പരിശോധിക്കുകയാണെന്ന് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) അറിയിച്ചു. ബിസിസിഐ സംഭവത്തില്‍ അപലപിച്ചു.

Similar News