അലാനയുടെ ഏഴ് വിക്കറ്റ് പ്രകടനം; ജയമുറപ്പിച്ച് ബേത് മൂണിയും ജോര്‍ജിയ വോളും; ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസീസ് വനിതകള്‍; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഒന്നാമത്
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പ് പ്രാഥമിക ഘട്ടത്തില്‍ തോല്‍വി അറിയാതെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഓസ്ട്രേലിയ. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ്് തകര്‍ത്താണ് ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അപരാജിത കുതിപ്പ് തുടരുന്ന ഓസീസിന് ഏഴ് മത്സരങ്ങളില്‍ 13 പോയിന്റാണുള്ളത്.
ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 24 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ അലാന കിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. പിന്നീട് മറുപടി ബാറ്റിംഗില്‍ ഓസീസ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബേത് മൂണി (42), ജോര്‍ജിയ വോള്‍ (38) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
മൂണിക്ക് പുറമെ ഫോബെ ലിച്ച്ഫീല്‍ഡ് (5), എല്ലിസ് പെറി (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വോളിനൊപ്പം, അന്നാബെല്‍ സതര്‍ലാന്‍ഡ് (10) പുറത്താവാതെ നിന്നു. നേരത്തെ, 31 റണ്‍സ് നേടിയ ലോറ വോള്‍വാര്‍ട്ടാണ് ദക്ഷിണാഫ്രിക്കയ്ക്് വേണ്ടി ടോപ് സ്‌കോററായത്. സിനാലോ ജാഫ്ത (29), നദീന്‍ ഡി ക്ലാര്‍ക്ക് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഏഴ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അലാന ഏഴ് വിക്കറ്റ് വീഴ്ത്തിയത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമാണിത്.
2003ല്‍ പാകിസ്ഥാന്റെ സാജിദ ഷാ, ജപ്പാന്‍ വനിതകള്‍ക്കെതിരെ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എട്ട് റണ്‍സ് വിട്ടുകൊടുത്ത് ഏഴ് പേരെ പുറത്താക്കിയ ഇംഗ്ലണ്ടിന്റെ ജോ ചേംബര്‍ലൈന്‍ രണ്ടാം സ്ഥാനത്ത്. 1991ല്‍ ഡന്‍മാര്‍ക്കിനെതിരെ ആയിരുന്നു ഈ പ്രകടനം. 2011ല്‍ പാകിസ്ഥാനെതിരെ 14 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസിന്റെ അനീസ മുഹമ്മദ് മൂന്നാമത്. പിന്നില്‍ അലാന. 2019ല്‍ ഇംഗ്ലണ്ടിനെതിരെ 22 റണ്‍സ് വിട്ടുകൊടുത്ത ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം എല്ലിസ് പെറിയാണ് അഞ്ചാം സ്ഥാനത്ത്.
60 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഏഴാം ഓവറില്‍ ലോറ മടങ്ങി. പുറമെ ടസ്മിന്‍ ബ്രിട്സ് (6), സുനെ ലുസ് (6), അന്നേരി ഡെര്‍ക്സെന്‍ (5), മാരിസാനെ കാപ്പ് (0), ക്ലോ ട്രൈയോണ്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജാഫ്ത - നദീന്‍ സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു. ജാഫ്തയെ ബൗള്‍ഡാക്കി അലാന, വീണ്ടും ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
തുടര്‍ന്ന് വന്ന മസബാത ക്ലാസ് (4), അയബോംഗ ഖാക (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. നദീനെ, അലാന ബൗള്‍ഡാക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക കൂടാരം കയറി. നോണ്‍കുലുലേകോ മ്ലാബ (1) പുറത്താവാതെ നിന്നു. അലാനയ്ക്ക് പുറമെ മേഗന്‍ ഷട്ട്, കിം ഗാര്‍ത്, അഷ്ലി ഗാര്‍ഡ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
