അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ വീണ് ശ്രേയസ് അയ്യര്‍ക്ക് പരുക്ക്; മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനാവില്ല; നാലാം നമ്പറില്‍ പകരക്കാരനാര്? പ്രതീക്ഷയോടെ യുവതാരങ്ങള്‍

Update: 2025-10-26 08:09 GMT

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. റണ്ണിങ് ക്യാച്ച് എടുക്കാനായി ഓടുന്നതിനിടെ നെഞ്ചിടിച്ച് വീഴുകയായിരുന്നു. ക്യാച്ചെടുത്തെങ്കിലും താരം പരിക്കിന്റെ പിടിയിലായി. അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടയില്‍ വീണ് ഇടത്തേ വാരിയെല്ലിന് സമീപം കടുത്ത പേശീവലിവാണ് അനുഭവപ്പെട്ടത്. കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് വേണ്ടിവരികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നവംബര്‍ 30ന് ആരംഭിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര താരത്തിന് നഷ്ടമായേക്കും.

സിഡ്‌നിയില്‍ മല്‍സരത്തിനിടെ പരുക്കേറ്റ താരത്തെ ഉടനടി സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്കായി മാറ്റിയിരുന്നു. മടങ്ങിയെത്തുന്നതിന് പിന്നാലെ താരത്തെ വിശദ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഹെയര്‍ലൈന്‍ ഫ്രാക്ചര്‍ ആണോ അതോ കാര്യമായി വിശ്രമം വേണ്ടതാണോയെന്ന് പിന്നീടേ അറിയാന്‍ കഴിയൂവെന്നും ബിസിസിഐ വക്താവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ശ്രേയസിന് നഷ്ടമാകുമോ എന്ന് ഇപ്പോള്‍ തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും മൂന്നാഴ്ചത്തെ വിശ്രമം മതിയെങ്കില്‍ താരം സുഖം പ്രാപിക്കാനും ടീമിനൊപ്പം ചേരാനുമുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡ്‌നിയില്‍ നടന്ന മല്‍സരത്തിനിടെ ശ്രേയസിന് പരുക്കേറ്റെന്നും ആശുപത്രിയിലേക്ക് വിശദ പരിശോധനകള്‍ക്കായി മാറ്റിയെന്നും ബിസിസിഐ വിശദീകരിച്ചു. മല്‍സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

മുപ്പതുകാരനായ ശ്രേയസ് അയ്യര്‍ നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് ഉള്ളത്. പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് ആറുമാസമായി താരം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ട്വന്റി 20 ടീമിലും ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഏകദിനത്തില്‍ 3000 റണ്‍സെന്ന നേട്ടത്തില്‍ നിന്ന് കേവലം 83 റണ്‍സ് മാത്രം അകലെയാണ് താരം. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തില്‍ 61 റണ്‍സ് താരം നേടിയിരുന്നു.

രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര നവംബര്‍ 14നാണ് ആരംഭിക്കുന്നത്. ഇന്ത്യ ആതിഥേയരാവുന്ന പരമ്പര ടീമിന് അഭിമാന പ്രശ്‌നമാണ്. ട്വന്റി 20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെയാണ് ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പര എത്തുന്നത്. ഏകദിന പരമ്പരയും വളരെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രതീക്ഷയില്‍ യുവതാരങ്ങള്‍

ശ്രേയസിന് പരിക്കേറ്റാല്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ പകരക്കാരനായി ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. നാലാം നമ്പറിലാണ് ശ്രേയസ് കളിക്കുന്നത്. ശ്രേയസിന് പരിക്കേറ്റാല്‍ പകരം നാലാം നമ്പറില്‍ കളിക്കാന്‍ ചില താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണ്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്. 56ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ റെക്കോഡും സഞ്ജുവിന് അവകാശപ്പെടാന്‍ സാധിക്കും. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് സഞ്ജു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് മുന്‍നിരയില്‍ ഉള്ളതിനാല്‍ സഞ്ജുവിനെ ഏകദിന ലോകകപ്പ് പദ്ധതിയുടെ ഭാഗമായി പരിശീലകന്‍ ഗൗതം ഗംഭീര്‍ കാണുന്നില്ലെന്നതാണ് വസ്തുത.

രണ്ടാമത്തെ താരം തിലക് വര്‍മയാണ്. ഇന്ത്യയുടെ യുവ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ മാത്രമാണ് അദ്ദേഹത്തിന് സ്ഥിരം സീറ്റ് അവകാശപ്പെടാന്‍ സാധിക്കുന്നത്. ശ്രേയസില്ലെങ്കില്‍ നാലാം നമ്പറിലേക്ക് ഇന്ത്യക്ക് തിലകിനെ പരിഗണിക്കാവുന്നതാണ്. ഇന്ത്യയുടെ ഏകദിന ടീമില്‍ വലം കൈയന്‍മാരാണ് കൂടുതല്‍. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണിങ്ങും വിരാട് കോഹ്ലി മൂന്നാം നമ്പറിലും കളിക്കും.

നാലാം നമ്പറില്‍ ഇടം കൈയനായ തിലക് വര്‍മയെ കൊണ്ടുവന്നാല്‍ ടീമിനത് സംതുലിതാവസ്ഥ നല്‍കും. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം തിളങ്ങാന്‍ ശേഷിയുള്ള തിലക് വര്‍മയെ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ വളര്‍ത്തേണ്ടതാണ്. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തിലക് വര്‍മക്ക് സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം നാലാം നമ്പറിലുണ്ടെന്ന് പറയാം.

Similar News