'രോ കോ ഈസ് ബാക്ക്'! ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം കണ്ട് കണ്ണീരണിഞ്ഞ് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍; വൈകാരിക പ്രതികരണം ഇന്ത്യ ഒന്‍പത് വിക്കറ്റ് ജയം ആഘോഷിക്കവെ

Update: 2025-10-27 11:07 GMT

സിഡ്‌നി: വീണുപോയെന്നു തോന്നിച്ചപ്പോഴെല്ലാം വിജയതൃഷ്ണയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ശീലം ഇത്തവണയും രോഹിത് ശര്‍മയും വിരാട് കോലിയും തെറ്റിച്ചില്ല. കരിയറിനു മുകളില്‍ മൂടിക്കെട്ടിയ അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങളെ സെഞ്ചറിയുടെ മികവില്‍ രോഹിത്തും (121 നോട്ടൗട്ട്) അര്‍ധ സെഞ്ചറിക്കരുത്തില്‍ കോലിയും (74 നോട്ടൗട്ട്) തുടച്ചുനീക്കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യമായി ഇന്ത്യ വിജയവെളിച്ചം കണ്ടു. 168 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇരുവരും നിറഞ്ഞാടിയ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഒന്‍പത് വിക്കറ്റിന്റെ ആധികരിക വിജയമാണ് നേടിയത്.

രോഹിതിന്റെയും കോലിയുടെയും തിരിച്ചുവരവ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യുന്നതിനിടെ ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററുടെ ദൃശ്യമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ഓസ്‌ട്രേലിയന്‍ മണ്ണിലെ അവസാന മത്സരത്തിലെ പ്രകടനം കണ്ട് കണ്ണീരടക്കാനാകാതെ ശബ്ദം ഇടറുകയാണ് ആ കമന്റേറ്ററുടെ. മത്സരം ഓസ്‌ട്രേലിയയില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ കമന്റേറ്റര്‍മാരില്‍ ഒരാളാണ് രോഹിത്തിന്റെയും കോലിയുടേയും ബാറ്റിങ് കണ്ട് കരയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മത്സരം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണു പുറത്തുവന്നത്. ഇന്ത്യ ഒന്‍പതു വിക്കറ്റ് വിജയമാഘോഷിക്കുന്നതിനിടെയായിരുന്നു സെന്‍ ക്രിക്കറ്റിന്റെ കമന്റേറ്റര്‍ വൈകാരികമായി പ്രതികരിച്ചത്. പരമ്പര 2 -1ന് ഓസ്‌ട്രേലിയ വിജയിച്ചപ്പോഴും, സീനിയര്‍ താരങ്ങള്‍ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.

ഓസ്‌ട്രേലിയയില്‍ കരിയറിലെ അവസാന മത്സരമായിരിക്കും ഇതെന്ന് രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. സിഡ്‌നിയിലെ ആരാധകര്‍ക്ക് രോഹിത്തും കോലിയും നന്ദിയും പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സീനിയര്‍ താരങ്ങള്‍ രണ്ടു പേരും കളിച്ചേക്കും. അടുത്ത മാസം അവസാനമാണ് മത്സരങ്ങള്‍. 2027ലെ ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം തുടരാന്‍ കോലിക്കും രോഹിതിനും താല്‍പര്യമുണ്ടെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar News